Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവ്യാജ സന്ദേശങ്ങള്‍...

വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി - ജില്ല പൊലീസ് മേധാവി

text_fields
bookmark_border
പത്തനംതിട്ട: അതിഥി തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കുംവിധം സാമൂഹിക മാധ്യമങ്ങളിലൂടെയും എസ്.എം.എസ് വഴിയും വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് ജില്ല പൊലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. ബിസിനസ് സംബന്ധമായ ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ ഏഴുദിവസത്തിനകം തിരികെ പോകുന്നെങ്കില്‍ ക്വാറൻറീനില്‍ കഴിയേണ്ടതില്ലെങ്കിലും സാമൂഹിക അകലംപാലിക്കുന്നത് ഉള്‍പ്പെടെയുള്ള എല്ലാ നിബന്ധനകളും പാലിക്കണം. ആരാധനാലയങ്ങളില്‍ തല്‍സ്ഥിതി തുടരണം. രാത്രി ഒമ്പതുമുതല്‍ രാവിലെ അഞ്ചുവരെയുള്ള രാത്രിയാത്രാ നിരോധനം തുടരുകയാണ്. ഈ സമയങ്ങളില്‍ വളരെ അടിയന്തര ആവശ്യങ്ങള്‍ക്കുള്ള യാത്രകള്‍, ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍നിന്നുള്ള പാസിൻെറ അടിസ്ഥാനത്തില്‍ മാത്രം അനുവദിക്കും. അന്തര്‍ ജില്ല യാത്രകള്‍ക്ക് പകല്‍ സമയങ്ങളില്‍ പാസ് വേണ്ടതില്ല. നാലു ചക്ര, മുച്ചക്ര വാഹനങ്ങളില്‍ അനുവദിക്കപ്പെട്ട എണ്ണം യാത്രക്കാരുമായി യാത്രചെയ്യാം. അടുത്ത ജില്ലകളില്‍നിന്ന് വിവിധ തൊഴിലുകള്‍ക്ക് ദിവസവും വരുന്നവര്‍ക്ക് 15 ദിവസം കൂടുമ്പോള്‍ പുതുക്കത്തക്ക വിധത്തിലുള്ള പാസുകള്‍ അനുവദിക്കും. 65 വയസ്സിനു മുകളിലുള്ളവരും 10 വയസ്സിനു താഴെയുള്ളവരും വീടുകളില്‍തന്നെ കഴിയുന്നത് ജനമൈത്രി പൊലീസ് ഉറപ്പാക്കും. ഇതിനു പൊലീസ് വളൻറിയര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തും. ഗുരുതര രോഗമുള്ള ചെറുപ്പക്കാരായ ആളുകളും പുറത്തിറങ്ങരുത്. ഇക്കാര്യത്തിലും പൊലീസ് ശ്രദ്ധചെലുത്തും. മദ്യവിൽപനശാലകള്‍ എല്ലാ നിബന്ധനകളും പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കും. ബസ്, ഓട്ടോ സര്‍വിസുകള്‍ എല്ലാ നിബന്ധനകളും പാലിക്കുകയും പുറത്തിറങ്ങുന്ന എല്ലാവരും ശുചിത്വമാനദണ്ഡങ്ങള്‍ അനുസരിക്കുകയും ചെയ്യുന്നുണ്ടോയെന്ന് പൊലീസ് പരിശോധിക്കുമെന്നും എസ്.പി വ്യക്തമാക്കി. മാസ്‌ക് ധരിക്കാത്തതിനാല്‍ ചൊവ്വാഴ്ച 90പേര്‍ക്ക് നോട്ടീസ് നല്‍കിയതായും ജില്ല പൊലീസ് മേധാവി അറിയിച്ചു. അതിഥി തൊഴിലാളികള്‍ക്ക് മടങ്ങുന്നതിന് ട്രെയിന്‍ സൗകര്യം പത്തനംതിട്ട: ജില്ലയിലെ വിവിധ താലൂക്കുകളില്‍ താമസിക്കുന്ന അതിഥി തൊഴിലാളികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങുന്നതിന് സര്‍ക്കാര്‍ ട്രെയിന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കലക്ടര്‍ പി.ബി നൂഹ് അറിയിച്ചു. കോവിഡ്-19 മൂലം കുടുങ്ങിക്കിടക്കുന്ന അതിഥി തൊഴിലാളികള്‍ ഇനിയുമുണ്ടെങ്കില്‍ എത്രയുംവേഗം ബന്ധപ്പെട്ട താലൂക്ക്/വില്ലേജ് ഓഫിസുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഈ അവസരം കുടുങ്ങിക്കിടക്കുന്ന എല്ലാ അതിഥി തൊഴിലാളികളും ഉപയോഗപ്പെടുത്തണം. ബന്ധപ്പെട്ട തഹസില്‍ദാര്‍/അസി. ലേബര്‍ ഓഫിസര്‍മാര്‍ മുഖേന ട്രെയിന്‍ സമയ വിവരങ്ങള്‍ ലഭിക്കുന്നത് അനുസരിച്ച് ഏതുസമയത്തും യാത്രപുറപ്പെടുന്നതിന് അതിഥി തൊഴിലാളികള്‍ സജ്ജരായിരിക്കണം. ഇക്കാര്യം ബന്ധപ്പെട്ട കരാറുകാര്‍ അവരുടെ കീഴിലുള്ള അതിഥി തൊഴിലാളികളെ അറിയിക്കണമെന്നും കലക്ടര്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story