കുടുംബശ്രീ കണ്ടറിയാൻ ആഫ്രിക്കൻ സംഘം കുരമ്പാലയിൽ

05:41 AM
17/05/2018
പന്തളം: കേരളത്തിൽ വിജയം കൈവരിച്ച കുടുംബശ്രീ പ്രവർത്തനങ്ങൾ പഠിക്കാൻ ആഫ്രിക്കൻ സംഘം കുരമ്പാലയിൽ എത്തി. നഗരസഭയിലെ കുരമ്പാല പഞ്ചമി കുടുംബശ്രീയുടെ ന്യൂട്രിമിക്സ് യൂനിറ്റിൽ ബുധനാഴ്ച രാവിലെ 11ഒാടെയാണ് അവർ എത്തിയത്. കൗൺസിലർമാരായ എ. രാമൻ, സരസ്വതി അമ്മ എന്നിവരും യൂനിറ്റ് അംഗങ്ങളും ഭാരവാഹികളും ചേർന്ന് സ്വീകരിച്ചു. ഉഗാണ്ട, മലാവി, കെനിയ, ലൈബീരിയ, മംഗോളിയ എന്നീ അഞ്ച് രാജ്യങ്ങളിലെ ഔദ്യോഗിക സംഘാംഗങ്ങളാണ് സന്ദർശനം നടത്തിയത്. മംഗോളിയയുടെ ചെറുകിട വ്യവസായ പ്രതിനിധി, കെനിയയുടെ കാർഷിക മന്ത്രാലയ പ്രതിനിധി, മത്സ്യബന്ധന വകുപ്പ് പ്രതിനിധി, ഉഗാണ്ടയിലെ വിദ്യാഭ്യാസ പ്രതിനിധി, സ്ത്രീശാക്തീകരണ വിഭാഗം, മൃഗസംരക്ഷണ പ്രതിനിധികൾ അടങ്ങിയ സംഘമാണ് സന്ദർശനം നടത്തിയത്. 'ന്യൂട്രിമിക്സ്' കണ്ടെത്തിയ മാർഗം, ഇതിൽനിന്ന് ലഭിക്കുന്ന പോഷകത്തി​െൻറ അളവ്, വിപണന മാർഗങ്ങൾ എന്നിവ സംഘം മനസ്സിലാക്കി. ആഫ്രിക്കയിലെ ദാരിദ്ര്യനിർമാർജനത്തിനു വേണ്ടി അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന മാനേജ് എന്ന സംഘടനയാണ് സംഘത്തെ കേരളത്തിൽ കൊണ്ടുവന്നത്. വനിത ശാക്തീകരണത്തിലൂടെ ആഫ്രിക്കൻ രാഷ്ട്രങ്ങളിൽ സമ്പൂർണ ദാരിദ്ര്യ നിർമാർജനം നേടുകയാണ് ദൗത്യം. മുളമ്പുഴയിലെ നേച്വർ കാരി ബാഗ് ആൻഡ് ഫയൽ യൂനിറ്റും സന്ദർശിച്ച ശേഷമാണ് സംഘം മടങ്ങിയത്.
Loading...
COMMENTS