Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോട്ടപ്പുറം പാലം 25...

കോട്ടപ്പുറം പാലം 25 മീറ്ററിൽ മതിയെന്ന്

text_fields
bookmark_border
തൃശൂര്‍: എം.ജി റോഡില്‍ കോട്ടപ്പുറം മേൽപാലം 30 മീറ്ററിൽ നിർമിക്കാമെന്ന റെയിൽവേയുടെ നിർദേശം കോർപറേഷൻ തള്ളി. 25 മീറ്റര്‍ വീതിയില്‍ മതിയെന്ന് കഴിഞ്ഞ ദിവസം പ്രദേശം സന്ദർശിച്ച റെയിൽവേ എൻജിനീയറിങ് വിഭാഗത്തെ കോർപറേഷൻ അറിയിച്ചു. കോർപറേഷൻ ശിപാർശയിൽ തത്വത്തിൽ ധാരണയായെങ്കിലും വിശദമായ റിപ്പോർട്ടിൽ എൻജിനീയറിങ് വിഭാഗങ്ങളുമായുള്ള ചർച്ചക്ക് ശേഷം തീരുമാനിക്കാമെന്നാണ് റെയിൽവേ, കോർപറേഷനെ അറിയിച്ചിരിക്കുന്നത്. ഇതനുസരിച്ച് അടുത്തയാഴ്ച റെയിൽവേ എക്സി.എൻജിനീയറും, കോർപറേഷൻ എക്സി.എൻജിനീയറും തമ്മിലുള്ള ചർച്ച നടക്കും. പാലം പൊളിച്ചു നീക്കി, നാല് വരി ട്രാക്ക് കണക്കാക്കി 30 മീറ്റർ പാലമാണ് റെയില്‍വേയുടെ നിർദേശം. എന്നാൽ നാലുവരി ട്രാക്ക് എന്ന് സജ്ജമാകുമെന്നതിനെക്കുറിച്ച് റെയിൽവേക്ക് ഇപ്പോഴും വ്യക്തതയില്ല. മാത്രവുമല്ല, 30 മീറ്റർ വീതിയിൽ പാലം സജ്ജമാക്കണമെങ്കിൽ അതനുസരിച്ച് റോഡും വികസിപ്പിക്കണം. ഇതിനായി സമീപത്തെ ക്ഷേത്രമുൾപ്പെടെയുള്ളവ പൊളിച്ച് നീക്കണം. ഇത് പ്രായോഗികമല്ലെന്ന നിലപാടാണ് കോർപറേഷന്. ഈ സാഹചര്യത്തിലാണ് 25 മീറ്റർ നിർദേശം കോർപറേഷൻ മുന്നോട്ടുവെച്ചത്. പാലം പുനർ നിർമിക്കുന്നതിനായി 18 കോടിയാണ് റെയിൽവേ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുള്ളത്. ഇത് കോർപറേഷൻ കെട്ടിവെക്കുകയും വേണം. 2025ൽ മേൽപാല നിർമാണം റെയിൽവേയുടെ പദ്ധതിയിലുണ്ടെന്നിരിക്കെ വലിയ തുക കോർപറേഷൻ െചലവിടുന്നതെന്തിനെന്ന ചോദ്യവും ഉയർത്തുന്നുണ്ട്. സ്ഥലമേറ്റെടുപ്പിൽ വ്യാപാരികളിൽ നിന്നും വലിയ എതിർപ്പ് ഉയരുന്നുണ്ട്. ഇത് പരിഹരിക്കാൻ പാകത്തിൽ മേല്‍പാലം 25 മീറ്ററിലേക്കോ, 22 മീറ്ററിലേക്കോ ഒതുക്കുകയാണ് നല്ലതെന്ന വിലയിരുത്തലിലാണ് കോർപറേഷൻ. 25 മീറ്റർ പാലത്തിനുള്ള മാസ്റ്റർപ്ലാൻ കോർപറേഷൻ തയാറാക്കുകയും ചെയ്തിട്ടുണ്ട്. നിലവിലുള്ള പാലത്തിന് ഇരുഭാഗത്തും ഒന്നര മീറ്റര്‍ വീതിയില്‍ ഫുട്പാത്ത് ഉള്‍പ്പെടെ 10.5 മീറ്റര്‍ വീതിയാണ്. 21 മീറ്ററായി വീതികൂട്ടാന്‍ സ്കീം അനുസരിച്ച് തെക്ക്ഭാഗത്ത് ഒമ്പത് മീറ്ററും വടക്കുഭാഗത്ത് ഒന്നര മീറ്ററുമാണ് ആവശ്യം. വടക്കുഭാഗത്ത് ഒന്നര മീറ്റര്‍ വീതി നിലനിർത്തി തെക്കുഭാഗത്ത് 13 മീറ്റര്‍ സ്ഥലമെടുക്കാനാണ് കോര്‍പറേഷന്‍ ടൗണ്‍ പ്ലാനിങ് വിഭാഗം തയാറാക്കിയ നിർദേശം. വ്യവസായി സി.കെ. മേനോൻ പാലം നിർമാണത്തിന് ആവശ്യമായ തുക നൽകാമെന്ന് നേരത്തെ വാഗ്ദാനം നൽകിയിരുന്നു. 25 മീറ്ററില്‍ പാലം പണിതാല്‍ എം.ജി.റോഡ് വികസനവും 25 മീറ്ററിലാക്കേണ്ടി വരും. തിരക്കേറിയ എം.ജി റോഡ് വികസനം ഇപ്പോഴും എങ്ങുമെത്താതെ കിടക്കുകയാണ്. കുരുക്ക് കാരണം മണിക്കൂറുകളാണ് വാഹനങ്ങൾ വരിയായി കിടക്കേണ്ടി വരുന്നത്. ഡി.ടി.പി സ്കീം അനുസരിച്ച് 21 മീറ്റര്‍ വീതി കണക്കാക്കി കെട്ടിടനിര്‍മാണങ്ങള്‍ക്ക് അനുമതി നല്‍കിയശേഷം 25 മീറ്റര്‍ ആക്കുന്നത് അംഗീകരിക്കാനാവില്ലെന്ന എതിർപ്പിലാണ് ഇവിടെ വ്യാപാരികൾ.
Show Full Article
TAGS:LOCAL NEWS 
Next Story