Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഓട്ടയടക്കൽ...

ഓട്ടയടക്കൽ ഫലപ്രദമായില്ല; പാതാളമായി റോഡുകൾ; ഒരാഴ്ചക്കി​െട നഗരത്തിൽ മാത്രം കുഴിയിൽ വീണ് 17 വാഹനാപകടം

text_fields
bookmark_border
തൃശൂർ: തകർന്ന റോഡുകളെച്ചൊല്ലി പരാതി ഉയർന്നപ്പോൾ 50 ലക്ഷം െചലവിട്ട് കോർപറേഷൻ നടത്തിയ താൽക്കാലിക ഓട്ടയടക്കൽ ഫലപ്രദമായില്ല. വഴി നീളെ കുഴികൾ നിറഞ്ഞ നിരത്തുകൾ അപകടക്കെണിയാകുന്നു. ഒരാഴ്ചക്കിെട റോഡിലെ കുഴിയിൽ വീണ് നഗരത്തിൽ മാത്രമുണ്ടായത് 17 അപകടം. തൃശൂർ-കുന്നംകുളം റോഡിൽ പുഴക്കൽ മുതൽ മുണ്ടൂർ വരെ മാത്രമുണ്ടായത് 20 വാഹനാപകടം. റോഡ് തകർച്ച സംബന്ധിച്ച് പരാതി ഏറിയതോടെ കഴിഞ്ഞ ജൂൈല 29നാണ് കോർപറേഷൻ കുഴിയടക്കൽ തുടങ്ങിയത്. അടിയന്തര ആവശ്യമെന്ന നിലയിൽ ടെൻഡർ നടപടികളില്ലാതെ 50 ലക്ഷം െചലവിട്ടായിരുന്നു പ്രവൃത്തി. മഴക്കാലത്തെ അതിജീവിക്കുന്ന ഉന്നത നിലവാരമുള്ള ടാറിങ്ങാണെന്നാണ് അവകാശപ്പെട്ടത്. അപകടം പരിഹരിക്കാൻ കോർപറേഷൻ നടപടി എടുക്കാത്ത സാഹചര്യത്തിൽ പൊലീസി​െൻറ നേതൃത്വത്തിൽ കോൺക്രീറ്റ് ഉപയോഗിച്ച് വൻ കുഴികൾ അടക്കാൻ ശ്രമിച്ചത് കോർപറേഷന് നാണക്കേടുണ്ടാക്കിയതോടെയാണ് തിരക്കിട്ട് ടാറിങ് നടത്തിയത്. പ്രഖ്യാപിച്ചതനുസരിച്ച് മൂന്ന് ദിവസംകൊണ്ട് പണി പൂർത്തിയാക്കിയെങ്കിലും മാസം തികയും മുമ്പ് പൂർവസ്ഥിതിയിലാവുകയായിരുന്നു. മഴക്കാലത്തെ അതിജീവിക്കുന്ന ഉന്നത നിലവാരമുള്ള ടാർ ഉപയോഗിച്ച് നടത്തിയ അറ്റകുറ്റപ്പണികളെല്ലാം മഴയിൽ ഒലിച്ചുപോയി. വേണ്ടത്ര കരുതലോടെ പ്രവൃത്തി നടത്താത്തതാണ് ഇതിന് കാരണമെന്നാണ് വിദഗ്ധർ പറയുന്നത്. കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പരിസരം, പടിഞ്ഞാേറ കോട്ട, ശങ്കരയ്യ റോഡ് എന്നിവിടങ്ങളിലെല്ലാം വൻ കുഴികളാണുള്ളത്. കാഞ്ഞാണി റോഡിൽ ചേറ്റുപുഴ വരെ വാഹനം കുഴികളിൽ വീണ് അപകടം പതിവാണ്. ഒടുവിൽ ഗതികെട്ട് ഒളരി എൽത്തുരുത്ത് പ്രദേശത്തെ യുവാക്കൾ സംഘടിച്ച് കോൺക്രീറ്റ് ഉപയോഗിച്ച് ഓട്ടയടക്കുകയാണ്. രണ്ട് ദിവസം മുമ്പ് തുടങ്ങിയ ഓട്ടയടക്കൽ ഇപ്പോഴും പൂർത്തിയായിട്ടില്ല. മറ്റ് ജോലികൾക്ക് പോവുന്ന യുവാക്കൾ രാത്രികളിലാണ് സന്നദ്ധസേവനവുമായി ഇറങ്ങുന്നത്. നഗരത്തിൽ അപകടക്കെണികളായ കുഴികൾ അടക്കണമെന്ന് ആവശ്യപ്പെട്ട് നേരേത്ത പൊലീസ് മൂന്ന് തവണ കോർപറേഷനും പൊതുമരാമത്ത് വകുപ്പിനും കത്ത് നൽകിയിരുന്നു. ഒരു മാസം പിന്നിട്ടിട്ടും യാതൊരു നടപടിയും ഉണ്ടാകാതിരുന്നതോടെയാണ് പൊലീസി​െൻറ നേതൃത്വത്തിൽ കുഴിയടക്കൽ ആരംഭിച്ചത്. കോൺക്രീറ്റ് മിക്സർ ഉപയോഗിച്ച് പൊലീസ് കുഴിയടച്ച ശക്തൻ നഗർ, വെളിയന്നൂർ റോഡ് എന്നിവിടങ്ങളിലെല്ലാം ഇപ്പോൾ വൻ കുഴികളാണുള്ളത്. 2011ൽ 33 കോടി രൂപ ചെലവഴിച്ചാണ് നഗരത്തിലെ 15ഓളം റോഡുകൾ റബറൈസ് ചെയ്ത് നവീകരിച്ചത്. അഞ്ച് വർഷമായിരുന്നു ഇവയുടെ ഗാരൻറി. ഇത് 2016ൽ പൂർത്തിയായിട്ടും അധികൃതർ അവഗണിക്കുകയായിരുന്നു. തിരക്കേറിയ തൃശൂർ-കുന്നംകുളം റോഡിൽ പുഴക്കൽ മുതൽ മുണ്ടൂർ വരെ അപകടക്കുഴികളാണ്. കഴിഞ്ഞ ഒരു രാത്രി മാത്രം മുതുവറ-പേരാമംഗലം പാതയിൽ 15 വാഹനങ്ങളാണ് ടയർ പൊട്ടിയും ആക്സിൽ ഒടിഞ്ഞും തകരാറിലായത്. മുതുവറയിലും പേരാമംഗലത്തുമായി നാല് ബൈക്കുകൾ അപകടത്തിൽപ്പെട്ടു. മുതുവറയിലെ കുഴിയിൽ വീണ് പരിക്കേറ്റ കേച്ചേരി സ്വദേശിയും പേരാമംഗലത്തിന് സമീപം മനപ്പടിയിലെ കുഴിയിൽ വീണ് പരിക്കേറ്റ കണ്ടാണശ്ശേരി സ്വദേശിയും അമല ആശുപത്രിയിൽ ചികിത്സയിലാണ്. നഗരത്തിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ കുഴിയിൽ വീണ് പരിക്കേറ്റ അയ്യന്തോൾ സ്വദേശി കഴിഞ്ഞ ദിവസമാണ് ആശുപത്രിവിട്ടത്. ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളുമാണ് കുഴിയിൽ വീണ് അപകടത്തിൽപെടുന്നത്. വെള്ളം നിറയുന്നതിനാൽ വാഹനം ഒാടിക്കുന്നവർക്ക് കുഴികൾ കാണാനാകാത്തതാണ് അപകട കാരണം. റോഡ് തകർച്ച പലയിടത്തും ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story