ജലോത്സവങ്ങള്‍ക്കായി നാടൊരുങ്ങി

10:08 AM
11/09/2016

പത്തനംതിട്ട: ഓണക്കാലത്ത് നടക്കുന്ന ജലോത്സവങ്ങള്‍ക്കായി നാടൊരുങ്ങി. പമ്പാനദിയില്‍ റാന്നി മുതല്‍ മാന്നാര്‍വരെയുള്ള സ്ഥലങ്ങളിലാണ് ഓണക്കാലത്ത് ജലോത്സവങ്ങള്‍ അരങ്ങേറുന്നത്. ഇതില്‍ ഏറ്റവും പ്രസിദ്ധം ആറന്മുള ഉത്രട്ടാതി ജലമേളയാണ്. ആറന്മുള പാര്‍ഥസാരഥി ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ് ആറന്മുള ജലമേള. ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനമെന്ന് വിശ്വസിക്കപ്പെടുന്ന ചിങ്ങത്തിലെ ഉത്രട്ടാതി നാളിലാണ് ജലമേള നടക്കുന്നത്.
തിരുവോണ സദ്യക്കുള്ള വിഭവങ്ങളുമായി കാട്ടൂര്‍ മങ്ങാട്ടില്ലത്തുനിന്ന് തിരുവാറന്മുള ക്ഷേത്രത്തിലേക്ക് വരുന്ന ഭട്ടതിരിയുടെ തോണിയെ അക്രമികളില്‍നിന്ന് സംരക്ഷിക്കാനായി അകമ്പടി സേവിച്ചിരുന്ന പള്ളിയോടങ്ങളുടെ ഓര്‍മ പുതുക്കാന്‍ വേണ്ടിയാണ് വള്ളംകളി നടക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ജലോത്സവത്തിന്‍െറ അവസാനവട്ട ഒരുക്കത്തിലാണ് പള്ളിയോട സേവാസംഘവും പള്ളിയോട കരക്കാരും. ഇത്തവണ 50 പള്ളിയോടങ്ങളാണ് ജലോത്സവത്തില്‍ പങ്കെടുക്കുന്നത്. ജലോത്സവത്തിനു പള്ളിയോടങ്ങളുടെ ബാച്ചും ട്രാക്കും നിശ്ചയിച്ചുകഴിഞ്ഞു.
14 ബാച്ചുകളാണ് ജലമേളക്കായി നിശ്ചയിച്ചിട്ടുള്ളത്. 17ന് ഉച്ചക്ക് 1.30ന് ജലഘോഷയാത്രയോടെയാണ് ജലോത്സവം ആരംഭിക്കുന്നത്.
ജില്ലയുടെ അതിര്‍ത്തിയില്‍ ഉള്‍പ്പെടുന്ന മാന്നാര്‍ മാഹാത്മാഗാന്ധി ജലോത്സവം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് മാന്നാര്‍ മഹാത്മാ വാട്ടര്‍ സ്റ്റേഡിയത്തില്‍ നടക്കും. എട്ട് ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 40 കളിവള്ളങ്ങള്‍ പങ്കെടുക്കും. ഈ വര്‍ഷത്തെ മഹാത്മാഗാന്ധി അവാര്‍ഡ് വ്യവസായ പ്രമുഖന്‍ തുഷാര്‍ ഗാന്ധി വിതരണം ചെയ്യും.
ശാന്തിഗിരി മഠാധിപതി സ്വാമി ജ്ഞാനതപസ്വി പ്രഭാഷണം നടത്തും. രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ.പി.ജെ. കുര്യന്‍ ഉദ്ഘാടനം ചെയ്യും. അഡ്വ. എന്‍. ഷൈലാജ് അധ്യക്ഷതവഹിക്കും. ജലഘോഷയാത്ര മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. മന്ത്രി മാത്യു ടി. തോമസ്, കര്‍ണാടക മന്ത്രി യു.ടി. ഖാദര്‍, സിനിമാതാരം വിനീത് കൗര്‍ എന്നിവര്‍ സംബന്ധിക്കും.
കെ.സി. മാമ്മന്‍ മാപ്പിള ട്രോഫിക്കുവേണ്ടിയുള്ള 60ാമത് നീരേറ്റുപുറം ഉത്രാടം തിരുനാള്‍ പമ്പാ ജലമേള 13ന് ഉച്ചക്ക് 2.30ന് നീരേറ്റുപുറം പമ്പാ വാട്ടര്‍ സ്റ്റേഡിയത്തില്‍ നടക്കും. കുട്ടനാട്ടിലെ പ്രമുഖ ജലരാജാക്കന്മാര്‍ ഉള്‍പ്പെടെ 45ല്‍പരം കളിവള്ളങ്ങള്‍ വള്ളംകളിയില്‍ പങ്കെടുക്കും.
റാന്നി അവിട്ടം ജലോത്സവം 15ന് പമ്പാ നദിയിലെ മുണ്ടപ്പുഴ ഡെല്‍റ്റ കടവിനും പെരുമ്പുഴ കടവിനും മധ്യേയുള്ള നെട്ടായത്തില്‍ നടക്കും.
വഞ്ചിപ്പാട്ടിന്‍െറ താളത്തിനൊത്ത് തുഴഞ്ഞ് എത്തുന്ന വര്‍ണാഭമായ ജലഘോഷയാത്രയും മത്സരവള്ളംകളിയും ഉണ്ടാകും. 13 പള്ളിയോടങ്ങള്‍ പങ്കെടുക്കും. ഉച്ചക്ക് രണ്ടിന് ജലഘോഷയാത്രയും തുടര്‍ന്ന് മത്സരവള്ളംകളിയും ആരംഭിക്കും.
വിജയികള്‍ക്ക് കാഷ് അവാര്‍ഡും പങ്കെടുക്കുന്ന പള്ളിയോടങ്ങള്‍ക്ക് പ്രത്യേക ഗ്രാന്‍റും നല്‍കും.
അയിരൂര്‍ മാനവമൈത്രി ചതയ ജലോത്സവം 16ന് നടക്കും. 1.30ന് പുതിയകാവ് ക്ഷേത്രക്കടവിലാണ് ജലോത്സവം. അയിരൂര്‍ പഞ്ചായത്ത് നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍, ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, സ്പോര്‍ട്സ് കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെയാണ് ജലമേള. രാവിലെ 10ന് പതാക ഉയര്‍ത്തല്‍. 10.30ന് അത്തപ്പൂക്കള മത്സരം, 11.30ന് വഞ്ചിപ്പാട്ട് മത്സരം, 1.30ന് മന്ത്രി മാത്യു ടി. തോമസ് ജലോത്സവം ഉദ്ഘാടനം ചെയ്യും.
ജലഘോഷയാത്ര രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തോമസ് തമ്പി അധ്യക്ഷതവഹിക്കും. ആന്‍േറാ ആന്‍റണി എം.പി മുഖ്യപ്രഭാഷണം നടത്തും. അയിരൂര്‍, ഇടപ്പാവൂര്‍, പേരൂര്‍, കോറ്റാത്തൂര്‍, ഇടക്കുളം, മേലുകര, നെടുംപ്രയാര്‍, കീക്കൊഴൂര്‍, കുറിയന്നൂര്‍, കോഴഞ്ചേരി, പുല്ലൂപ്രം, ചിറയിറപ്പ്, പുന്നംതോട്ടം, ഇടശ്ശേരിമല, തെക്കേമുറി, മാരാമണ്‍, കാട്ടൂര്‍, ചെറുകോല്‍, റാന്നി, കീഴുകര, ഇടശേരിമല കിഴക്ക് എന്നീ പള്ളിയോടങ്ങളാണ് ജലഘോഷയാത്രയില്‍ പങ്കെടുക്കുന്നത്.

Loading...
COMMENTS