ശബരിമലയിലെ നിർമാണപ്രവർത്തനങ്ങൾ കർമപദ്ധതി അനുസരിച്ച്​ ^മന്ത്രി

05:36 AM
15/11/2017
ശബരിമലയിലെ നിർമാണപ്രവർത്തനങ്ങൾ കർമപദ്ധതി അനുസരിച്ച് -മന്ത്രി പത്തനംതിട്ട: കർമപദ്ധതി അനുസരിച്ചുമാത്രെമ ശബരിമലയിൽ നിർമാണപ്രവർത്തനങ്ങൾ നടത്താൻ കഴിയൂവെന്ന് മന്ത്രി കെ. രാജു. പത്തനംതിട്ട പ്രസ് ക്ലബിൽ ശബരിമല സുഖദർശനം സംവാദത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ശബരിമലയിലേത് കാനനക്ഷേത്രമാണ്. അതുകൊണ്ട് വനവും ശ്രദ്ധയോടെ സംരക്ഷിക്കപ്പെടണം. കോണ്‍ക്രീറ്റ് കെട്ടിടങ്ങളല്ല അവിടെ ആവശ്യം. ഭക്തര്‍ വരുന്നത് ദര്‍ശനത്തിന് മാത്രമാണ്. മുഖ്യമന്ത്രി ശബരിമലയിൽ വന്നപ്പോൾ ഇത് വ്യക്തമാക്കിയതാണ്. ദേവസ്വം ബോര്‍ഡിന് അനുവദിച്ച സ്ഥലത്ത് നിര്‍മാണപ്രവര്‍ത്തനം നടത്താം. കേന്ദ്രനിയമം അനുസരിച്ച് മാത്രമെ വനഭൂമിയില്‍ നിര്‍മാണം നടത്താന്‍ കഴിയൂ. ശബരിമല തീര്‍ഥാടനത്തിന് വനം വകുപ്പ് എതിരാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും മന്ത്രി പറഞ്ഞു. ശബരിമലയിൽ തീർഥാടകർക്ക് മുൻ വർഷത്തെ സൗകര്യങ്ങൾ വനം വകുപ്പ് ഉറപ്പുവരുത്തും. വിശ്രമസൗകര്യവും കുടിവെള്ളവും കൂടാതെ ഒരു ആംബുലൻസും അനുവദിച്ചിട്ടുണ്ട്. പമ്പ ബസ്സ്റ്റാൻഡിനടുത്ത് കെ.എസ്.ആർ.ടി.സിക്ക് വിട്ടുകൊടുക്കാത്ത സ്ഥലം നൽകില്ല. പകരം സൗകര്യപ്രദമായ സ്ഥലം തൊട്ടടുത്ത് അനുവദിക്കാൻ തീരുമാനമായി. ബലിത്തറയുടെയും വെടിവഴിപാടി​െൻറയും പേരിലാണ് വനം വകുപ്പിനെതിരെ പ്രചാരണം നടത്തുന്നത്. മുന്‍വര്‍ഷങ്ങളിലെപ്പോലെ ത്രിവേണിയില്‍ താല്‍ക്കാലിക ബലിപ്പുരകള്‍ നിർമിക്കാൻ വനം വകുപ്പ് എതിരല്ല. എന്നാല്‍, വനഭൂമിയില്‍ സ്ഥിരമായി ബലിപ്പുരകള്‍ നിർമിക്കുന്നത് അനുവദിക്കില്ല. വെടിവഴിപാട് നടത്താന്‍ ദേവസ്വം ബോര്‍ഡ് സ്ഥലത്ത് പ്രത്യേകയിടമുള്ളപ്പോള്‍ വനത്തില്‍ ഇത് നടത്തണമെന്ന് പറയുന്നത് അംഗീകരിക്കില്ല. വന്യമൃഗങ്ങളുടെ സ്വൈരവിഹാരത്തിന് വെടിയൊച്ച ശല്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
COMMENTS