ഓമല്ലൂർ സഹ. ബാങ്ക്​ വൻ കടക്കെണിയിൽ; അറ്റാദായ നഷ്​ടം 23 കോടി

05:30 AM
13/02/2018
പത്തനംതിട്ട: ഓമല്ലൂർ സർവിസ് സഹ. ബാങ്ക് വൻ കടക്കെണിയിൽ. അറ്റാദായ നഷ്ടം 23 കോടി കവിഞ്ഞതായി ഓഡിറ്റ് റിപ്പോർട്ട്. 2015-16 കാലയളവിൽ മാത്രം 3.14 കോടിയാണ് പ്രവർത്തന നഷ്ടം. വിവരാവകാശ പ്രവർത്തകനായ രവീന്ദ്രവർമ അംബാനിലയത്തിന് പത്തനംതിട്ട ജില്ല സഹകരണ ഓഡിറ്റ് അസി. ഡയറക്ടർ ഓഫിസിൽനിന്ന് ലഭിച്ച മറുപടിയിലാണ് കടക്കെണി സംബന്ധിച്ച വിവരം. 2008-09 കാലയളവ് മുതൽ ബാങ്ക് നഷ്ടത്തിലാണ്. അന്ന് 1.50 കോടിയാണ് അറ്റാദായ നഷ്ടം രേഖപ്പെടുത്തിയത്. 2009--10ത്തിലെ ഓഡിറ്റിൽ 2.60 കോടിയും 2010-11ൽ 9.79 കോടിയും 2011-12ൽ 10.59 കോടിയും 2012--13 കാലയളവിൽ 12.84 കോടിയും 2013--14 കാലയളവിൽ 16.58 കോടിയും 2014--15ൽ 19.89 കോടിയും 2015-16 ആയപ്പോൾ അറ്റാദായനഷ്ടം 23 കോടി കഴിഞ്ഞതായും വിവരാവകാശരേഖയിൽ പറയുന്നു. 1992ൽ ആരംഭിച്ച ബാങ്കിന് തുടക്കത്തിൽ പ്രവർത്തന മികവിൽ സംസ്ഥാനതലത്തിൽ അവാർഡ് ലഭിച്ചിരുന്നു. വർഷങ്ങളായി സി.പി.എം നേതൃത്വത്തിലുള്ളതാണ് ഭരണസമിതി. ഗുരുതര സാമ്പത്തിക ക്രമക്കേട് ആരോപിച്ച് 2013ൽ ബാങ്കി​െൻറ ഡയറക്ടർ ബോർഡ് പിരിച്ചുവിട്ടിരുന്നു. നിരവധി നിയമയുദ്ധങ്ങൾക്കുശേഷം വീണ്ടും നടന്ന തെരഞ്ഞെടുപ്പിലും സി.പി.എം ഭരണസമിതി വന്നു. ഓമല്ലൂർ ശങ്കരനാണ് ഇപ്പോൾ ബാങ്ക് പ്രസിഡൻറ്. സാമ്പത്തിക ക്രമക്കേടുകൾക്ക് പുറമെ ഗുരുതരമായ മറ്റ് ആരോപണങ്ങളും ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സംഘത്തി​െൻറ ആസ്തിബാധ്യത സ്റ്റേറ്റ്മ​െൻറിൽ 10 കോടിയുടെ മൂല്യശോഷണം കാണുന്നു. കമ്മിറ്റി അറിയാതെ ജീവനക്കാർ പി.എഫ് ലോൺ സ്വയം എഴുതിയെടുക്കുക, സഹകരണ സംഘം ജോയൻറ് രജിസ്ട്രാറുടെ മുൻകൂർ അനുമതിയില്ലാതെ നിർമാണം നടത്തുക, കാഷ് െക്രഡിറ്റ് രജിസ്റ്ററും സേവിങ് ബാങ്ക് പേഴ്സനൽ രജിസ്റ്ററും കൃത്യമായി സൂക്ഷിക്കാതിരിക്കുക തുടങ്ങിയതാണ് ആരോപണം. ക്രമക്കേടുകളിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി നൽകുമെന്ന് രവീന്ദ്രവർമ അംബാനിലയം അറിയിച്ചു.
COMMENTS