Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനോട്ടുമാറാന്‍...

നോട്ടുമാറാന്‍ ബാങ്കുകളിലേക്ക് ജനപ്രവാഹം

text_fields
bookmark_border
പത്തനംതിട്ട: അസാധുവായ 500ന്‍െറയും 1000ന്‍െറയും നോട്ടുകള്‍ മാറ്റിവാങ്ങാന്‍ ബാങ്കുകളില്‍ ജനപ്രവാഹം. പല ബാങ്കുകളുടെയും മുന്നില്‍ രാവിലെ മുതല്‍ ജനം തടിച്ചുകൂടിയത് ബഹളത്തിന് ഇടയാക്കി. എത്തുന്ന ആളുകളുടെ എണ്ണം ക്രമേണ വര്‍ധിച്ചതോടെ നിയന്ത്രിക്കാനാവാതെ ബാങ്ക് അധികൃതര്‍ കുഴങ്ങി. പല ബാങ്കുകളുടെയും മുന്നില്‍ നീണ്ട ക്യൂ വൈകീട്ടുവരെ കാണപ്പെട്ടു. ചില ബാങ്കുകള്‍ ഏറെ വൈകിയാണ് അടച്ചത്. നഗരത്തിലെ മുഴുവന്‍ ബാങ്കുകളിലും ഉപഭോക്താക്കളുടെ വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടത്. ഗ്രാമപ്രദേശങ്ങളിലുള്ള ബാങ്കുകളിലും തിരക്കും കുറവില്ലായിരുന്നു. ദൈനംദിന ചെലവുകള്‍ക്കായി മിക്കവരുടെയും കൈയില്‍ പണം ഇല്ലാതായതാണ് എല്ലാവരെയും വലച്ചത്. ചില ബാങ്കുകളില്‍ ആശവ്യമായ മുന്നൊരുക്കവും സ്ഥല ക്രമീകരണങ്ങളും ഇല്ലാത്തത് പ്രശ്നമായി. പിന്നീട് പുറത്ത് ക്യൂ നിര്‍ത്തിയശേഷം ബാങ്കിലേക്ക് കടത്തിവിട്ടു. പ്രായമായവരും വികലാംഗരും ക്യൂവില്‍ മണിക്കൂറുകളോളം ചെലവഴിച്ചാണ് ഇടപാടുകള്‍ നടത്തിയത്. പഴയ നോട്ടുകള്‍ മാറി വാങ്ങാന്‍ പ്രത്യേകഫോറം പൂരിപ്പിച്ച് തിരിച്ചറിയല്‍ രേഖകളും ഹാജരാക്കിയിരുന്നു. ഒരുതവണ 4000 രൂപ വരെയാണ് മാറി നല്‍കുന്നത്. അസാധുവായ നോട്ടുകള്‍ കൈവശമുണ്ടായിരുന്നവര്‍ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു. മിക്ക ബാങ്കുകളിലും പ്രത്യേകം കൗണ്ടറുകള്‍ പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ പേരെ നിയമിച്ചിട്ടുണ്ട്. പത്തനംതിട്ടയില്‍ ആലുക്കാസിന് സമീപം പ്രവര്‍ത്തിക്കുന്ന എസ്.ബി.ഐ ശാഖയില്‍ വ്യാഴാഴ്ച രാവിലെ മുതല്‍ ഉപഭോക്താക്കളുടെ വിലയ തിരക്കായിരുന്നു. പ്രധാന ചെസ്റ്റ് ബാങ്കായ ഇവിടെ രണ്ട് കൗണ്ടറുകള്‍ കൂടി പ്രത്യേകമായി തുറന്നു. ആര്‍.ബി.ഒയുടെ ആലപ്പുഴ റീജനല്‍ കണ്‍ട്രോള്‍ ഓഫിസില്‍നിന്ന് പ്രത്യേകം ജീവനക്കാരെ ചെസ്റ്റ് ബാങ്കുകളില്‍ നിയോഗിച്ചിട്ടുണ്ട്. ഇവിടെനിന്നാണ് ജില്ലയിലെ 15 ചെസ്റ്റ് ബ്രാഞ്ചുകള്‍ക്കും എസ്.ബി.ഐയുടെ എട്ട് ബ്രാഞ്ചുകള്‍ക്കും പണം എത്തിക്കുന്നത്. ജില്ലയില്‍ വിതരണത്തിനായി 300 കോടിയുടെ രണ്ടായിരത്തിന്‍െറ നോട്ട് വിവിധ ബാങ്കുകള്‍ക്കായി വീതിച്ചുനല്‍കിയിരിക്കുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ രാവിലെ 2000 രൂപയുടെ നോട്ടുകള്‍ വിതരണം ആരംഭിച്ചിരുന്നു. എന്നാല്‍, പത്തനംതിട്ട എസ്.ബി.ഐയില്‍ ഉച്ചക്കുശേഷമാണ് 2000 രൂപ നോട്ട് വിതരണം തുടങ്ങിയത്. 50, 20,10 രൂപ നോട്ടുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. 100 രൂപയുടെ 40 കോടിയും 50 രൂപയുടെ 10 കോടിയും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എസ്.ബി.ഐ ചീഫ് മാനേജര്‍ പി.ഒ. മോഹനന്‍ പറഞ്ഞു. വ്യാഴാഴ്ച ഉച്ചക്ക് 12വരെ 105 പേര്‍ക്ക് മാത്രമേ പഴയ നോട്ടുകള്‍ മാറ്റിനല്‍കാനായുള്ളൂ. അപ്പോഴും പുറത്ത് നീണ്ടനിര കാണാമായിരുന്നു. ബാങ്കുകളുടെ കറന്‍സി ചെസ്റ്റുകളിലേക്ക് ചെറിയ തുകയുടെ നോട്ടുകള്‍ നേരത്തേ എത്തിച്ചിരുന്നു. ഇനിയുള്ള ദിവസങ്ങളില്‍ ചെറിയ തുകയുടെ നോട്ടുകള്‍ വലിയ പ്രതിസന്ധി ഉണ്ടാകില്ളെന്നാണ് കരുതുന്നത്. എന്നാല്‍, 500 രൂപയുടെ പുതിയനോട്ട് ബാങ്കുകളില്‍ ഇനിയും എത്തിയിട്ടില്ല. എല്ലാ ബാങ്കുകളുടെയും ശാഖകളില്‍നിന്ന് ശേഖരിക്കുന്ന അസാധുവായ നോട്ടുകള്‍ കറന്‍സി ചെസ്റ്റുകളിലേക്കും ബാങ്കുകളുടെ പൂളിങ് സെന്‍ററുകളിലേക്കും മാറ്റുകയാണ്. ഇത് പിന്നീട് റിസര്‍വ് ബാങ്കിലേക്ക് മാറ്റും. എ.ടി.എമ്മില്‍നിന്ന് പഴയ നോട്ടുകള്‍ മാറ്റുന്ന ജോലി വ്യാഴാഴ്ച പൂര്‍ത്തിയായി. വെള്ളിയാഴ്ച മുതല്‍ എ.ടി.എമ്മുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങും. ഇതോടെ ബാങ്കുകളിലെ തിരക്കിന് അല്‍പം ശമനമുണ്ടാകും. കുറെ ദിവസങ്ങള്‍ കൂടി ബാങ്കുകളിലെ തിരക്ക് തുടരണം. വ്യാഴാഴ്ചയും ജില്ലയിലെ വ്യാപാര മേഖലയില്‍ കച്ചവടം തീരെ കുറഞ്ഞു. പച്ചക്കറിക്കട മുതല്‍ ജ്വല്ലറികള്‍ വരെയുള്ള വ്യാപാര സ്ഥാപനങ്ങളില്‍ കച്ചവടം തീരെയില്ലായിരുന്നു. വാഹന വിപണിയും നിര്‍ജീവമായിരുന്നു. പലരുടെയും കൈയില്‍ ചെറിയ രൂപയുടെ നോട്ടുകള്‍ ഇല്ലാത്തതിനാല്‍ ഹോട്ടലുകളില്‍ കയറി ഭക്ഷണം കഴിക്കാന്‍പോലും തയാറായിട്ടില്ല. ട്രഷറി പ്രവര്‍ത്തനം നിര്‍ത്തിവെച്ചത് സര്‍ക്കാര്‍ ജീവനക്കാരെയും പെന്‍ഷന്‍ വാങ്ങുന്നവരെയും ഏറെ ബുദ്ധിമുട്ടിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഒരിടത്തും പഴയ നോട്ടുകള്‍ വ്യാഴാഴ്ച സ്വീകരിച്ചില്ല.
Show Full Article
TAGS:LOCAL NEWS 
Next Story