Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅഷ്​ടമിച്ചിറ...

അഷ്​ടമിച്ചിറ കുരുതിക്കളം; മിക്ക അപകടങ്ങൾക്കും കാരണം അമിതവേഗം

text_fields
bookmark_border
മാള: കൊടകര-കൊടുങ്ങല്ലൂർ സംസ്ഥാനപാതയിലെ അഷ്ടമിച്ചിറയിൽ അപകടം തുടർക്കഥയാകുന്നു. വെള്ളിയാഴ്ച രാത്രി ബൈക്ക് കാറുകളിൽ ഇടിച്ച് യുവാവ് മരിച്ചതാണ് ഒടുവിലത്തെ അപകടം. മാസങ്ങൾക്കുമുമ്പ് ബൈക്കിൽ കാറിടിച്ച് വടമ സ്വദേശിയായ യുവാവ് മരിച്ചിരുന്നു. നിരവധി ജീവനുകളാണ് ഇവിടെ റോഡിൽ പൊലിഞ്ഞത്. അമിതവേഗമാണ് മിക്ക അപകടങ്ങൾക്കും കാരണം. വേഗം നിയന്ത്രിക്കാനുള്ള മുന്നറിയിപ്പുകളൊന്നും വടമക്കും അഷ്ടമിച്ചിറക്കും ഇടയിൽ ഇല്ല. ഗതാഗത പരിഷ്കാരവും അപകട സാധ്യത ഇല്ലാതാക്കാനുള്ള നടപടികളും നടപ്പാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. അഷ്ടമിച്ചിറ ശിവക്ഷേത്രത്തിന് മുന്നിലെ വളവ്, ചാലക്കുടി റോഡിൽനിന്ന് കൊടകര റോഡിലേക്ക് തിരിയുന്ന ജങ്ഷൻ, ഉരുണ്ടോളിയിലെ പെട്രോൾ പമ്പിന് മുൻവശം, മാരേക്കാട് റോഡിൽനിന്ന് ഉരുണ്ടോളിയിലേക്ക് പ്രവേശിക്കുന്നിടം, അഷ്ടമിച്ചിറ ബാറിനോട് ചേർന്ന വൈന്തല വൺവേ റോഡിലേക്ക് തിരിയുന്നിടം എന്നിവിടങ്ങളിലാണ് കൂടുതൽ അപകടം സംഭവിക്കുന്നത്. തിരക്കേറിയ അഷ്ടമിച്ചിറ ജങ്ഷനിൽപോലും റോഡ് മുറിച്ചുകടക്കാൻ സീബ്ര ലൈനുകൾ ഇല്ല. ഇടുങ്ങിയ ഉരുണ്ടോളി ജങ്ഷനിൽ റോഡിലേക്ക് തള്ളിനിൽക്കുന്ന കെട്ടിടങ്ങൾ ഒഴിപ്പിച്ച് റോഡ് വീതികൂട്ടേണ്ടതുണ്ട്. അഷ്ടമിച്ചിറ ശിവക്ഷേത്രത്തിനരികിലെ തോടിന് മുകളിലുള്ള കലുങ്കിന് വീതി കുറവായതിനാൽ വാഹനങ്ങൾ തോട്ടിലേക്ക് വീഴാൻ സാധ്യത ഏറെയാണ്. മാളയിലും അഷ്ടമിച്ചിറയിലും ഗതാഗതത്തിരക്ക് കുറക്കുന്നതിനായി വർഷങ്ങൾക്കുമുമ്പ് നടപ്പിലാക്കിയ വൺവേ സമ്പ്രദായം പാലിക്കാത്തതും അപകടങ്ങൾക്ക് കാരണമാകുന്നതായി നാട്ടുകാർ പറയുന്നു. ട്രാഫിക് പൊലീസി​െൻറ ഭാഗത്തുനിന്ന് കർശന നടപടികളില്ലാത്തതും വിമർശനവിധേയമായിട്ടുണ്ട്. അഷ്ടമിച്ചിറ ജങ്ഷനിൽ മൂന്നുംകൂടിയ റോഡിന് നടുവിലെ ട്രാഫിക് പോസ്റ്റ് പൊളിച്ചുനീക്കി തൽസ്ഥാനത്ത് ഹൈമാസ്റ്റ് വിളക്കിന് തറ നിർമിച്ചത് ചാലക്കുടി, മാള ഭാഗങ്ങളിൽനിന്ന് വരുന്ന വലിയ വാഹനങ്ങൾക്ക് പ്രയാസമാകുന്നതായും പരാതിയുണ്ട്. ഉരുണ്ടോളിയിൽ ബൈക്ക് കാറിൽ ഇടിച്ച് യുവാവ് മരിച്ച സംഭവത്തിന് കാരണം റോഡിൽ മതിയായ സുരക്ഷ സംവിധാനം ഇല്ലാത്തതിനാലാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒരു കിലോമീറ്റർ നീളത്തിൽ റോഡ് പൊടുന്നനെ വളയുന്നിടത്ത് തിരിച്ചറിയാനുള്ള സംവിധാനം ഇല്ല. വളവിൽ റോഡിന് ആവശ്യമായ വീതിയുമില്ല. തെരുവുവിളക്കി​െൻറ അഭാവവും അപകടകാരണമാണ്. മോഹങ്ങൾ പൂവണിയാതെ ലിയോ യാത്രയായി മാള: ഉരുണ്ടോളിയിൽ ബൈക്ക് കാറുകളിൽ ഇടിച്ച് യുവാവ് മരിച്ചത് ഗ്രാമത്തെ കണ്ണീർക്കടലാക്കി. മാള പള്ളിപ്പുറം കളപ്പുരക്കൽ പരേതനായ ജോസി​െൻറ മകൻ ലിയോ ജോസാണ് (26) മരിച്ചത്. മാളയിൽ വ്യാപാരിയായിരുന്ന പിതാവ് ജോസ് ആറുവർഷം മുമ്പ് കിണറ്റിൽ വീണ് മരിക്കുകയായിരുന്നു. ജോസി​െൻറ അകാല വേർപാടിനുശേഷം ലിയോയും സഹോദരൻ ലിജോയും പല ജോലികളും ചെയ്ത് കഠിനാധ്വാനത്തിലൂടെയാണ് കുടുംബത്തെ മുന്നോട്ടുനയിച്ചിരുന്നത്. മാള ടൗണിലെ സ്ഥാപനത്തോട് ചേർന്ന് താമസിച്ചിരുന്ന ഇവർ മാളയിലെ റോഡ് സ്ഥലമെടുപ്പിനെ തുടർന്നാണ് മാള പള്ളിപ്പുറത്തെ വീട്ടിലേക്ക് താമസം മാറ്റിയത്. സഹോദരി ലിയ ബി.ഫാം വിദ്യാർഥിനിയാണ്. സഹോദരിയുടെ വിവാഹം, വീട് നിർമാണം, സഹോദര​െൻറ വിവാഹം എന്നീ ആഗ്രഹങ്ങൾ ലിയോ സുഹൃത്തുക്കളോട് പറയുമായിരുന്നു. മോഹങ്ങൾ പൂവണിയാതെ ലിയോ യാത്രയായത് നാട് കണ്ണീരോടെയാണ് കണ്ടുനിന്നത്. മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story