Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപതിവുപോലെ വിരുന്നെത്തി ...

പതിവുപോലെ വിരുന്നെത്തി പൂക്കൾ; വർണശബളമായി വടക്കുന്നാഥ‍െൻറ തിരുമുറ്റം

text_fields
bookmark_border
തൃശൂർ: വടക്കുന്നാഥ​െൻറ തിരുമുറ്റത്ത് വർണപ്പൂക്കളുടെ മഹോത്സവം തുടങ്ങി. അത്തത്തെ വരവേറ്റ് ജമന്തിയും അരളിയും വാടാമല്ലിയിലൂടെയും നീളുന്ന എണ്ണമറ്റ പൂക്കൾ അതിർത്തി കടന്നെത്തിയതോടെ കിഴക്കേ നട ഓണാരവത്തിലായി. ദൃശ്യഭംഗി നിറച്ച് പൂക്കൾ വിപണി സജീവമായതോടെ സാംസ്കാരിക നാട് ആവേശത്തിമിർപ്പിലാണ്. പൂക്കളമൊരുക്കാൻ മലയാളിക്ക് വിരുന്നു പൂക്കളെ ആശ്രയിക്കണമെന്നതിന് ഇത്തവണയും മാറ്റമില്ല. നാടൻ പൂക്കൾ കണികാണാനില്ല. ബംഗളൂരു, ഹൊസൂർ, ഡിണ്ടിഗൽ, കുപ്പം, സത്യമംഗലം, ഗുണ്ടൽപേട്ട് എന്നിവിടങ്ങളിൽ നിന്നാണ് പൂക്കളെത്തിയത്. ബംഗളൂരുവിൽ മഴ ശക്തമായതിനാൽ അവിടെ നിന്നുള്ള പൂക്കളുടെ വരവിൽ കുറവുണ്ട്. കഴിഞ്ഞ വർഷത്തെ വില നിലവാരത്തിൽ വലിയ വർധനയില്ലെന്നതാണ് ആശ്വാസം. വിലയിൽ കഴിഞ്ഞ വർഷങ്ങളിൽനിന്ന് വലിയ വ്യത്യാസമില്ല. 50 രൂപക്കും 100 രൂപക്കും 'വാരിക്കോരി' നിറച്ചു നൽകുന്ന വിപണന കേന്ദ്രങ്ങളുമുണ്ട്. 12 സ്റ്റാളുകളാണ് ഇതുവരെ പൂവിപണിയിൽ സജീവമായുള്ളത്. മൊത്തവിൽപനയും ചില്ലറ വിൽപനയുമുണ്ട്. അത്തം പിറക്കുന്നതോടെ നാടെങ്ങും പൂക്കളങ്ങളാൽ നിറയും. വാടാമല്ലി, ചെണ്ടുമല്ലി, ആസ്ട്ര, റോസ്, മേരിഗോൾഡ്, കോഴിവാലൻ, ജമന്തി, അരളി തുടങ്ങിയ പൂക്കളാണ് കൂടുതലുള്ളത്. പൂ വാങ്ങാനെത്തുന്നവരെ ആകർഷിക്കുന്ന ഓരോ സ്റ്റാളുകളും മത്സരത്തിലാണ്. തിരുവോണം വരെ അതിരാവിലെ പൂക്കളുമായി ലോറികളെത്തും. കൂടുതൽ പൂക്കൾ ആവശ്യമുള്ളവർ മുൻകൂട്ടി ഓർഡർ നൽകിയാൽ സ്ഥലത്തെത്തിച്ചു നൽകുമെന്ന സൗകര്യവുമുണ്ട്. അത്ത തലേന്ന് കഴിഞ്ഞവർഷത്തെ പോലെ തിരക്ക് അനുഭവപ്പെട്ടില്ലെന്ന് പൂ വ്യാപാരി പി.എസ്. സോനി പറഞ്ഞു. പൂക്കളം ഒരുക്കാനുള്ള എല്ലാത്തരം പൂക്കളും എത്തിച്ചതിനാൽ വരുംദിവസങ്ങളിൽ കച്ചവടം വർധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഓർമകളിൽ നാടൻ പൂക്കളം തൃശൂർ: തുമ്പയും മുക്കുറ്റിയും തെച്ചിയും തൊട്ടാവാടിപ്പൂവും പാരിജാതവുമൊക്കെ ചന്തം നൽകിയിരുന്ന പൂക്കളങ്ങൾ ഇപ്പോഴില്ല. പുലർച്ച തൊടിയിലും പറമ്പിലും പൂക്കൂടയുമായി കുട്ടികളും മുത്തശ്ശിമാരുമൊക്കെ നിറഞ്ഞുനിന്ന പാരമ്പര്യത്തി​െൻറ തനിമയെ ഓർമകളിൽ സൂക്ഷിച്ച് പൂക്കളമൊരുക്കുകയാണ് മലയാളികൾ. തൊടിയിലും പറമ്പിലും നാടൻപൂക്കൾ നാമമാത്രമായി. പൂക്കളങ്ങളിൽ തുമ്പക്കും തെച്ചിക്കും പകരം ബന്ദിയും അരുളിയുമൊക്കെ ഇടംപിടിച്ചു. ജൈവപച്ചക്കറിയിൽ സ്വയം പര്യാപ്തത നേടാൻ നാടാകെ ശ്രമം നടക്കുമ്പോഴും പൂക്കൾ കൃഷിയിലേക്ക് ആരും തിരിയുന്നില്ല. ഓണ വിപണി ലക്ഷ്യമിട്ട് തമിഴ്നാട്ടിലെ പുളിയങ്കുടി, ശങ്കരൻകോവിൽ, സത്യമംഗലം എന്നിവിടങ്ങളിലാണ് വ്യാപകമായി പൂക്കൃഷി നടക്കുന്നത്. പൂ വില (കിലോക്ക്) വാടാമല്ലി: 120-200 ചെണ്ടുമല്ലി (മഞ്ഞ): 80-100 ചെണ്ടുമല്ലി (ഓറഞ്ച്): 70-80 ആസ്ട്ര: 300-400 റോസ്: 250-300 മേരി ഗോൾഡ്: 300-350 കോഴിവാലൻ: 150-200 ജമന്തി (വെള്ള): 200-300 ജമന്തി (മഞ്ഞ): 250-300 അരളി: 300-400 മുല്ല: 200-400
Show Full Article
TAGS:LOCAL NEWS 
Next Story