Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനദിയുടെ...

നദിയുടെ മുന്നണിപ്പോരാളി യാത്രയായി

text_fields
bookmark_border
ചാലക്കുടി: പരിസ്ഥിതി പ്രവര്‍ത്തകയായ ഡോ. എ. ലതയുടെ മരണത്തോടെ നഷ്ടമായത് ചാലക്കുടിപ്പുഴയുടെ ജീവന്‍ നിലനിര്‍ത്താന്‍ അവസാനശ്വാസം വരെ പൊരുതിയ മുന്നണിപ്പോരാളിയെ. നദികളുടെ നീരൊഴുക്ക് നിലനിര്‍ത്താന്‍ ഉയര്‍ന്ന ശബ്ദങ്ങളിലൊന്നാണ് ലതയുടേത്. എണ്‍പതുകള്‍ മുതല്‍ പുഴയെ സംരക്ഷിക്കാനുള്ള പ്രധാന പോരാട്ടങ്ങളില്‍ ഇവര്‍ പങ്കാളിയായി. അതിരപ്പിള്ളി പദ്ധതിയുടെ സാമൂഹിക, പാരിസ്ഥിതിക, സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ശാസ്ത്രീയ തെളിവുകളോടെ ജനങ്ങളുടെയും നീതിപീഠത്തി​െൻറയും മുന്നിലെത്തിക്കുന്നതില്‍ ലത സുപ്രധാന പങ്കുവഹിച്ചു. കാല്‍ നൂറ്റാണ്ട് മുമ്പ് ഗുരു ഡോ. സതീചന്ദ്രന്‍ നായരില്‍നിന്ന് പകര്‍ന്നുകിട്ടിയ, പ്രകൃതിയെയും പരിസ്ഥിതിയെയും കുറിച്ചുള്ള അവബോധമാണ് ലത എന്ന പരിസ്ഥിതി പ്രവര്‍ത്തകയെ സൃഷ്ടിച്ചത്. കാര്‍ഷിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടിയ ലത കുറച്ചുകാലം കൃഷി ഓഫിസറായി. എന്നാല്‍, പരിസ്ഥിതിയോടുള്ള പ്രതിബദ്ധത നിറവേറ്റാന്‍ പിന്നീട് ഉദ്യോഗം ഉപേക്ഷിച്ചു. അതിരപ്പിള്ളിയില്‍ അണ കെട്ടുന്നതിനെതിരെ ജനകീയ പ്രതിഷേധം ഉയര്‍ന്നുവന്ന നാളുകളായിരുന്നു അത്. ഡോ. ലത ചാലക്കുടിപ്പുഴയെ സംരക്ഷിക്കാനുള്ള പ്രക്ഷോഭത്തി​െൻറ ഭാഗമായതോടെ പ്രതിരോധ സമരത്തിന് ശാസ്ത്രീയ അടിത്തറയായി. ചാലക്കുടിപ്പുഴ സംരക്ഷണ സമിതിയിലും അതിരപ്പിള്ളി ആക്ഷന്‍ കൗണ്‍സിലിലും ഇവര്‍ നേതൃത്വം വഹിച്ചു. ചാലക്കുടിപ്പുഴയെ സംരക്ഷിക്കാനുള്ള ആവേശം വാഴച്ചാല്‍ വനമേഖലയിലെ ആദിവാസികളോടും അവിടത്തെ ജൈവവൈവിധ്യങ്ങളോടും ആത്മബന്ധമായി വളർന്നു. ചാലക്കുടിപ്പുഴ സംരക്ഷണത്തിനും പുനരുജ്ജീവനത്തിലും പ്രാധാന്യം നല്‍കാന്‍ ആരംഭിച്ച റിവര്‍ റിസര്‍ച്ച് സ​െൻറര്‍ കേരളത്തിലെ നദികളുടെ പ്രശ്‌നങ്ങളിലേക്കും പരിഹാര മാര്‍ഗങ്ങളിലേക്കും പ്രവര്‍ത്തനം കേന്ദ്രീകരിച്ചു. സര്‍ക്കാറി​െൻറ വിവിധ വകുപ്പുകളെയും ത്രിതല പഞ്ചായത്തുകളെയും ജനപ്രതിനിധികളെയും സഹകരിപ്പിച്ച് നദീസംരക്ഷണത്തിന് പുതിയ മുഖം നല്‍കാന്‍ ശ്രമിച്ചു. പാത്രക്കടവ്, മുല്ലപ്പെരിയാര്‍ വിഷയങ്ങളും പശ്ചിമഘട്ട സംരക്ഷണ പ്രവര്‍ത്തനവുമായും ബന്ധപ്പെട്ട് പല സര്‍ക്കാര്‍ കമ്മിറ്റികളിലും ഡോ. ലത അംഗമായി. ഫോറം ഫോര്‍ പോളിസി ഡയലോഗ് ഇന്‍ വാട്ടര്‍ കോണ്‍ഫ്ലിക്ട് ഇന്‍ ഇന്ത്യയുടെ ദേശീയ നിര്‍വാഹക സമിതി അംഗമായും ഇൻറര്‍നാഷനല്‍ റിവേഴ്‌സി​െൻറ തെക്കനേഷ്യന്‍ ഉപദേശകയായും പ്രവര്‍ത്തിച്ചു. വിവിധ വിദേശരാജ്യങ്ങളില്‍ നദീസംരക്ഷണത്തെ സംബന്ധിച്ച് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. 2014ല്‍ ഇന്ത്യയിലെ പ്രമുഖ പാരിസ്ഥിതിക സംഘടനകളുടെ കൂട്ടായ്മ 'ഭാഗീരഥ് പ്രയാസ് സമ്മാന്‍' നല്‍കി ആദരിച്ചിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story