Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലക്ഷങ്ങള്‍...

ലക്ഷങ്ങള്‍ ചെലവഴിച്ചിട്ടും കിട്ടുന്നത് ചളിവെള്ളം; നാട്ടുകാർക്ക് ഉപകാരപ്പെടാതെ കാരപ്പാടം കുടിവെള്ള പദ്ധതി

text_fields
bookmark_border
ചാലക്കുടി: ലക്ഷങ്ങള്‍ ചെലവഴിച്ചിട്ടും കോടശ്ശേരി പഞ്ചായത്തിലെ കാരപ്പാടം- കുറ്റിച്ചിറ കുടിവെള്ള പദ്ധതിയില്‍നിന്ന് നാട്ടുകാര്‍ക്ക് കിട്ടുന്നത് ചളിവെള്ളം. പദ്ധതിക്കായി വെള്ളമെടുക്കുന്ന ഏരേരിക്കുളത്തിൽ പായലും അഴുക്കും നിറഞ്ഞതും വെള്ളം ശുദ്ധീകരിക്കാത്തതും മൂലം വെള്ളം ഉപയോഗിക്കാൻ കഴിയുന്നില്ലെന്ന് ഗുണഭോക്താക്കൾ പരാതിപ്പെട്ടു. 400ഓളം കുടുംബങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കളായുള്ളത്. വെള്ളം പമ്പ് ചെയ്യുന്ന ഏരേരിക്കുളം കാലങ്ങളായി വൃത്തിയാക്കാതെ ചീഞ്ഞളിഞ്ഞുകിടക്കുകയാണ്. കലങ്ങിയ ചളിവെള്ളം നിറഞ്ഞ കുളത്തില്‍നിന്ന് പദ്ധതിയുടെ പമ്പിങ് കിണറിലേക്കെടുക്കുന്ന വെള്ളം ശുദ്ധീകരിക്കാന്‍ ഫലപ്രദമായ സംവിധാനം ഏര്‍പ്പെടുത്താത്തതാണ് ദുരിതമായിരിക്കുന്നത്. കുളത്തില്‍നിന്ന് വെള്ളം അരിച്ചെടുക്കാതെ മൂന്നു വലിയ ദ്വാരങ്ങളുണ്ടാക്കി കിണറുകളിലേക്ക് തുറന്നുവിടുകയാണ്. ഗുണഭോക്താക്കളായ കോടശേരി പഞ്ചായത്തിലെ മൂന്നു വാര്‍ഡുകളിലെ കുടുംബങ്ങൾക്ക് ശുദ്ധജല പദ്ധതികൊണ്ട് ഒരു ഗുണവുമില്ലാത്ത അവസ്ഥയാണ്. വെള്ളത്തിന് കടുത്ത ക്ഷാമം അനുഭവപ്പെടുന്ന കോടശേരിയിലെ 10, 12, 13 വാര്‍ഡുകളിലെ കാരപ്പാടം, പുളിങ്കര, കുറ്റിച്ചിറ മേഖലക്കു വേണ്ടിയാണ് പദ്ധതി ആവിഷ്‌കരിച്ചത്. ആസൂത്രണം ഇല്ലാത്തതിനാല്‍ തുടക്കത്തിലേ പണം ധൂര്‍ത്തടിച്ച പദ്ധതികൂടിയാണിത്. ലക്ഷങ്ങള്‍ ചെലവഴിച്ചാണ് രണ്ട് മോട്ടോര്‍പുരകള്‍ നിര്‍മിച്ചത്. ഏരേരിക്കുളത്തിന് സമീപത്ത് പുതിയ കുളവും നിർമിച്ചു. എന്നിട്ടും നാട്ടുകാര്‍ക്ക് നല്ല കുടിവെള്ളം ലഭിച്ചില്ല. സാവിത്രി ലക്ഷ്മണന്‍ എം.എൽ.എയായിരുന്ന കാലത്താണ് പദ്ധതിക്ക് തുടക്കമിട്ടത്. രണ്ട് ഏക്കറോളം വിസ്തൃതിയുള്ള ഏരേരിക്കുളത്തില്‍ 40 എച്ച്.പി.യുടെ രണ്ട് മോേട്ടാറുകള്‍ സ്ഥാപിച്ച് അരക്കിലോമീറ്റര്‍ അകലേക്ക് വെള്ളം എത്തിക്കും. അവിടെനിന്ന് മറ്റൊരു മോട്ടോര്‍ വഴി കുന്നിന്‍മുകളിലെ ടാങ്കിലേക്ക് എത്തിച്ചാണ് വിതരണം. ഇതിനിടെ, തുക അടച്ചില്ലെന്ന കാരണത്താൽ വൈദ്യുതി വിച്ഛേദിച്ചു. എന്നാല്‍, മോേട്ടാറുകള്‍ സുരക്ഷിതമായി ഇരിക്കുമ്പോഴും മോട്ടോര്‍പുര നിർമിച്ചും മോേട്ടാർ വാങ്ങിയും അഞ്ചു ലക്ഷം ചെലവഴിച്ച് പുതിയ പമ്പിങ് സ്റ്റേഷന്‍ സ്ഥാപിച്ചു. കൂടാതെ മറ്റൊരു കുളവും നിര്‍മിച്ചു. ഈ കുളം മറ്റൊരു വ്യക്തി സ്വന്തമാക്കിയിരിക്കുകയാണ്. പഴയ ഏരേരിക്കുളത്തില്‍നിന്നാണ് കാരപ്പാടം -കുറ്റിച്ചിറ കുടിവെള്ള പദ്ധതിയിലേക്ക് ഇപ്പോഴും പമ്പിങ് നടക്കുന്നത്. പദ്ധതിക്കുവേണ്ടി ചെലവിട്ട പണം പാഴായ അവസ്ഥയിലാണ്. പദ്ധതിയുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഉടൻ വെള്ളം ഉപയോഗിക്കാന്‍ നടപടിയുണ്ടാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story