Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗുരുവായൂർ കേശവന് ഇന്ന് ...

ഗുരുവായൂർ കേശവന് ഇന്ന് 40

text_fields
bookmark_border
ഗുരുവായൂര്‍: ആനയെ നായകനാക്കിയ ഏക മലയാള സിനിമയെന്ന് വിശേഷിപ്പിക്കാവുന്ന 'ഗുരുവായൂർ കേശവന്' 40 വയസ്സ്. ഭരതൻ സംവിധാനം ചെയ്ത ഈ സിനിമ 1977 നവംബർ 17നാണ് റിലീസ് ചെയ്തത്. ഗുരുവായൂർ കേശവൻ എന്ന പ്രസിദ്ധനായ ആനയുടെ ജീവിതം ഇതിവൃത്തമാക്കിയായിരുന്നു സിനിമ. 60 വർഷത്തിലധികം ഗുരുവായൂരപ്പ​െൻറ ആനയായി, ആനക്കഥകളിലെ രാജാവായി തിളങ്ങിയ ഗജരാജൻ കേശവൻ അന്നും ഇന്നും ആനപ്രേമികൾക്ക് പ്രിയങ്കരനാണ്. ഗുരുവായൂരി​െൻറ കഥാകാരൻ എന്നറിയപ്പെടുന്ന പുതൂർ ഉണ്ണികൃഷ്ണൻ കേശവനെ കുറിച്ചെഴുതിയ പുസ്തകത്തെ അധികരിച്ച് എൻ. ഗോവിന്ദൻകുട്ടിയാണ് തിരക്കഥ ഒരുക്കിയത്. എം.ഒ. ജോസഫായിരുന്നു നിർമാണം. നായരമ്പലം ശിവജി എന്ന ആനയാണ് കേശവനായി 'വേഷമിട്ടത്'. ദേവസ്വത്തിലെ ഗോപിനാഥൻ എന്ന കുട്ടിക്കൊമ്പൻ ബാല്യകാലം അവതരിപ്പിച്ചു. അന്നത്തെ മലയാള സിനിമയിലെ മുൻനിര താരങ്ങളെല്ലാം വേഷമിട്ടു. എം.ജി. സോമനും ജയഭാരതിയുമായിരുന്നു നായികാനായകന്മാർ. പി. ഭാസ്കരൻ രചിക്കുകയും ദേവരാജൻ ഈണമിടുകയും ചെയ്ത ഇതിലെ ഗാനങ്ങളെല്ലാം ഹിറ്റായിരുന്നു. പി. മാധുരി പാടിയ 'ഇന്നെനിക്കു പൊട്ടുകുത്താൻ...', 'മാരിമുകിലിൻ...', യേശുദാസ് പാടിയ 'നവകാഭിഷേകം കഴിഞ്ഞു...', 'ഉഷാകിരണങ്ങൾ പുൽകി പുൽകി...', യേശുദാസും പി. ലീലയും ചേർന്നുപാടിയ 'സുന്ദരസ്വപ്നമേ നീയെനിക്കേകിയ...' എന്നീ ഗാനങ്ങളെല്ലാം ഇന്നും മലയാളിയുടെ നാവിൻ തുമ്പത്തുണ്ട്. പി. ജയചന്ദ്രൻ, സി.ഒ. ആേൻറാ, ജോളി എബ്രഹാം എന്നിവർ ചേർന്നാലപിച്ച സംഘഗാനമായ 'ധീം ത തക്ക കൊടുമല ഗണപതി...' എന്ന ഗാനവും ഹിറ്റായി. സിനിമയുടെ ചിത്രീകരണം ഭൂരിഭാഗവും ആനത്താവളത്തിലായിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ ചില ഭാഗങ്ങൾ ചിത്രീകരിച്ചുവെന്ന അപൂർവതയും ഈ സിനിമക്കുണ്ട്. 1976ലെ ഏകാദശിയുടെ തലേന്ന് ഡിസംബർ രണ്ടിനായിരുന്നു കേശവ​െൻറ അന്ത്യം. തൊട്ടടുത്ത വർഷം കേശവ​െൻറ ജീവിതത്തെ ആസ്പദമാക്കി സിനിമ ഇറങ്ങി. കേശവൻ ചെരിഞ്ഞ സ്ഥലത്ത് ദേവസ്വം ആനയുടെ പൂർണകായ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. എല്ലാവർഷവും ഏകാദശിയുടെ തലേന്ന് ആനത്താവളത്തിലെ ആനകളുടെ അനുസ്മരണ ഘോഷയാത്രയും പ്രതിമക്ക് പുഷ്പചക്രം സമർപ്പിക്കലും നടക്കുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story