മന്ത്രിസഭ വാര്‍ഷികം: 21ന് പത്തനംതിട്ടയിൽ വിളംബര ഘോഷയാത്ര നടക്കും

05:50 AM
17/05/2018
പത്തനംതിട്ട: മന്ത്രിസഭ വാര്‍ഷികാഘോഷങ്ങളുടെ മുന്നോടിയായി 21ന് വൈകീട്ട് മൂന്നിന് പത്തനംതിട്ട സ​െൻറ് പീറ്റേഴ്‌സ് ജങ്ഷനില്‍നിന്ന് നഗരസഭ ബസ് സ്റ്റാന്‍ഡിലേക്ക് വിളംബര ഘോഷയാത്ര നടക്കും. കുടുംബശ്രീ പ്രവര്‍ത്തകര്‍, എൻ.സി.സി, സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ്, എസ്.പി.സി, വിവിധ കലാരൂപങ്ങള്‍ എന്നിവ ഘോഷയാത്രയിൽ അണിനിരക്കും. പത്തനംതിട്ട നഗരസഭയുടെ ശബരിമല ഇടത്താവളത്തില്‍ 22മുതല്‍ 28വരെ നടക്കുന്ന പ്രദര്‍ശന -വിപണനമേള സ്റ്റാളുകളുടെ പണി 19ന് പൂര്‍ത്തിയാകും. 20ന് എല്ലാ വകുപ്പുകളും സ്റ്റാളുകള്‍ ഏറ്റെടുത്ത് ഉദ്ഘാടനത്തിന് മുന്നോടിയായി പ്രദര്‍ശനത്തിന് സജ്ജമാക്കണമെന്ന് കലക്ടർ നിർദേശിച്ചു. എല്ലാ സ്റ്റാളിലും അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിയാണ് വകുപ്പുകള്‍ക്ക് കൈമാറുന്നത്. അധികമായി സൗകര്യം ആവശ്യമുള്ള വകുപ്പുകള്‍ക്ക് അത് സജ്ജമാക്കാം. മന്ത്രിസഭ വാര്‍ഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ ചെയ്ത ക്രമീകരണങ്ങള്‍ വിലയിരുത്താൻ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേർന്നു. വാര്‍ഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിലുടനീളം നടക്കുന്ന പരിപാടികളുടെയും വിജയത്തിന് ജില്ലയിലെ എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ കൂടുതല്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കണമെന്ന് കലക്ടര്‍ ആര്‍. ഗിരിജ നിർദേശിച്ചു. ജില്ലയുടെ ചുമതലയുള്ള ജലവിഭവ മന്ത്രിയുടെയും എം.എല്‍.എമാരുടെയും സാന്നിധ്യത്തില്‍ നേരേത്ത ചേര്‍ന്ന യോഗങ്ങളിലെടുത്ത തീരുമാനങ്ങള്‍ നടപ്പാക്കുന്നതിലെ പുരോഗതിയാണ് പ്രധാനമായും വിലയിരുത്തിയത്. പൂര്‍ത്തീകരിച്ച പദ്ധതികളില്‍ ഉദ്ഘാടനതീയതികള്‍ നിശ്ചയിക്കാത്തവ രണ്ട് ദിവസത്തിനുള്ളില്‍ ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുടെ ഓഫിസുകളുമായും എം.എല്‍.എമാരുമായും ബന്ധപ്പെട്ട് തീയതി നിശ്ചയിച്ച് അറിയിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. യോഗത്തില്‍ എ.ഡി.എം കെ. ദിവാകരന്‍ നായര്‍, തിരുവല്ല ആർ.ഡി.ഒ ടി.കെ. വിനീത്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി. മണിലാല്‍, കുടുംബശ്രീ ജില്ല മിഷന്‍ കോഓഡിനേറ്റര്‍ എസ്. സാബിര്‍ ഹുസൈന്‍, പി.ആർ.ഡി അസിസ്റ്റൻറ് എഡിറ്റര്‍ പി.ആര്‍. സാബു എന്നിവര്‍ പങ്കെടുത്തു.
Loading...
COMMENTS