Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജില്ലയില്‍...

ജില്ലയില്‍ നെല്ലുല്‍പാദനത്തില്‍ വന്‍കുറവ്

text_fields
bookmark_border
തിരുവല്ല: അപ്പര്‍കുട്ടനാടിന്‍െറ നെല്ലറകള്‍ കനിയാത്തതിനാല്‍ ഇത്തവണ ജില്ലയിലെ ഓണസദ്യകള്‍ക്ക് മറുനാടന്‍ പാക്കറ്റ് അരിതന്നെ ശരണം. കഴിഞ്ഞ കൊയ്ത്തുകാലം കഴിഞ്ഞപ്പോള്‍ ജില്ലയില്‍ നെല്ലുല്‍പാദനത്തില്‍ വന്‍കുറവ് ഉണ്ടായതാണ് നാടന്‍ അരി ലഭ്യമാകാത്തത്. മുന്‍കാലങ്ങളില്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ അടക്കം ഓണച്ചന്തകളില്‍ നെല്ലുകുത്തിയ നാടന്‍ അരികള്‍ ലഭ്യമായിരുന്നു. കൂടാതെ മധ്യകേരളത്തിലെ അരിവിലയിലും ജില്ലയിലെ നെല്ലുല്‍പാദനത്തിലെ കുറവ് ഏറെ സ്വാധീനിച്ചിരുന്നു. വേനല്‍മഴ പെയ്യാതിരുന്നിട്ടും സപൈ്ളകോ സംഭരിച്ചത് 8,143 ടണ്‍ നെല്ല് മാത്രമാണ്. കഴിഞ്ഞ വര്‍ഷം 8,237 ടണ്‍ സംഭരിച്ച സ്ഥാനത്താണിത്. നെല്ലുല്‍പാദനത്തിന്‍െറ ഭൂരിഭാഗവും തിരുവല്ല താലൂക്കില്‍നിന്നാണ് 7,062 ടണ്‍. അടൂര്‍ 461, മല്ലപ്പള്ളി 290, കോഴഞ്ചേരി 166, കോന്നി 154, റാന്നി ഏഴ് എന്നിങ്ങനെയാണ് താലൂക്ക് തിരിച്ചുള്ള ഉല്‍പാദനം. 1,063 ഹെക്ടറിലായി 1,615 കര്‍ഷകര്‍ കൃഷിയിറക്കി. കഴിഞ്ഞ വര്‍ഷം കൃഷി ഇറക്കിയ 530 ഏക്കര്‍ പാടത്ത് ഇക്കുറി കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചു. നിരണം (400 ഏക്കര്‍), കടപ്ര (60), പെരിങ്ങര (70), മഴയില്‍ ശരാശരി 600700 ടണ്‍ നെല്ല് എല്ലാ വര്‍ഷവും നഷ്ടപ്പെടാറുണ്ട്. കാലാവസ്ഥ അനുകൂലമായിരുന്നതിനാല്‍ ഈ നഷ്ടം ഒഴിവായി. മലയാളികള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന മട്ട ഇനത്തില്‍പെട്ട ഉമ (ഡി ഒന്ന്), ജ്യോതി (1285) നെല്ലിനങ്ങളാണ് ജില്ലയില്‍ കൃഷിയിറക്കുന്നത്. ഇതില്‍ 85 ശതമാനവും ഉമയാണ്. എറണാകുളം, കോട്ടയം ജില്ലകളില്‍നിന്നുള്ള 17 മില്ലുകള്‍ സപൈ്ളകോക്കുവേണ്ടി നെല്ല് സംഭരിച്ചപ്പോള്‍ 17.5 കോടിയാണ് സംഭരണയിനത്തില്‍ കര്‍ഷകര്‍ക്കു ലഭിക്കുന്നത്. ഇതില്‍ 11.55 കോടി നല്‍കി കഴിഞ്ഞു. ഇനി 5.95 കോടി കൂടി നല്‍കാനുണ്ട്. കിലോക്കു 21.50 രൂപ നിരക്കിലാണ് സംഭരിച്ചത്. 70 ഏക്കര്‍ വരുന്ന കടപ്ര പരുത്തിക്കല്‍ പാടത്തു കുട്ടനാട്ടിലെ കര്‍ഷകര്‍ പാട്ടത്തിനെടുത്തു കൃഷി ചെയ്തയിടത്താണ് ജില്ലയിലെ ഏറ്റവും മികച്ച വിളവുകിട്ടിയത്. നിരണം പഞ്ചായത്തിലെ 375 ഏക്കര്‍ വരുന്ന നിരണത്തുതടം, 20 ഏക്കറുള്ള വരാപ്പാടം എന്നിവിടങ്ങളില്‍ ഈ വര്‍ഷം കൃഷിയിറക്കിയില്ല. നിരണംതടം പാടത്തിനു നടുവിലൂടെ പോകുന്ന തോടിന്‍െറ ആഴം കൂട്ടുന്ന ജോലിയും മോട്ടോര്‍ തറയുടെ നിര്‍മാണവും ജില്ലാ പഞ്ചായത്ത് നേതൃത്വത്തില്‍ നടന്നുവരികയാണ്. ഇതു പൂര്‍ത്തിയാകാതിരുന്നതാണു കാരണം. വരാപ്പാടത്തു നിലം കൃഷിക്കായി ഒരുക്കിയിരുന്നെങ്കിലും മോട്ടോര്‍ ഇല്ലാതിരുന്നതിനാല്‍ വെള്ളം ഒഴുക്കി വിടാന്‍ കഴിഞ്ഞില്ല. പെരിങ്ങരയിലെ 70 ഏക്കറുള്ള മൂന്നാംവേലി താമരവേലിയിലും കൃഷിയിറക്കാന്‍ കഴിഞ്ഞില്ല. കടപ്ര പഞ്ചായത്തിലെ മണിയനാംകുഴി പാടം 30 ഏക്കര്‍ കൃഷി ചെയ്തില്ല. മറ്റൊരു പാടമായ കാക്കയില്‍ പാടശേഖരം 2008നു ശേഷം ഇതുവരെയും കൃഷി ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, മൂന്നു വര്‍ഷം കൃഷി ചെയ്യാതിരുന്ന മോര്‍വേലി പാടത്തെ പത്തേക്കറില്‍ ഈ വര്‍ഷം കൃഷി ചെയ്തു. അപ്പര്‍ കുട്ടനാട്ടില്‍ പല പാടശേഖരവും രണ്ടാം കൃഷിക്ക് അനുയോജ്യമാണെങ്കിലും കൃഷി നടക്കാറില്ല. പെരിങ്ങര കൈപ്പാല പടിഞ്ഞാറ് 50 ഏക്കറില്‍ ഈ വര്‍ഷം രണ്ടാം കൃഷി ചെയ്യാന്‍ തുടങ്ങിയതായി കര്‍ഷകര്‍ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളുടെ കുറവാണ് അപ്പര്‍ കുട്ടനാട്ടിലെ നെല്‍കൃഷി ഇപ്പോഴും അവതാളത്തിലാക്കുന്നത്. കര്‍ഷകരെ ഏകോപിപ്പിക്കാനും വ്യക്തമായ മാര്‍ഗരേഖ നല്‍കാനും കൃഷിവകുപ്പിനു കഴിയാറില്ല. എല്ലാം കര്‍ഷകര്‍ ചെയ്യുന്നു, നേട്ടം കൃഷിവകുപ്പു കൊയ്യുന്നു എന്നാണു കര്‍ഷകരുടെ നിലപാട്. കുട്ടനാടു പാക്കേജില്‍ ഉള്‍പ്പെടുത്തി പുറം ബണ്ടുകളുടെ നിര്‍മാണം ഒന്നുപോലും നടത്താത്ത ജില്ലയാണ് പത്തനംതിട്ട. പെരിങ്ങരയിലെ 21 പാടശേഖരങ്ങള്‍ക്കു ബണ്ട് നിര്‍മിക്കാന്‍ പദ്ധതി തയാറാക്കിയിരുന്നതാണ്. അടുത്ത വര്‍ഷം ജില്ലയിലെ നെല്ലുല്‍പാദനം 10,000 ടണ്ണിലത്തെിക്കുക എന്ന ലക്ഷ്യമാണ് ജില്ലാ പഞ്ചായത്തിനുള്ളതെന്ന് അംഗവും അപ്പര്‍ കുട്ടനാട് നെല്ലുല്‍പാദകസമിതി പ്രസിഡന്‍റ് കൂടിയായ സാം ഈപ്പന്‍ പറഞ്ഞു. കര്‍ഷകരുടെയും കൃഷിയുടെയും ഏകോപനം സാധ്യമാക്കിയാല്‍ ലക്ഷ്യം കൈവരിക്കാനാകും. കൃഷിവകുപ്പ് കാര്‍ഷിക കലണ്ടര്‍ തയാറാക്കണം. കാലാവസ്ഥക്ക് അനുകൂലമായി കൃഷി ചെയ്യുകയും ഉപകരണങ്ങളുടെ ലഭ്യത ഉറപ്പാക്കുകയുമാണ് വേണ്ടത്. ഇപ്പോള്‍ മൂന്നു മാസം നീളുന്ന കൊയ്ത്ത് ഒന്നരമാസംകൊണ്ട് പൂര്‍ത്തിയാക്കണം. മാര്‍ച്ച് ആദ്യം തുടങ്ങി ഏപ്രില്‍ 15നകം പൂര്‍ത്തിയാക്കിയാല്‍ വേനല്‍മഴ മൂലമുണ്ടാകുന്ന നഷ്ടം ഒഴിവാക്കാന്‍ കഴിയും.
Show Full Article
TAGS:LOCAL NEWS 
Next Story