Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമുഖഛായ മാറിയേനെ‍;...

മുഖഛായ മാറിയേനെ‍; പക്ഷേ എങ്ങുമെത്തിയില്ല

text_fields
bookmark_border
തൃശൂർ: വികസന പാതയിൽ നിരവധി പദ്ധതികളുണ്ട് ജില്ലക്ക്. കാലത്തിന് മുമ്പേ നടക്കാനുള്ള വെമ്പലുമുണ്ട്. ഓരോ സർക്കാറും പ്രഖ്യാപിക്കുന്ന നൂറുകണക്കിന് പദ്ധതികൾ. ചിലത് തുടങ്ങിവെക്കാനായെങ്കിൽ അധികവും തുടങ്ങാത്തവയാണ്. പ്രഖ്യാപനം തന്നെ മറന്നവയുമുണ്ട്. കുടിവെള്ളം, മാലിന്യം, നഗര ഗതാഗതം എന്നീ രംഗങ്ങളിൽ രണ്ട് പതിറ്റാണ്ടിലെ പ്രഖ്യാപനങ്ങളുണ്ട് മുന്നിൽ. ലാലൂരി‍​െൻറ മാലിന്യ ഭാരം കുറക്കാൻ കൊണ്ടുവന്ന ലാംപ്്സ് പദ്ധതി അട്ടിമറിച്ചതിൽനിന്ന് തുടങ്ങിയാൽ തന്നെ നിരവധിയുണ്ട്. അതിവേഗം വളരുന്ന തൃശൂരി​െൻറ മുഖഛായ തന്നെ മാറ്റാൻ ഉതകുന്ന പദ്ധതികളാണ് ഇവയില്‍ പലതും. ഏറ്റവും പ്രധാനപ്പെട്ടത് ദിവാന്‍ജി റെയില്‍വേ മേല്‍പാലമാണ്. പദ്ധതിക്കായി 6.33 കോടി 2015ൽ റെയില്‍വേയില്‍ കെട്ടിവെച്ചിട്ടും നിർമാണം ഇഴയുകയാണ്. ഏറ നാളായി അനക്കമറ്റ് കിടന്ന പദ്ധതി പുനരാരംഭിക്കാൻ രണ്ടാഴ്ച മുമ്പ് റെയില്‍വേ അനുമതി നൽകിയെങ്കിലും മഴ വില്ലനായി. പണി നടക്കുേമ്പാൾ ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തേണ്ടതിനാൽ പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. പാലത്തിന് കുറുകെ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്ന പണിയാണ് പൂര്‍ത്തിയാക്കേണ്ടത്. അത് പൂര്‍ത്തിയായാലും അപ്രോച്ച് റോഡ് നിർമിക്കേണ്ടത് കോർപറേഷനാണ്. റോഡിനായി സ്ഥലം ഏറ്റെടുക്കുന്ന നടപടിയിലേക്ക് കടന്നിട്ടില്ല. എം.ഒ. റോഡ്, പട്ടാളം റോഡ് കുപ്പിക്കഴുത്ത് ഒഴിവാക്കുന്നതാണ് ചുവപ്പു നാടയില്‍ കുരുങ്ങിയ മറ്റൊരു പദ്ധതി. കോർപറേഷനും തപാല്‍ വകുപ്പുമായി ധാരണാപത്രം ഒപ്പുവെക്കുകയും പകരം കെട്ടിടം പണിതു നല്‍കാമെന്ന് തീരുമാനിക്കുകയും ചെയ്ത പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെയും ധനകാര്യ വിഭാഗത്തി​െൻറയും അനുമതി ലഭിച്ചതാണ്. നടപടികൾക്കായി തൃശൂർ പോസ്റ്റ്മാസ്റ്റർ ജനറലിന് അ‍യച്ച ഫയലിൽ സംശയമുണ്ടെന്ന കണ്ടെത്തലോെട കാര്യങ്ങൾ തൽക്കാലം നിലച്ചു. തൃശൂര്‍ പൂരം വെടിക്കെട്ട് സുരക്ഷിതമാക്കാൻ ഒരു കോടി െചലവിട്ട് തേക്കിൻകാട് മൈതാനിയിൽ ഫയര്‍ ഹൈഡ്രൻറ് സ്ഥാപിച്ചിട്ടുണ്ട്. മഴവെള്ള ശേഖരണ സംഭരണി സജ്ജമാക്കി സ്ഥിരം സംവിധാനമാക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇക്കാര്യം മറന്ന മട്ടാണ്. ജലവിതരണത്തിനോ മറ്റേതെങ്കിലും ആവശ്യത്തിനോ ഉപയോഗപ്പെടുത്താൻ പദ്ധതിയായിട്ടില്ല. രണ്ട് അന്ധ ക്രിക്കറ്റർമാരുടെ ജീവനെടുത്ത തൃശൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് നവീകരിക്കുമെന്ന് 2015ൽ സ്ഥലം സന്ദർശിച്ച അന്നത്തെ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും ഇടത് സർക്കാർ ചുമതലയേറ്റ ശേഷം എ.കെ. ശശീന്ദ്രനും പ്രഖ്യാപിച്ചിരുന്നു. നവീകരണ പദ്ധതികളുടെ പ്രാരംഭ ഘട്ടത്തിലേക്ക് മന്ത്രി വി.എസ്. സുനിൽകുമാർ രണ്ട് കോടി രൂപ അനുവദിെച്ചങ്കിലും പ്രവൃത്തിക്ക് എന്ത് സംഭവിച്ചുവെന്ന് ആർക്കും പറഞ്ഞു തരാനാവുന്നില്ല. 2015ൽ ശക്തൻ നഗറിലെ കണ്ണായ സ്ഥലത്ത് ഒരു കോടി െചലവിട്ട് നിർമിച്ച വഴിയോര വ്യാപാരി പുനരധിവാസ കേന്ദ്രത്തിൽ ഇപ്പോഴും പ്രവൃത്തികൾ 'പുരോഗമിക്കുകയാണ്'. യു.ഡി.എഫ് സർക്കാറി​െൻറ അവസാന കാലത്ത് ഓടിച്ചിട്ട് ഉദ്ഘാടനം ചെയ്തവയാണ് ചെമ്പുക്കാവിെല കാർഷിക സമുച്ചയവും പുഴക്കലിലെ വ്യവസായ പാർക്കും. മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഇടപെട്ട് കാര്‍ഷിക സമുച്ചയം ഉടന്‍ പ്രവര്‍ത്തിപ്പിക്കാൻ ആവശ്യപ്പെെട്ടങ്കിലും കാര്യം നടന്നിട്ടില്ല. സമുച്ചയം ഉപയോഗിക്കാതെ കിടക്കുമ്പോഴാണ് കൃഷി വകുപ്പി​െൻറ വിവിധ ഒാഫിസുകൾ പുറത്ത് വൻ തുകക്ക് വാടകക്കെടുത്ത കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നത്. അയ്യന്തോളിൽ സ്വകാര്യ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സീഡ് അതോറിറ്റി ഓഫിസാണ് ഇതിലൊന്ന്. നിർമാണം പൂര്‍ത്തിയായിട്ടും അടിസ്ഥാന സൗകര്യം സജ്ജമാക്കാത്തതിനാൽ അയ്യന്തോളിലെ കോടതി സമുച്ചയം നോക്കുകുത്തിയാവുേമ്പാൾ കലക്ടറേറ്റ് സമുച്ചയത്തിലെ കുടുസ്സുമുറിയിൽ വിവിധ വകുപ്പ് ഓഫിസുകൾ വീർപ്പുമുട്ടുകയാണ്. പല ഓഫിസുകളും പ്രവർത്തിക്കുന്നത് വരാന്തയിലാണ്. വീർപ്പുമുട്ടുന്ന നഗരത്തെ വികസിപ്പിക്കാൻ പദ്ധതിയൊരുക്കിയ പുഴക്കലിലെ മൊബിലിറ്റി ഹബ്ബിന് തുക അനുവദിക്കുകയും പ്രവർത്തിക്കാൻ സമിതിയുണ്ടാക്കുകയും ആവശ്യമായ സ്ഥലം വ്യവസായ വകുപ്പ് വിട്ടു കൊടുക്കുകയും ചെയ്തിട്ടും അനക്കമില്ല.
Show Full Article
TAGS:LOCAL NEWS 
Next Story