Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമണ്ണിൽ...

മണ്ണിൽ പൊന്നുവിളയിക്കാന്‍ മറ്റത്തൂരിലെ ജനപ്രതിനിധികള്‍ ഒറ്റക്കെട്ട്

text_fields
bookmark_border
വെള്ളിക്കുളങ്ങര: കൃഷിയും തങ്ങള്‍ക്ക് വഴങ്ങുമെന്ന് തെളിയിക്കുകയാണ് മറ്റത്തൂരിലെ പഞ്ചായത്തംഗങ്ങള്‍. പ്രസിഡൻറും വൈസ് പ്രസിഡൻറും അടക്കമുള്ള 23 അംഗങ്ങളും ചേര്‍ന്ന് മോനൊടിയിലെ ഒരേക്കര്‍ പാടത്ത് മുണ്ടകന്‍ കൃഷിയിറക്കിയിരിക്കയാണ്. കക്ഷിരാഷ്ട്രീയവും ഭരണ പ്രതിപക്ഷഭേദവും മറന്നാണ് ഇവർ ഒന്നിച്ച് നെല്‍കൃഷി ചെയ്യുന്നത്. പഞ്ചായത്തിലുള്ള മോനൊടി പാടശേഖരത്തിൽ വര്‍ഷങ്ങളായി തരിശുകിടന്ന 12 ഏക്കറില്‍ ഒരേക്കറാണ് പാട്ടത്തിനെടുത്ത് പഞ്ചായത്തംഗങ്ങള്‍ നെല്‍കൃഷി ചെയ്യുന്നത്. ബാക്കി പതിനൊന്നേക്കറില്‍ കാര്‍ഷിക കർമസേനയാണ് കൃഷിയിറക്കുന്നത്. ഇവിടെ ഞാറുനട്ടു. അരക്കൊപ്പം താഴുന്നതിനാല്‍ തൊഴിലാളികള്‍ പോലും ഇറങ്ങാന്‍ മടിക്കുന്ന കണ്ടത്തിലിറങ്ങിയാണ് വനിതകളടക്കമുള്ള പഞ്ചായത്തംഗങ്ങള്‍ വ്യാഴാഴ്ച നടീല്‍ നടത്തിയത്. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബീന നന്ദകുമാര്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പി.എസ്. പ്രശാന്ത്, ഷീല തിലകന്‍, അംഗങ്ങളായ ജോയ് കാവുങ്ങല്‍, പി.എസ്. അംബുജാക്ഷന്‍, ഷീല വിപിനചന്ദ്രന്‍ എന്നിവരാണ് ഞാറുമായി പാടത്തിറങ്ങിയത്. അംഗങ്ങളായ മോളി തോമസ്, എ.കെ. പുഷ്പാകരന്‍, ശ്രീധരന്‍ കളരിക്കല്‍, ഷീബ വര്‍ഗീസ് എന്നിവര്‍ പിന്തുണയും പ്രോത്സാഹനവുമായി ഉണ്ടായിരുന്നു. സുഖമില്ലാത്തതിനാല്‍ പഞ്ചായത്ത് പ്രസിഡൻറ് പി.സി. സുബ്രന് ഞാറുനടാന്‍ എത്താനായില്ല. കൃഷിയുടെ തുടര്‍ന്നുള്ള പരിപാലനത്തില്‍ പ്രസിഡൻറും പങ്കാളിയാകും. കാര്‍ഷിക കര്‍മസേനയും തൊഴിലുറപ്പ് തൊഴിലാളികളും ചേര്‍ന്ന് നിലമൊരുക്കിയ ഒരേക്കറിലാണ് ജനപ്രതിനിധികള്‍ വെള്ള പൊന്മണി വിത്തുപയോഗിച്ച് തയാറാക്കിയ ഞാറുനട്ടത്. തുടര്‍ന്നുള്ള കളപറിക്കലും കീടനിയന്ത്രണവും വിളവെടുപ്പുമെല്ലാം ഇവര്‍ തന്നെ ചെയ്യാനാണ് തീരുമാനം. കൃഷിയില്‍നിന്ന് പുതിയ തലമുറ അകന്നുപോകുന്ന കാലഘട്ടത്തില്‍ നശോന്മുഖമായ കൃഷിനിലങ്ങള്‍ തിരിച്ചുപിടിച്ച് സ്വയം മാതൃകയാവുകയാണ് മറ്റത്തൂരിലെ പഞ്ചായത്തംഗങ്ങള്‍.
Show Full Article
TAGS:LOCAL NEWS 
Next Story