Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആയിരങ്ങൾ ആദ്യക്ഷരം...

ആയിരങ്ങൾ ആദ്യക്ഷരം കുറിച്ചു; തിരക്കിലമർന്ന് ക്ഷേത്രങ്ങൾ

text_fields
bookmark_border
അന്ധ വിദ്യാർഥികൾക്ക് ഡിജിറ്റൽ വിദ്യാരംഭം കുറിച്ച് ശ്രീകൃഷ്ണ കോളജ് നാലപ്പാട്ടെ നീർമാതള ഭൂമിയിൽ വാതിൽപടിയിലിരുത്തി എഴുത്തിനിരുത്ത് തൃശൂർ: വിജയദശമി നാളിൽ ക്ഷേത്രങ്ങളടക്കമുള്ള എഴുത്തിനിരുത്തൽ കേന്ദ്രങ്ങളിൽ ആയിരങ്ങൾ ആദ്യക്ഷരമെഴുതി വിദ്യാരംഭം കുറിച്ചു. ക്ഷേത്രങ്ങളിലെല്ലാം കനത്ത തിരക്കായിരുന്നു. ഗുരുവായൂർ ശ്രീകൃഷ്ണ കോളജിൽ അന്ധ വിദ്യാർഥികൾക്ക് കമ്പ്യൂട്ടർ പരിജ്ഞാനത്തിനുള്ള ഡിജിറ്റൽ വിദ്യാരംഭവുമൊരുക്കിയിരുന്നു. പുന്നയൂർക്കുളത്തെ കമല സുറയ്യ സ്മാരകത്തി​െൻറ വാതിൽ തുറക്കാത്തതിനാൽ വാതിൽപടിയിലിരുത്തിയായിരുന്നു എഴുത്തിനിരുത്തൽ. ജില്ലയിലെ പ്രധാന എഴുത്തിനിരുത്തൽ കേന്ദ്രമായ തിരുവുള്ളക്കാവ് ധർമശാസ്ത ക്ഷേത്രത്തിൽ എണ്ണൂറോളം കുട്ടികളാണ് ആദ്യക്ഷരം കുറിച്ചത്. പുലർച്ചെ നാലരയോടെ തുടങ്ങിയ എഴുത്തിനിരുത്തൽ ഉച്ചവരെ നീണ്ടു. പുലര്‍ച്ചെ ക്ഷേത്രനട തുറന്നതുമുതല്‍ കുരുന്നുകളെയും രക്ഷിതാക്കളെയും ഭക്തരെയും കൊണ്ട് ക്ഷേത്രപരിസരം നിറഞ്ഞു. വിദ്യക്ക് പ്രാധാന്യമുള്ള കേരളത്തിലെ ഏക ശാസ്ത ക്ഷേത്രമെന്ന ഖ്യാതിയുള്ളതിനാല്‍ തിരുവുള്ളക്കാവ് ക്ഷേത്രത്തിലെ വിദ്യാരംഭത്തിന് മറ്റു ജില്ലകളില്‍നിന്നും നിരവധി കുരുന്നുകളാണ് എത്തിയത്. കീഴ്‌വഴക്കമനുസരിച്ച് പാരമ്പര്യാവകാശികളായ തിരുവുള്ളക്കാവ് വാര്യത്തെ ആചാര്യന്മാരാണ് ആദ്യക്ഷരം പകര്‍ന്നുനല്‍കിയത്. കുരുന്നു നാവുകളില്‍ സ്വര്‍ണമോതിരത്താല്‍ ഹരിശ്രീ ഗണപതായേ നമഃ എന്ന അക്ഷരമന്ത്രം എഴുതി. ആചാര്യന്‍മാര്‍ പിന്നീട് കുരുന്നു വിരലുകളാല്‍ ഉരുളിയിലെ അരിയിലും വിദ്യാരംഭം കുറിച്ചു. തിരക്ക് കാരണം ഏറനേരം വരിനിന്ന ശേഷമാണ് പലർക്കും എഴുതാനായത്. ഗുരുവായൂർ ക്ഷേത്രത്തിൽ നൂറുകണക്കിന് കുരുന്നുകള്‍ ആദ്യക്ഷര മധുരം നുകര്‍ന്നു. ശീവേലിക്കും സരസ്വതി പൂജക്കും ശേഷമായിരുന്നു എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍. ക്ഷേത്രത്തിലെ 13 കീഴ്ശാന്തി ഇല്ലങ്ങളില്‍നിന്നുള്ള കാരണവന്‍മാരാണ് ചടങ്ങ് നിർവഹിച്ചത്. കുരുന്നുകളുടെ നാവില്‍ ആദ്യം സ്വർണംകൊണ്ട് ഹരിശ്രീ കുറിച്ച ശേഷം തളികയിലെ അരിയില്‍ ആദ്യക്ഷരം കുറിപ്പിച്ചു. വടക്കാഞ്ചേരി ഉൗത്രാളിക്കാവില്‍ ആദ്യക്ഷരം കുറിക്കാന്‍ നൂറ് കണക്കിന് കുരുന്നുകള്‍ എത്തി. ഡോ. നീലകണ്ഠന്‍, പ്രകാശന്‍ എന്നിവരാണ് എഴുത്തിനിരുത്തിയത്. ചേലക്കര മാരിയമ്മന്‍ കോവിലില്‍ ചടങ്ങുകള്‍ക്ക് ശബരിമല മുന്‍ മേല്‍ശാന്തി ഏഴിക്കോട് മന കൃഷ്ണദാസ് നമ്പൂതിരി കാര്‍മികത്വം വഹിച്ചു. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കൊട്ടിലായ്ക്കല്‍ പറമ്പിലെ പ്രത്യേകം തയാറാക്കിയ സരസ്വതി മണ്ഡപത്തില്‍ പ്രഫ. ലക്ഷ്മണന്‍ നായര്‍ കുരുന്നുകള്‍ക്ക് ആദ്യക്ഷരം കുറിച്ചു. ഉണ്ണായി വാര്യര്‍ കലാനിലയത്തില്‍ കഥകളിയിലെ വിവിധ ഭാഗങ്ങളായ വേഷം, പാട്ട്, സംഗീതം, ചെണ്ട, മദ്ദളം, ചുട്ടി തുടങ്ങിയ ഇനങ്ങളിൽ വിദ്യാരംഭത്തിനും നിരവധി കുട്ടികളെത്തി. തൃക്കൂര്‍ മതിക്കുന്ന് ഭഗവതി ക്ഷേത്രത്തില്‍ ഡോ. കെ. അരവിന്ദാക്ഷൻ, ശങ്കരനാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. തൃശൂർ പാറമേക്കാവ്, തിരുവമ്പാടി, വടക്കുന്നാഥൻ ക്ഷേത്രങ്ങളിലും വിദ്യാരംഭത്തിന് നിരവധി കുട്ടികളെത്തി. അന്ധ വിദ്യാർഥികൾക്ക് കമ്പ്യൂട്ടർ പരിജ്ഞാനമൊരുക്കുന്ന ഡിജിറ്റൽ വിദ്യാരംഭം ശ്രീകൃഷ്ണ കോളജിലെ അധ്യാപകരുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. പുന്നയൂർകുളത്തെ നാലപ്പാട്ടെ മാധവിക്കുട്ടി സ്മാരകത്തിൽ കഴിഞ്ഞ വർഷം വരെയും എഴുത്തിനിരുത്തൽ ചടങ്ങ് നടന്നിരുന്നെങ്കിലും ഇത്തവണ സാഹിത്യ അക്കാദമി അനുമതി നൽകിയില്ലെന്ന് പറയുന്നു. ഇതേത്തുടർന്നാണ് ഗേറ്റിന് മുന്നിൽവെച്ച് എഴുത്തിനിരുത്തൽ നടത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story