Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകടലുകൾ താണ്ടി...

കടലുകൾ താണ്ടി അവരെത്തി; ഉടപ്പിറപ്പുകളെത്തേടി

text_fields
bookmark_border
ചാവക്കാട്: മുഖം ഒാർമയിലില്ലെങ്കിലും പിതാവ് എന്ന വികാരത്തോടുള്ള അഭിനിവേശം ജീവിത സായാഹ്നത്തിലേക്ക് പ്രവേശിച്ച ക്വാലാലംപുർ സ്വദേശി മുഹ്യിദ്ദീൻ (62), ആമിന (65) എന്നീ സഹോദരങ്ങളെ കടലുകൾക്കിക്കരെ ചാവക്കാേട്ടക്ക് വലിച്ച് കൊണ്ടുവന്നു. മലേഷ്യയിൽ പ്രവാസിയായിരുന്ന അണ്ടത്തോട് എഴീക്കോട്ടയിൽ പരേതനായ ഹസന് മലേഷ്യക്കാരിയായ ഭാര്യ സഹറയിലുണ്ടായ മക്കളാണ് ഇരുവരും. മുഹ്യിദ്ദീൻ ക്വാലാലംപുർ ഗവ. ഹെൽത്ത് കോളജിൽ ഡയറക്ടറായിരുന്നു. വിരമിച്ചശേഷം ലിങ്കൻ യൂനിവേഴ്സിറ്റിയിൽ പാർട് ടൈം അധ്യാപകനായും ജോലി ചെയ്തു. ആമിനയുടെ മക്കളായ യൂനസ്, യുസ്നസ് എന്നിവരും പിതാമഹ​െൻറ വേര് തേടി ഒപ്പമുണ്ട്. കുന്നംകുളം ചെറവല്ലൂർ സ്വദേശിയായ ഹസൻ എട്ടാം വയസ്സിലാണ് മലേഷ്യയിലെത്തിയത്. പഠനം പൂർത്തിയാക്കിയ ശേഷം മലേഷ്യൻ പൊലീസിൽ സി.ഐ.ഡിയായി ഹസന് ജോലി ലഭിച്ചു. തുടർന്നാണ് സഹറയെ വിവാഹം ചെയ്തത്. ഇൗ ബന്ധത്തിൽ ഹസന് അഞ്ച് മക്കളാണ്. രണ്ടുപേർ മരിച്ചു. ഒരാൾ, റഹ്മാൻ മലേഷ്യയിലുണ്ട്. മക്കളിൽ മൂത്തത് ആമിനയായിരുന്നു. അവർക്ക് പോലും ഉപ്പയുടെ മുഖം ഓർമയിൽ തെളിയാത്ത കാലത്ത് തന്നെ ഹസൻ ജോലിയും കുടുംബവും ഉപേക്ഷിച്ച് ചെറവല്ലൂരിലേക്ക് മടങ്ങിയിരുന്നു. നാട്ടിലെത്തിയ ഹസൻ അണ്ടത്തോട് സ്വദേശിനി ആമിനുമ്മയെ വിവാഹം ചെയ്തു. മലേഷ്യയിൽ ഭാര്യയും മക്കളുമുള്ള കാര്യം ഇവിടെ ആരും അറിഞ്ഞിരുന്നില്ല. വിവാഹ ശേഷം അണ്ടത്തോട് സ്ഥിരതാമസമാക്കി. 2004ൽ ഹസൻ മരിച്ചു. ആമിനുമ്മയിൽ മൂന്ന് പെൺമക്കളാണ്. ജമീല, സുബൈദ, ഹഫ്സ. അണ്ടത്തോെട്ട തറവാട്ടിൽ ഹഫ്സയും തൊട്ടടുത്ത് സുബൈദയും താമസിക്കുന്നു. ജമീല ചെറായിയിലാണ്. ഒരു തവണ മലേഷ്യയിലെത്തി പിതാവ് തങ്ങളെ കണ്ടത് ആമിനയും മുഹ്യിദ്ദീനും ഓർക്കുന്നുണ്ട്. ഉപ്പയെയും നാട്ടിലെ പെങ്ങമ്മാരെയും കാണണമെന്നത് ചെറുപ്പം മുതലേയുള്ള ഇവരുടെ ആഗ്രഹമായിരുന്നു. മേൽവിലാസം അറിയാത്തത് അന്വേഷണത്തിന് തടസ്സമായി. പല കാരണങ്ങളാൽ ഉപ്പ ജീവിച്ചിരുന്ന കാലത്ത് അതിന് കഴിഞ്ഞില്ല. ഉപ്പയുടെ മരണത്തോടെ അവരുമായി അകൽച്ചയുണ്ടായി. ഇതിനിടയിൽ വല്ല്യുപ്പയുടെ കാൽപ്പാട് തിരഞ്ഞ് മൂത്തമകൾ ആമിനയുടെ മകൻ യുസ്നസ് അണ്ടത്തോെട്ടത്തി. നീണ്ട അന്വേഷണത്തിെനാടുവിൽ ലക്ഷ്യത്തിലെത്തിയ യുസ്നസിനെ അണ്ടത്തോട്ടുകാർ ഇരുകൈയും നീട്ടി സ്വീകരിച്ചു. പിന്നീട് ഉപ്പയുടെ മക്കളെ കാണാൻ നാട്ടിലെ ഇളയ മകൾ ഹഫ്സ അബ്ദുറഹ്മാനും കുടുംബവും രണ്ടാമത്തെ മകൾ സുബൈദയുടെ മകൻ ഷാരിഫുമൊത്ത് മലേഷ്യയിലേക്കും പോയി. അറ്റുപോകുമെന്ന് ഭയന്ന ബന്ധത്തിന് പുതിയ ഇഴയടുപ്പമുണ്ടാക്കാൻ ഈ രണ്ട് സന്ദർശനത്തിനും കഴിഞ്ഞതായി മുഹ്യിദ്ദീൻ പറഞ്ഞു. ഉമ്മയുടെ ബന്ധുക്കളെ വിവാഹം ചെയ്തത് വഴിയുള്ള പാലക്കാടൻ ബന്ധങ്ങളും ഇവർ കാത്ത് സൂക്ഷിക്കുന്നുണ്ട്. മലേഷ്യയിൽനിന്ന് ആദ്യം പറളിയിലെത്തി ബന്ധുക്കളെ കണ്ട ശേഷമാണ് അണ്ടത്തോെട്ടത്തിയത്. മലേഷ്യയിൽനിന്ന് 'അമ്മാവനും മൂത്തുമ്മയും' മക്കളുമെത്തുന്ന വിവരമറിഞ്ഞ് കുടുംബത്തിലെ സഹോദരിമാരും അവരുടെ മക്കളും കൊച്ചുമക്കളും സ്വീകരിക്കാനെത്തിയിരുന്നു. മുമ്പ് മലേഷ്യയിൽ പോയി ഇവരെ കണ്ട ഹഫ്സയും ഭർത്താവ് അബ്ദുറഹ്മാനും ഇപ്പോൾ കുവൈത്തിലാണ്. മണിക്കൂറുകൾ മാത്രമാണ് മലേഷ്യൻ സംഘം ഇവിടെ തങ്ങിയത്. വന്നയുടൻ പ്രഭാതഭക്ഷണം കഴിച്ചു. പിന്നെ അണ്ടത്തോട് ജുമാഅത്ത് പള്ളി ഖബർ സ്ഥാനിലെ ഉപ്പയുടെ ഖബറിടം സന്ദർശിച്ചു. തൊട്ടടുത്ത് പെരിയമ്പലം കടപ്പുറം മനോഹരമാണെന്ന് കേട്ടപ്പോൾ അവിടേക്കും പോയി. കേരളവും കാലാവസ്ഥയും തങ്ങൾക്കിഷ്ടപ്പെട്ടതായി ആമിനയുടെ മക്കൾ യൂനസും യുസ്നസും പറഞ്ഞു. മൂന്നാറും പറ്റിയാൽ കായലും കടലും നിറഞ്ഞ ആലപ്പുഴയും കാണണമെന്ന് മുഹ്യിദ്ദീൻ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story