Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസംരക്ഷണ ചർച്ചകൾ...

സംരക്ഷണ ചർച്ചകൾ വെറുതെയായി; കുളവാഴ കനോലി കനാലിനെ കൊല്ലുന്നു

text_fields
bookmark_border
ചാവക്കാട്: നീണ്ട യോഗങ്ങൾക്കും ചർച്ചകൾക്കും വിഷയമായ കനോലി കനാൽ സംരക്ഷണം എങ്ങുമെത്തിയില്ല. ചരിത്ര പ്രസിദ്ധമായ കനാലിൽ ചണ്ടിയും കുളവാഴയും മാലിന്യവും നിറഞ്ഞു. കിഴക്കന്‍ മേഖലയിലെ കോള്‍പടവുകളിൽ കൃഷിയാരംഭിക്കുന്നതി​െൻറ ഭാഗമായി പാടശേഖരങ്ങളിൽ കെട്ടി നിൽക്കുന്ന വെള്ളം തോടുകളിലേക്കും മറ്റും മോട്ടോർ പമ്പിങ് വഴി അടിച്ചുകളയുന്നതിനൊപ്പമാണ് ചണ്ടിയും കുളവാഴയും പല കൈവഴികളിലൂടെ കനോലി കനാലിലെത്തുന്നത്. ഏനാമാക്കല്‍ റഗുലേറ്റര്‍ വഴി തള്ളിവിടുന്ന ചണ്ടിയും കുളവാഴയും കനാലിലേക്ക് ഒഴുകിയെത്തുന്നതായി നേരത്തെ ആക്ഷേപമുണ്ട്. കോള്‍പടവുകളിലെ തോടുകളില്‍ കെട്ടിനിന്ന കുളവാഴകളും ചണ്ടിയും ചേറ്റുവ പുഴയിലൂടെ അഴിമുഖം വഴി കടലിലേക്ക് ഒഴുകിപ്പോകുമെന്ന് കരുതിയാണ് റഗുലേറ്റര്‍ വഴി ഇവ തുറന്നു വിടുന്നത്. മുമ്പേയുള്ള കുളവാഴക്കൊപ്പം പുറത്ത് നിന്നുള്ളവകൂടി എത്തിയതോടെ കനാലിലെ വെള്ളം കാണാത്ത സ്ഥിതിയിലായി. വേലിയേറ്റത്തിലും വേലിയിറക്കത്തിലും പുഴയിലേക്കും കനാലിലേക്കുമായി അങ്ങോട്ടുമിങ്ങോട്ടും ഒഴുകുകയാണ് കുളവാഴ. അണ്ടത്തോട്, പുന്നയൂര്‍, ചാവക്കാട് മേഖല വരെ നിറഞ്ഞ് പുല്‍ത്തകിടി വിതാനിച്ച പോലോയായിരിക്കുകയാണിത്. കിഴക്കന്‍ മേഖലയിലെ പുല്ല കോള്‍ചാലില്‍ നിന്നുപോലും കാനോലി കനാലിലേക്ക് കുളവാഴ ഒഴുകിയെത്താറുണ്ടെന്ന് പരാതിയുണ്ടായിരുന്നു. കുളവാഴയും ചണ്ടിയും കൂടാതെ കനാലില്‍ അറവ് മാലിന്യം തള്ളുന്നത് മത്സ്യത്തൊഴിലാളികള്‍ക്കും പരിസരവാസികള്‍ക്കും വഴിയാത്രികര്‍ക്കും ഒരു പോലെ ദുരിതമാകുന്നുണ്ട്. മേഖലയിലെ വിവിധ കല്യാണമണ്ഡപങ്ങളില്‍ നിന്നും കെട്ടിടങ്ങളില്‍ നിന്നുള്ള മാലിന്യവും തള്ളുന്നത് കനാലിലേക്കാണ്. ഇത്തരത്തില്‍ മാലിന്യം നിറയുന്നത് കനാലില്‍ ജലനിരപ്പുള്ള സമയത്തും മത്സ്യസമ്പത്ത് കുറയാന്‍ കാരണമായിട്ടുണ്ടെന്നാണ് ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. അണ്ടത്തോട്, മന്ദലാംകുന്ന്, ഒറ്റയിനി, നാലാംകല്ല് തുടങ്ങി കനോലി കനാലിന് കുറുകെ പോകുന്ന പാലങ്ങളുടെയും റോഡുകളുടെയും ഓരത്തും സിമൻറ് ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലുമാക്കി രാത്രിയാണ് അറവു മാലിന്യം തള്ളുന്നത്. നിരന്തരമായി പരാതി ലഭിച്ചതിനെ തുടര്‍ന്നുള്ള അന്വേഷണത്തിനിടയില്‍ ഒരിക്കല്‍ വടക്കേക്കാട് പൊലീസ് സ്റ്റേഷന്‍ പരിസരത്ത് അണ്ടത്തോട് സബ് രജിസ്ട്രാറോഫിസിന് മുന്നില്‍ നടുറോഡില്‍ പോലും അറവ് മാലിന്യം തള്ളിയ സംഭവമുണ്ടായി. കനോലി സംരക്ഷണം വിഷയമാക്കി മേഖലയിൽ രാഷ്ട്രീയ കക്ഷികളുടെയും സാംസ്കാരിക സംഘടനകളുടേയും ജനപ്രതിനിധികളുടേയും നേതൃത്വത്തിൽ നിരവധി ചർച്ചകളും യോഗങ്ങളും സംഘടിപ്പിച്ചിരുന്നു. ഒന്നും ലക്ഷ്യത്തിലെത്തുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
Show Full Article
TAGS:LOCAL NEWS 
Next Story