Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോട്ടാറ്റ് പാടത്ത്...

കോട്ടാറ്റ് പാടത്ത് നീലക്കോഴികളുടെ വിളയാട്ടം; 250 ഏക്കറിലെ നെല്‍കൃഷി പ്രതിസന്ധിയിൽ

text_fields
bookmark_border
ചാലക്കുടി: പടിഞ്ഞാറെ ചാലക്കുടി കോട്ടാറ്റ് പാടത്ത് നീലക്കോഴികള്‍ വന്‍തോതില്‍ കൃഷി നശിപ്പിക്കുന്നു. 250 ഏക്കറിലെ നെല്‍കൃഷി പ്രതിസന്ധിയിൽ. കര്‍ഷകര്‍ ഞാർ നട്ടതിന് പിന്നാലെ കൂട്ടത്തോടെ എത്തിയ നീലക്കോഴികൾ ഇവ വെട്ടിവിഴുങ്ങുകയായിരുന്നു. ഒരു മാസം മുമ്പാണ് ഇവിടെ ഞാറ് നട്ടത്. ഇവയുടെ ആക്രമണം മൂലം പാടങ്ങള്‍ പലതും ശൂന്യമായ അവസ്ഥയിലാണ്. ചില കര്‍ഷകര്‍ വീണ്ടും ഞാറ് നെട്ടങ്കിലും അതും നീലക്കോഴികൾ വെട്ടിനശിപ്പിക്കുകയായിരുന്നു. ഇതുമൂലം പാടശേഖരത്തിലെ 65 ഓളം കര്‍ഷകര്‍ നിസ്സഹായാവസ്ഥയിലാണ്. പലരും പാടത്ത് കാവല്‍ക്കാരെ നിര്‍ത്തിയിട്ടുണ്ടെങ്കിലും നീലക്കോഴികളെ തുരുത്താനാകുന്നില്ല. ആളുകളെ കണ്ടാലോ അവരുണ്ടാക്കുന്ന ശബ്ദം കേട്ടാലോ ഇവ പേടിച്ച് സ്ഥലം വിടാറില്ല. ആയിരത്തിലധികം നീലക്കോഴികള്‍ ഇവിടെയുണ്ടെന്നാണ് കർഷകർ പറയുന്നത്. ഓട്ടുകമ്പനികള്‍ മണ്ണെടുത്ത വലിയ ഗര്‍ത്തങ്ങള്‍ പാടത്തുണ്ട്. ഇവയിലെ പായലിലും പൊന്തക്കാട്ടിലുമാണ് ഇവ കൂട്ടത്തോടെ തമ്പടിക്കുന്നത്. അവിടെനിന്ന് ഓടിച്ചുവിട്ടാല്‍ പാടത്തെ മറ്റൊരു സ്ഥലത്ത് എത്തി കൃഷി നശിപ്പിക്കും. പകല്‍ ഓടിച്ചുവിട്ടാല്‍ രാത്രിയോടെ തിരികെയെത്തി നശീകരണം തുടരും. ഇവ വരുത്തുന്ന നാശത്തിന് കൃഷി വകുപ്പില്‍നിന്നോ വനംവകുപ്പില്‍നിന്നോ നഷ്ടപരിഹാരം ലഭിക്കുന്നില്ല. പടിഞ്ഞാറേ ചാലക്കുടി കോട്ടാറ്റ് പാടം പൊന്നുവിളയുന്ന കൃഷിയിടമാണ്. ഓട്ടുകമ്പനി ഉടമകള്‍ മണ്ണെടുത്ത ഈ പാടത്ത് കര്‍ഷകര്‍ കൃഷി പുനരുജ്ജീവിപ്പിച്ചിട്ട് അധിക കാലം ആയിട്ടില്ല. 10 ഏക്കറോളം നെല്‍കൃഷിയാണ് ഇവിടെ കഴിഞ്ഞവര്‍ഷം നശിച്ചത്. നീലക്കോഴികളുടെ ആക്രമണം മൂലം നെല്‍കൃഷി നശിക്കുന്ന കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കൃഷി വകുപ്പില്‍ നിലവില്‍ വ്യവസ്ഥയില്ല. ഇവയെ വെടിെവച്ച് കൊല്ലാന്‍ ശ്രമിച്ചാല്‍ വനം വകുപ്പ് ഇടപെടും. ഇവയെ കൊല്ലുന്നതിന് വന്യജീവി നിയമം എതിരാണ്. വന്യജീവി ആക്രമണ വിഭാഗത്തില്‍ പാടശേഖരത്തെ നീലക്കോഴി ശല്യം ഉള്‍പ്പെടുത്തി കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വനം വകുപ്പിന് നിര്‍ദേശം നല്‍കുമെന്ന് കൃഷിമന്ത്രി നിയമസഭയിൽ അറിയിച്ചിരുന്നു. എന്നാല്‍, ആര്‍ക്കും ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. പക്ഷിക്കൂട്ടങ്ങളുടെ ആക്രമണം തടയാൻ പാടത്ത് റിഫ്ലക്ടീവ് റിബണ്‍ വലിച്ചുകെട്ടാന്‍ നിര്‍ദേശം നല്‍കിയെങ്കിലും അതും നീലക്കോഴി ശല്യത്തിന് പ്രതിവിധിയല്ല. വയോധികയുടെ വീട് ജപ്തി ചെയ്യാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു അതിരപ്പിള്ളി: വയോധികയെയും കുടുംബത്തെയും ജപ്തി ചെയ്ത് തെരുവിലേക്ക് ഇറക്കി വിടാനുള്ള ശ്രമം നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു. വെറ്റിലപ്പാറ പാറേക്കാടന്‍ പരേതനായ അന്തോണിയുടെ ഭാര്യ കുഞ്ഞേല്യയെയും മകന്‍ പരേതനായ വര്‍ഗീസി​െൻറ ഭാര്യ ആനീസിനെയും ഇവരുടെ പ്രായപൂര്‍ത്തിയായ മകള്‍, വിദ്യാര്‍ഥികളായ രണ്ട് ആണ്‍കുട്ടികള്‍ എന്നിവരെയും ഒഴിപ്പിക്കാനുള്ള ശ്രമമാണ് താല്‍ക്കാലികമായി നിര്‍ത്തിയത്. പെണ്‍മക്കളുടെ വിവാഹത്തിനും കപ്പകൃഷി നടത്താനും വേണ്ടി വര്‍ഷങ്ങള്‍ക്ക് മുമ്പ് കുഞ്ഞേല്യയുടെ ഭര്‍ത്താവ് സ്വകാര്യ സ്ഥാപനത്തില്‍നിന്ന് വായ്പയെടുത്തതാണ് പിന്നീട് കടക്കെണിയായത്. തുടര്‍ന്ന് 2.21 ഏക്കര്‍ സ്ഥലം കൊരട്ടി സ്വദേശിയും ഇവരുടെ ബന്ധുവുമായ ഒരാള്‍ ലേലത്തില്‍ കൈപ്പറ്റുകയായിരുന്നു. അയാള്‍ക്ക് വേണ്ടിയാണ് കോടതി നിര്‍ദേശമനുസരിച്ച് അധികൃതര്‍ സ്ഥലത്തെത്തിയത്. ബുധനാഴ്ച രാവിലെ 11.30 ഓടെ കോടതി ആമീന്‍ ഇതിനായി അതിരപ്പിള്ളി സ്റ്റേഷനിലെ പൊലീസുമായി സ്ഥലത്തെത്തി വീട്ടുകാരോട് ഒഴിയാന്‍ ആവശ്യപ്പെടുകയായിരുന്നു. വീടുവിട്ട് തെരുവിലിറങ്ങിയാല്‍ മറ്റൊരു ആശ്രയവുമില്ലെന്ന് ഇവര്‍ അധികൃതരോട് പറഞ്ഞെങ്കിലും നിയമം നടപ്പാക്കാതിരിക്കാന്‍ കഴിയില്ലെന്നായിരുന്നു മറുപടി. ഇതോടെ വീട്ടുകാര്‍ കരച്ചിലും പ്രതിഷേധവും ബഹളവുമായി. തുടർന്ന് പ്രദേശവാസികളും ജനപ്രതിനിധികളും പ്രശ്‌നത്തില്‍ ഇടപെടുകയായിരുന്നു. വിവരമറിഞ്ഞ് കൂടുതല്‍ ആളുകള്‍ എത്തിയതോടെ സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങി. ഇതേ തുടര്‍ന്നുണ്ടായ ഒത്തുതീര്‍പ്പോടെയാണ് കുടിയൊഴിപ്പിക്കല്‍ നിര്‍ത്തിയത്. അതിരപ്പിള്ളിയില്‍ കെ.എസ്.ഇ.ബി സബ് സ്റ്റേഷന്‍ സ്ഥാപിക്കണം- -സി.പി.െഎ ചാലക്കുടി: അതിരപ്പിള്ളി പഞ്ചായത്തില്‍ കെ.എസ്.ഇ.ബി സബ് സ്റ്റേഷന്‍ സ്ഥാപിക്കണമെന്ന് സി.പി.െഎ അതിരപ്പിള്ളി ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം സംസ്ഥാന കണ്‍ട്രോള്‍ കമീഷന്‍ സെക്രട്ടറി എ.കെ. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റി അംഗം വി.എസ്. പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി പി.എം. വിജയന്‍, എ.ഐ.വൈ.എഫ് മണ്ഡലം ഭാരവാഹികളായ വി.എം. ടെന്‍സന്‍, പി.വി. വിവേക്, സി.സി. കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പി.എം. ധർമരത്നം പതാക ഉയര്‍ത്തി. ലോക്കല്‍ സെക്രട്ടറി കെ.കെ. ശ്യാമളന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.കെ. സന്തോഷ് സ്വാഗതവും പി.കെ. സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു. സെക്രട്ടറിയായി കെ.കെ. ശ്യാമളനെ തിരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story