മാരാമൺ കൺ​െവൻഷൻ: സാധ്യതകള്‍ അസ്​തമിക്കു​േമ്പാഴും പ്രത്യാശയോടെ ജീവിക്കുന്നതാണ്​ ജീവിതവിജയം-

05:26 AM
14/02/2018
കോഴഞ്ചേരി: സാധ്യതകള്‍ അസ്തമിക്കുന്ന ഘട്ടത്തിലും പ്രത്യാശയോടെ ജീവിക്കുന്നിടത്താണ് വിജയം സാധ്യമാകുന്നതെന്ന് ഗ്രിഗോറിയോസ് മാര്‍ സ്‌തേഫാനോസ് എപ്പിസ്‌കോപ്പ. പ്രതിസന്ധികൾ അതിജീവിക്കാനുള്ള കരുത്താണ് ബൈബിള്‍ പഠിപ്പിക്കുന്നത്. മാരാമണ്‍ കൺവെന്‍ഷനോടനുബന്ധിച്ച് ചൊവ്വാഴ്ച നടന്ന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഡോ.ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത അധ്യക്ഷതവഹിച്ചു. നമുക്കുചുറ്റുമുള്ളവര്‍ ഭയപ്പെടുത്തുകയും ഭീകരതയുടെ മുഖം പ്രദർശിപ്പിക്കുകയും ചെയ്യുന്നു. നിന്ദിക്കപ്പെടുകയും പരിത്യജിക്കപ്പെടുകയും തിരസ്‌കരിക്കപ്പെടുകയും ചെയ്യുന്നവരായി ബഹുഭൂരിപക്ഷം മാറുകയാണ്. ഇവിടെ പ്രതിസന്ധികളെ അതിജീവിക്കേണ്ടതുണ്ട്. ചെറിയ ചെറിയ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നിടത്താണ് ആത്മീയവും ഭൗതികവുമായ ജീവിതവിജയം. ബാക്കി വരുന്നത് വലിച്ചെറിയേണ്ടതല്ല മറ്റുള്ളവര്‍ക്കുവേണ്ടി കരുതിെവക്കെണ്ടതാണെന്നുമുള്ള പാഠമാണ് ക്രിസ്തു നല്‍കുന്നത്. കാണേണ്ടതിനെ കാണേണ്ടതുപോലെ കാലാകാലങ്ങളില്‍ കാണാന്‍ കഴിയുകയും ക്രിസ്തുവിനെപ്പോലെ അസാധാരണ വഴികളില്‍ കൂടെ നടക്കാന്‍ ശ്രമിക്കുകയും വേണം -അദ്ദേഹം പറഞ്ഞു. റവ. ഡോ. രാജ്കുമാര്‍ രാമചന്ദ്രനും സംസാരിച്ചു.
COMMENTS