സൂര്യയും ഹൃദ്യയും ശബരിമല, മാളികപ്പുറം മേൽശാന്തിമാ​െര നറുക്കെടുക്കും

05:34 AM
13/10/2017
പന്തളം: ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുക്കാൻ ഇത്തവണ പന്തളം കൊട്ടാരത്തിൽനിന്ന് സൂര്യ അനൂപ് വർമയും ഹൃദ്യ വർമയും മലകയറും. വലിയ തമ്പുരാൻ രേവതിനാൾ പി. രാമവർമരാജയും കൊട്ടാരം നിർവാഹക സംഘം ഭാരവാഹികളും ചേർന്നാണ് കുട്ടികളെ തെരഞ്ഞെടുത്തത്. ശബരിമലയിലും മാളികപ്പുറത്തും വരുന്ന ഒരു വർഷം മേൽശാന്തിമാരായി ചുമതല അനുഷ്ഠിക്കേണ്ടവരെയാണ് 17ന് സന്നിധാനത്ത് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുക. ശബരിമല മേൽശാന്തിയെ സൂര്യ അനൂപ് വർമയും മാളികപ്പുറം മേൽശാന്തിയെ ഹൃദ്യ വർമയും നറുക്കെടുക്കും. പന്തളം മംഗളോദയം കൊട്ടാരത്തിൽ അനൂപ് വർമയുടെയും ചേർത്തല വയലാർ രാഘവപറമ്പ് മഠം സന്ധ്യവർമയുടെയും മകനാണ് സൂര്യ. തിരുവാലൂർ ശ്രീസായി വിദ്യാവിഹാർ സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്. പന്തളം കൈപ്പുഴ തെക്കേടത്ത് കൊട്ടാരത്തിൽ സജീവ് വർമയുടെയും താമരശ്ശേരി തെക്കേകോവിലകത്ത് ധന്യവർമയുടെയും മകളാണ് ഹൃദ്യ വർമ. ആറ്റുവ വിവേകാനന്ദ വിദ്യാപീഠം നാലാം ക്ലാസ് വിദ്യാർഥിനിയാണ്. 16ന് ഉച്ചയോടെ തിരുവാഭരണ മാളികയുടെ മുന്നിൽ കെട്ടുനിറച്ച് വലിയ കോയിക്കൽ ക്ഷേത്ര ദർശനത്തിനുശേഷം കുട്ടികൾ ശബരിമലക്ക് യാത്ര തിരിക്കും. കൊട്ടാരം നിർവാഹക സംഘം പ്രസിഡൻറ് ശശികുമാർ വർമ, സെക്രട്ടറി പി.എൻ. നാരായണവർമ എന്നിവരും ഒപ്പം ചേരും. 2011ൽ സുപ്രീംകോടതിയുടെ ഉത്തരവ് അനുസരിച്ച് ജസ്റ്റിസ് കെ.ടി. തോമസി​െൻറ മീഡിയേഷൻ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലാണ് പന്തളം കൊട്ടാരം വലിയ തമ്പുരാൻ നിർദ്ദേശിക്കുന്ന കുട്ടികളെ മേൽശാന്തിമാരെ നറുക്കെടുക്കാൻ അയച്ചു തുടങ്ങിയത്.
COMMENTS