Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജലവിതരണം കോർപറേഷൻ...

ജലവിതരണം കോർപറേഷൻ ഏറ്റെടുക്കൽ

text_fields
bookmark_border
തൃശൂര്‍: നഗരത്തിലെ ജലവിതരണം പൂർണമായി ഏറ്റെടുക്കാനുള്ള കോർപറേഷൻ തീരുമാനത്തെ അട്ടിമറിക്കാൻ വാട്ടർ അതോറിറ്റിയുടെ നീക്കം. നേരത്തേ സർക്കാറുമായുണ്ടാക്കിയ ധാരണയനുസരിച്ച് ജലവിതരണം ഏറ്റെടുക്കുന്നതിൽ വാട്ടർ അതോറിറ്റി അധികതരുമായി ചർച്ച നടത്തി തത്ത്വത്തിൽ ധാരണയായിരുന്നു. സർക്കാറിനെ അറിയിച്ച് അന്തിമ നടപടികളിലേക്ക് കടക്കാനിരിക്കെ സാങ്കേതിക തടസ്സവാദങ്ങളുന്നയിച്ചാണ് വാട്ടർ അതോറിറ്റി നീക്കത്തെ തടയുന്നത്. പീച്ചിയിൽ ജലവിതരണ പദ്ധതിയുടെ നിലവിലുള്ള ശേഷി 50.5 ദശലക്ഷം ലിറ്ററാണ്. ഇതിൽ അമൃത നഗരം പദ്ധതിയില്‍ ഉൾപ്പെടുത്തി 20 ദശലക്ഷം ലിറ്ററി​െൻറ വിപുലീകരണ പദ്ധതികൂടി ഏറ്റെടുക്കാനാണ് കോർപറേഷന്‍ തീരുമാനം. ഇതോടെ സമൃദ്ധമായ ജലവിതരണം സാധ്യമാകുമെന്നാണ് ഭരണസമിതിയുടെ പ്രതീക്ഷ. എന്നാലിത് നടപ്പാക്കുമ്പോള്‍ ഇവിടെ കോർപറേഷൻ സ്ഥാപിച്ച ശുദ്ധീകരണ പ്ലാൻറ് ഉപേക്ഷിക്കണമെന്നാണ് അതോറിറ്റി കോർപറേഷനെ അറിയിച്ചത്. ഡാമില്‍നിന്ന് വെള്ളമെടുക്കുന്ന 600 എം.എം പൈപ്പിലൂടെ 70 ദശലക്ഷം ലിറ്റര്‍ വെള്ളമെടുക്കാനാകില്ലെന്നും പുതിയ പൈപ്പ് സ്ഥാപിക്കേണ്ടിവരുമെന്നും അതോറിറ്റി പറയുന്നു. ഡാം തുളച്ച് പൈപ്പിടാമെന്ന നിർദേശം ചർച്ചയിൽ പങ്കെടുത്ത ഡെപ്യൂട്ടി മേയർ വ്യക്തമാക്കിയെങ്കിലും അസാധ്യമാണെന്ന് വാട്ടർ അതോറിറ്റി വ്യക്തമാക്കി. വെള്ളം നൽകുന്നുവെന്നതി​െൻറ പേരിൽ കോടികളാണ് പ്രതിവർഷം വാട്ടർ അതോറിറ്റി കോർപറേഷനിൽനിന്ന് കൊള്ളയടിക്കുന്നത്. 36 ലക്ഷം രൂപയാണ് പ്രതിമാസം ഇപ്പോൾ കോർപറേഷൻ വാട്ടർ അതോറിറ്റിക്ക് നൽകുന്നത്. ഇതിൽ കോർപറേഷന് വരുമാനമാകട്ടെ 11 ലക്ഷം മാത്രമാണ്. മാത്രവുമല്ല, ജലവിതരണത്തിനുള്ള മെയിൻറനൻസ് പൂർണമായും കോർപറേഷനാണ് വഹിക്കുന്നതും. ഇത് നഷ്ടമാകുമെന്ന ആശങ്കയാണ് വാട്ടർ അതോറിറ്റിയുടെ തടസ്സവാദ നീക്കത്തിന് പിന്നിലെന്നാണ് സൂചന. അതേസമയം, നീക്കത്തെ അതോറിറ്റിയിലെതന്നെ സാങ്കേതിക വിദഗ്ധര്‍ തള്ളികളയുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. പീച്ചിയില്‍ ആവശ്യത്തിന് വെള്ളമില്ലെന്നായിരുന്നു ഇതുവരെ അതോറിറ്റി നിലപാട്. തൃശൂരിലെ 50.5 ദശലക്ഷം ലിറ്റര്‍ കുടിവെള്ളത്തിന് മാസം 1.5 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ് ആവശ്യമുള്ളത്. നഗരസഭ പണം െചലവാക്കി നടപ്പാക്കിയ പീച്ചിയില്‍ നിന്നുള്ള 14.5 ദശലക്ഷം ലിറ്ററി​െൻറ‍യും 36 ദശലക്ഷം ലിറ്ററി​െൻറ‍യും രണ്ട് പദ്ധതികളും 1989ല്‍ വാട്ടർ അതോറിറ്റി ഏറ്റെടുക്കുകയായിരുന്നു. ജലശുദ്ധീകരണ പ്ലാൻറ്, സംഭരണം, വിതരണം ഉള്‍പ്പെടെ പൂര്‍ണമായും ഏറ്റെടുത്ത അതേ അവസ്ഥയില്‍ തിരിച്ചെടുക്കാനാണ് കോർപറേഷൻ കൗൺസിൽ കഴിഞ്ഞദിവസം തീരുമാനിച്ചത്. നിലവില്‍ പഴയ നഗരസഭ പ്രദേശത്ത് കോര്‍പറേഷനും കൂട്ടി ചേര്‍ക്കപ്പെട്ട പഞ്ചായത്ത് പ്രദേശങ്ങളില്‍ വാട്ടർ അതോറിറ്റി നേരിട്ടുമാണ് ജലവിതരണം. നിരക്കിൽതന്നെ ഏറെ തർക്കത്തിനിടയാക്കിയിരുന്നു. പദ്ധതി കോര്‍പറേഷന്‍ ഏറ്റെടുക്കുന്നതോടെ കൂട്ടി ചേര്‍ക്കപ്പെട്ട പഞ്ചായത്ത് പ്രദേശങ്ങളിലെയും നഗരത്തിനോട് ചേർന്ന് കിടക്കുന്ന അടാട്ട്, അരിമ്പൂര്‍, മണലൂര്‍, കോലഴി, കിള്ളന്നൂര് പഞ്ചായത്തുകൾക്കും മെഡിക്കൽ കോളജ്, അഗ്രികള്‍ച്ചറല്‍ യൂനിവേഴ്സിറ്റിക്കും ആവശ്യമായ വെള്ളം നല്‍കുന്നത് കോര്‍പറേഷനാകും.
Show Full Article
TAGS:LOCAL NEWS 
Next Story