ചിറ്റാർ-അച്ചൻകോവിൽ ഹൈവേയിൽ 'ലോക്ക്​' ഇളകി ഇൻറർലോക്ക്​ കട്ടകൾ

05:50 AM
17/05/2018
ചിറ്റാർ: ചിറ്റാർ-അച്ചൻകോവിൽ ഹൈവേ റോഡിൽ പാകിയ ഇൻറർലോക്ക് കട്ടകൾ ഇളകി തുടങ്ങിയതോടെ വാഹന യാത്രക്കാർ ബുദ്ധിമുട്ടിലായി. ഇരുചക്രവാഹന യാത്രയാണ് കൂടുതൽ ദുരിതമായത്. റോഡി​െൻറ നീലിപിലാവ് വനം മുതൽ തണ്ണിത്തോടു വരെയുള്ള അശാസ്ത്രീയമായ നിർമാണത്തെ തുടർന്ന് വാഹനങ്ങൾ തെന്നിമാറിയാണ് അടിക്കടി അപകടം ഉണ്ടാവുന്നത്. മഴ ശക്തമായതോടെ ഇതുവഴിയുള്ള യാത്രയും ദുഷ്കരമായി. മഴ പെയ്താൽ വാഹനങ്ങൾ മണിക്കൂറുകളോളം നിർത്തിയിടേണ്ട സ്ഥിതിയാണ്. വാഹനങ്ങൾ തെന്നിമാറുന്നതിനാൽ കുത്തനെയുള്ള ഇറക്കത്ത് വെള്ളം ഒലിച്ചുപോയതിനു ശേഷമേ ബസ് സർവിസുകളടക്കമുള്ളവ കടന്നു പോകുന്നുള്ളൂ. ഇതുമൂലം സമയബന്ധിതമായി യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. നീലിപിലാവ് വനാതിർത്തി മുതൽ വനത്തിൽകൂടി തണ്ണിത്തോട് കൂത്താടി മണ്ണ് വരെ കുത്തനെയുള്ള ഇറക്കത്ത് 1.6 കിലോമീറ്റർ ദൂരത്തിലാണ് ഇൻറർലോക്ക് കട്ടകൾ പാകിയിരിക്കുന്നത്. കട്ടകൾ മുകളിലേക്ക് തള്ളി നിൽക്കുന്നതു കാരണം സുഗമമായി വാഹനം ഓടിക്കാൻ പറ്റാത്ത അവസ്ഥയാണ്. കട്ടകൾ കൂടുതലായി ഇളകിയാൽ കുത്തനെയുള്ള ഈ വഴിയിൽക്കൂടി വാഹനങ്ങൾ പോകുമ്പോൾ അപകടമുണ്ടാകാനുള്ള സാധ്യത ഏറെയാണ്. മൂന്നുവർഷമായി ഇൻറർലോക്ക് കട്ടകൾ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. കട്ടകൾ പാകിയപ്പോൾ ഇതിനെതിരെ ആക്ഷേപമുയർന്നിരുന്നു. നിലവാരം കുറഞ്ഞ കട്ടകൾ പാകി മാസങ്ങൾ പിന്നിട്ടപ്പോൾതന്നെ ഇളകിത്തുടങ്ങി. നീലിപിലാവ് വനം മുതൽ തണ്ണിത്തോട് കൂത്താടിമണ്ണ് വരെ കുത്തനെയുള്ള കയറ്റവും ഇറക്കവുമാണ്. ഈ ഭാഗത്തെ കട്ടകളാണ് ഇളകിയിരിക്കുന്നത്. ഈ പാതയിലെ അശാസ്ത്രീയമായ നിർമാണമാണ് വാഹനങ്ങൾക്ക് വിനയാകുന്നത്. മിനുസം കുടിയ കട്ടകളാണ് ഇവിടെ പാകിയിരിക്കുന്നത്. ഇത് മഴയത്ത് വാഹനങ്ങൾ തെന്നിമറിയാൻ കാരണമാകുന്നു. നിരവധി അപകടങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്. മാക്രിപ്പാറ, കല്ലൻപ്ലാവ്, നെടുതാര എന്നിവിടങ്ങളിലെ റോഡിന് ഒരുവശത്ത് അഗാധമായ കുഴിയാണ്. ഇവിടെയാണ് പലപ്പോഴും വാഹനങ്ങൾ നിയന്ത്രണംവിട്ട് മറിയുന്നത്. മാക്രിപ്പാറക്ക് സമീപം നിരവധി വാഹനങ്ങൾ ഇൻറർലോക്കിൽനിന്ന് തെന്നിമാറി നിയന്ത്രണംവിട്ട് മറിഞ്ഞിട്ടുണ്ട്. ഈ ഭാഗത്ത് അപകടം തരണം ചെയ്യാൻ ബാരിക്കേഡുകൾ ഒന്നും സ്ഥാപിച്ചിട്ടില്ല. ബാരിക്കേഡുകൾ നിർമിക്കണമെന്ന് നാട്ടുകാർ നിരവധി തവണ അധികൃതരോട് ആവശ്യപ്പെട്ടിട്ടും അവർ കേട്ട ഭാവം നടിക്കുന്നില്ല. ചിറ്റാർ, സീതത്തോട്, ആങ്ങമൂഴി, വയ്യാറ്റുപുഴ തുടങ്ങിയ മലയോര മേഖലയിലെ ജനങ്ങൾക്ക് വളരെവേഗം താലൂക്ക് ആസ്ഥാനത്ത് എത്താനുള്ള ഏക മാർഗമാണ് ഈ പാത. കൂടാതെ കിഴക്കൻ മലയോര മേഖലയുടെ വികസനത്തിന് ആക്കം കൂട്ടുന്ന പ്രധാന ഹൈേവ കൂടിയാണിത്. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാരുമായി കെ.എസ്.ആർ.ടി.സി ഉൾപ്പെടെ നിരവധി ബസുകളാണ് സർവിസ് നടത്തുന്നത്. കുത്തനെ കയറ്റവും ഇറക്കവും വഴുവഴുപ്പുമുള്ള ഈ പാതയിലെ ഇൻറർലോക്കുകൾ മാറ്റി പകരം ടാറിങ്ങോ, കോൺക്രീറ്റോ ചെയ്തങ്കിൽ മാത്രമേ പ്രശ്നത്തിന് പരിഹാരമാവൂ. ഈ വിഷയം നിരവധിതവണ കോന്നി താലൂക്ക് വികസന സമതിയിൽ കിഴക്കൻ മേഖലയിലെ ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടിയിട്ടും നാളിതുവരെയായി ഒരു നടപടിയും ഉണ്ടായില്ല.
COMMENTS