യൂനിഫോമിട്ട് ആനക്കൊമ്പിൽ പിടിച്ച്​ ഫോ​േട്ടാ; പൊലീസുകാർ പുലിവാല് പിടിച്ചു

05:05 AM
15/11/2017
തൃശൂർ: ഔദ്യോഗിക യൂനിഫോമിൽ ആനക്കൊമ്പ് പിടിച്ച് ഫോട്ടോക്ക് പോസ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥർ പുലിവാല് പിടിച്ചു. ഗുരുവായൂർ അസി. കമീഷണറായിരുന്ന ആർ. ജയചന്ദ്രൻ പിള്ള, ഗുരുവായൂർ ടെമ്പിൾ സ്റ്റേഷൻ മുൻ സി.െഎ എം.യു. ബാലകൃഷ്ണൻ എന്നിവർ ഗുരുവായൂർ ദേവസ്വത്തി​െൻറ ആന പത്മനാഭ​െൻറ കൊമ്പ് പിടിച്ച് നിൽക്കുന്ന ചിത്രമാണ് വിവാദമായത്. ചിത്രം പുറത്തുവന്നതോടെ നാട്ടാന പരിപാലന ചട്ടം ലംഘിച്ചതും ഔദ്യോഗിക യൂനിഫോമിൽ ആനയുടെ കൊമ്പ് പിടിച്ച് ചിത്രത്തിന് പോസ് ചെയ്തതും ചൂണ്ടിക്കാട്ടി ആനപ്രേമി സംഘവും ഹെറിട്ടേജ് അനിമൽ ടാസ്ക്ഫോഴ്സും ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി, ചീഫ് വൈൽഡ് ലൈഫ് വാർഡൻ എന്നിവർക്ക് പരാതി അയച്ചു. കഴിഞ്ഞ വർഷം ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ച് ദേവസ്വം െഗസ്റ്റ് ഹൗസിൽ എത്തിച്ചപ്പോഴത്തെ ചിത്രമാണിതെന്നാണ് പറയുന്നത്. ജയചന്ദ്രൻപിള്ള സർവിസിൽനിന്ന് വിരമിച്ചു. ബാലകൃഷ്ണൻ സ്ഥലം മാറി പ്പോയി. പാപ്പാനൊഴികെ ആരും ആനയുടെ ശരീരത്തിൽ സ്പർശിക്കാനോ കൊമ്പ് പിടിക്കാനോ പാടില്ലെന്നാണ് നാട്ടാന പരിപാലന ചട്ടം. ഇതനുസരിച്ച് ക്രിമിനൽ നിയമപ്രകാരം ഇരുവർക്കുമെതിരെ കേസെടുത്ത് അന്വേഷിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു. സർവിസിൽനിന്ന് വിരമിച്ചാലും ക്രിമിനൽ കുറ്റമാണെന്നതിനാൽ നിലനിൽക്കുന്നതാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സാമൂഹിക മാധ്യമങ്ങളിൽ ഈ ചിത്രം പ്രചരിക്കുന്നുവെന്നും പൊലീസ് ഔദ്യോഗിക യൂനിഫോമിൽതന്നെ നിയമം ലംഘിച്ച നടപടി പൊതുസമൂഹത്തിൽ സേനക്ക് അവമതിപ്പുണ്ടാക്കുന്നതാണെന്നും പരാതിയിൽ പറയുന്നു.
COMMENTS