മൂന്നാം ദിനം കോന്നിയുടെ ആധിപത്യം; മല്ലപ്പള്ളി രണ്ടാം സ്ഥാനത്ത്

05:35 AM
07/12/2017
തിരുവല്ല: റവന്യൂ ജില്ല സ്കൂൾ കലോത്സവത്തി​െൻറ മൂന്നാം ദിനം ഹൈസ്കൂള്‍ വിഭാഗത്തില്‍ 46 ഇനം പൂര്‍ത്തിയായപ്പോള്‍ 138 പോയൻറുമായി കോന്നി ഉപജില്ല ഒന്നാം സ്ഥാനത്ത്. 136 പോയൻറുമായി മല്ലപ്പള്ളി തൊട്ടുപിന്നിലുണ്ട്. 133 പോയൻറുമായി തിരുവല്ലയാണ് മൂന്നാമത്. എച്ച്.എസ്.എസ് വിഭാഗത്തില്‍ 191 പോയൻറുമായി കോന്നി ഒന്നാം സ്ഥാനത്ത് തുടരുന്നു. 162 പോയൻറുമായി മല്ലപ്പള്ളി അല്‍പം പിന്നിലാണ്. 159 പോയൻറുമായി തിരുവല്ല ഇവിടെയും മൂന്നാമത്. യു.പി വിഭാഗത്തില്‍ 16 ഇനം പൂര്‍ത്തിയായപ്പോള്‍ 68 പോയൻറുമായി കോന്നി ഒന്നാം സ്ഥാനത്തും 66 പോയൻറുമായി പന്തളം രണ്ടാം സ്ഥാനത്തും 65 പോയൻറുമായി പത്തനംതിട്ട മൂന്നാം സ്ഥാനത്തും. സംസ്കൃതോത്സവം എച്ച്.എസ് വിഭാഗത്തില്‍ 55 പോയൻറുമായി കോന്നി ഒന്നാം സ്ഥാനത്തും 52 പോയൻറുമായി റാന്നി രണ്ടാം സ്ഥാനത്തും 50 പോയൻറുമായി പത്തനംതിട്ട മൂന്നാം സ്ഥാനത്തുമാണ്. യു.പിയില്‍ 14 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 55 പോയൻറുവീതം നേടി പുല്ലാടും തിരുവല്ലയും ഒന്നാം സ്ഥാനത്ത്. 54 പോയൻറുവീതം നേടി കോന്നിയും പത്തനംതിട്ടയും രണ്ടാം സ്ഥാനത്ത് ഒപ്പത്തിനൊപ്പം. കാണികള്‍ കുറഞ്ഞു; വാശി കുറഞ്ഞില്ല തിരുവല്ല: തിരുമൂലപുരത്ത് ജില്ല സ്കൂള്‍ കലോത്സവം മൂന്നാം ദിനം പിന്നിടുമ്പോള്‍ കാണികളുടെ തണുത്ത പ്രതികരണം. അതേസമയം, മത്സരങ്ങളുടെ വാശിക്ക് ഒട്ടും കുറവില്ല. 48 അപ്പീലുകളാണ് വിവിധ മത്സരങ്ങളിലായി പരിഗണനയിൽ എത്തിയത്. പ്രധാന സ്കൂളായ എസ്.എന്‍.വി.എസ് ഹൈസ്കൂളിലെ ഒന്നും രണ്ടും മൂന്നും വേദികളിലും കാണികളുടെ എണ്ണം കുറഞ്ഞു. ബാലികാമഠം സ്കൂളില്‍ നടന്ന ക്ലാസിക്കല്‍ സംഗീതവും ഉകരണസംഗീതവും കാണികളെ ആകർഷിച്ചില്ല. മോഹിനിയാട്ടവും കേരളനടനവും അരങ്ങേറിയതാവട്ടെ ഏറ്റവും ചെറിയ വേദിയായ എസ്.എന്‍.വി.എസ്.എച്ച്.എസിലെ മൂന്നാം വേദിയിലും. ഇടുങ്ങിയ ക്ലാസ്മുറി സ്റ്റേജാക്കിയ ഇവിടെ കുട്ടികളുടെ ബന്ധുക്കള്‍ക്കും അധ്യാപകര്‍ക്കും മാത്രം ഇരിക്കാനുള്ള ഇടമേ ഉണ്ടായിരുന്നുള്ളൂ. ഇവിടത്തെ വെളിച്ചക്കുറവും മത്സരാർഥികളെ വലച്ചു. ഒന്നാം വേദിയില്‍ അറബനമുട്ടും ദഫ്മുട്ടും കോല്‍ക്കളിയും അരങ്ങേറിയപ്പോള്‍ രാവിലെ കാണികള്‍ കുറവായിരുന്നെങ്കിലും പിന്നീട് സജീവമായി. എന്നാല്‍, പിന്നീട് പലപ്പോഴും ഇത് തര്‍ക്കവേദിയുമായി. ജില്ലയില്‍ സ്ഥിരമായി തര്‍ക്കമുണ്ടാകുന്ന ദഫ്മുട്ടിലും കോല്‍ക്കളിയിലും ഇക്കൊല്ലവും അപ്പീലുകള്‍ക്ക് കുറവില്ല. ഏറ്റവും വാശിയേറിയ മത്സരങ്ങള്‍ നടന്നത് കോല്‍ക്കളിയിലും ദഫ്മുട്ടിലും അറബനമുട്ടിലുമായിരുന്നു. എന്നാല്‍, എല്ലാ വിഭാഗത്തിലും രണ്ടോ മൂന്നോ ടീമുകളൊഴികെ നിലവാരം പുലര്‍ത്തിയില്ലെന്ന് വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു. എന്‍.സി.സി, എന്‍.എസ്.എസ് വളൻറിയര്‍മാരായ വിദ്യാര്‍ഥികള്‍ മേളയുടെ നിയന്ത്രണത്തിനൊപ്പം ശുചീകരണത്തിലും സജീവമായി.
COMMENTS