Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചാലക്കുടിയില്‍...

ചാലക്കുടിയില്‍ ശമനമില്ലാതെ ഗതാഗതക്കുരുക്ക്

text_fields
bookmark_border
ചാലക്കുടി: നഗരത്തിൽ ഗതാഗതക്കുരുക്ക് മുറുകുന്നതില്‍ പ്രതിഷേധിച്ച് സ്വകാര്യബസുകള്‍ സര്‍വിസ് നിര്‍ത്തി വെക്കാനൊരുങ്ങുന്നു. ആനമല ജങ്ഷന്‍ മുതല്‍ സൗത് ജങ്ഷന്‍വരെ അനുദിനം വര്‍ധിച്ചു വരുന്ന ഗതാഗതക്കുരുക്കിനെതിരെയും റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നടത്താത്തതിനെതിരെയുമാണ് പ്രതിഷേധം. പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന് സംഘടന ഭാരവാഹികൾ ആരോപിച്ചു. റോഡിനിരുവശത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും അശാസ്ത്രീയ ട്രാഫിക് സംവിധാനവും നഗരത്തില്‍ ഗതാഗതം ദുസ്സഹമാക്കുകയാണ്. ബസുകള്‍ക്ക് സമയക്രമം പാലിക്കാനാകുന്നില്ല. കഴിഞ്ഞ ഓണക്കാലത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായപ്പോള്‍ ഗതാഗത പരിഷ്കരണ കമ്മിറ്റി കൂടുകയും ബസുടമകളുടെ സംഘടനയുടെ നേതൃത്വത്തില്‍ അധികൃതര്‍ റോഡ് മാര്‍ക്കും ചെയ്തിരുന്നു. ഇതുമൂലം ഒരുപരിധിവരെ ഗതാഗതക്കുരുക്ക് ഒഴിവായി. 80,000 രൂപയോളമാണ് ഇതിനായി ബസുടമകൾ ചെലവിട്ടത്. എന്നാല്‍ റോഡ് റീ ടാര്‍ ചെയ്ത് വീണ്ടും മാര്‍ക്ക് ചെയ്തപ്പോള്‍ 13 ബസ് ബേകള്‍ ഇല്ലാതായി. ആവശ്യത്തില്‍ കൂടുതല്‍ പാര്‍ക്കിങ് സൗകര്യം അനുവദിച്ചു കൊടുത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് ബസുടമകളുടെ പരാതി. ചാലക്കുടി മേഖലയിലെ റോഡുകളുടെ അവസ്ഥയും പരിതാപകരമാണ്. പോട്ട- ഇരിങ്ങാലക്കുട റോഡ് അറ്റകുറ്റപ്പണി കാര്യക്ഷമമല്ലാത്തതുമൂലം തകര്‍ന്ന അവസ്ഥയിലാണ്. ചാലക്കുടി -മാള റോഡില്‍ അറ്റകുറ്റപ്പണികള്‍ അടിയന്തരമായി ചെയ്യുകയും മുനിസിപ്പല്‍ കവലയില്‍ ബെല്‍മൗത്ത് നിര്‍മിച്ച് ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുകയും വേണം. ദേശീയ പാതയില്‍ പോട്ട ആശ്രമം ഭാഗത്ത് തകര്‍ന്ന സര്‍വിസ് റോഡ്, മുരിങ്ങൂര്‍ ഭാഗത്തെ സര്‍വിസ് റോഡ് എന്നിവ ഓണത്തിന് മുമ്പായി അറ്റകുറ്റപ്പണികള്‍ നടത്തി ഗതാഗതയോഗ്യമാക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെട്ടു. നടപടിയുണ്ടായില്ലെങ്കിൽ മേഖലയിലെ മുഴുവന്‍ സ്വകാര്യ ബസുകളും സെപ്റ്റംബര്‍ ഒന്നുമുതല്‍ സര്‍വിസ് നിര്‍ത്തിെവക്കുമെന്ന് ബസുടമ സംഘടനകള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. റാഫേല്‍ അരീക്കാട്ട്, ജോണ്‍സണ്‍ പയ്യപ്പിള്ളി, കെ. മോഹനന്‍, ജോയി തോട്ടത്തില്‍, ബിജു, എ.ടി. ഷിബു എന്നിവര്‍ ബസുടമകള്‍ക്ക് വേണ്ടി യോഗത്തില്‍ പങ്കെടുത്തു. കെ.എസ്.ആര്‍.ടി.സി കോമ്പൗണ്ടില്‍ പാര്‍ക്കിങ് ചാലക്കുടി: കെ.എസ്.ആര്‍.ടി.സി റോഡിലെ അനധികൃത പാര്‍ക്കിങ് മൂലമുള്ള ഗതാഗതക്കുരുക്കിന് പരിഹാരമായി കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് വളപ്പില്‍ ഒരുക്കുന്ന പാര്‍ക്കിങ് സൗകര്യം ബി.ഡി. ദേവസി എം.എല്‍.എ ചൊവ്വാഴ്ച വൈകിട്ട് ഉദ്ഘാടനം ചെയ്യും. യൂസ് ആൻഡ് പേ അടിസ്ഥാനത്തിലുള്ള പാര്‍ക്കിങ്ങില്‍ 500 ബൈക്കുകള്‍, 50 കാറുകള്‍ എന്നിവക്കാണ് സൗകര്യമുള്ളത്. കാറിന് 20 രൂപയും ബൈക്കിന് 10 രൂപയുമാണ് ഫീസ്. പാര്‍ക്കിങ് വഴിയുള്ള ആദ്യത്തെ രണ്ട് മാസത്തെ വരുമാനം ഒരു വ്യക്തിയുടെ ചികിത്സാഫണ്ടിലേക്ക് നല്‍കുമെന്ന് വാര്‍ത്തസമ്മേളനത്തില്‍ എം.കെ. മനോജ്, വി.ജെ. ജോജി എന്നിവര്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story