Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഏഴംകുളം...

ഏഴംകുളം പഞ്ചായത്തിന്‍െറ അനാസ്ഥ; ഏനാത്ത് കവല മാലിന്യക്കൂമ്പാരം

text_fields
bookmark_border
അടൂര്‍: ഏഴംകുളം ഗ്രാമപഞ്ചായത്തിന്‍െറ അനാസ്ഥ കാരണം ഏനാത്തുകവലയും പരിസരവും മാലിന്യം നിറഞ്ഞ് പകര്‍ച്ചവ്യാധി ഭീഷണിയില്‍. ലക്ഷങ്ങള്‍ മുടക്കി ഏനാത്ത് ചന്തയില്‍ മാലിന്യ സംസ്കരണ പ്ളാന്‍റ് നിര്‍മിച്ചിരുന്നെങ്കിലും കരാറുകാരന്‍ കബളിപ്പിച്ചതിനാലാണെന്നു പറയുന്നു. ഇതിന് കുറഞ്ഞ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എം.സി റോഡരികിലും ഏഴംകുളം-കടമ്പനാട് മിനിഹൈവേക്കരികിലുമാണ് പച്ചക്കറി മാലിന്യവും അറവുമാടുകളുടെ അവശിഷ്ടങ്ങളും തള്ളുന്നത്. വ്യാപാരസ്ഥാപനങ്ങളില്‍നിന്ന് പുറന്തള്ളുന്ന മാലിന്യം പാതക്കരികില്‍ കിടന്ന് ചീഞ്ഞുനാറുകയാണ്. പ്ളാസ്റ്റിക് മാലിന്യംവേറെ. ഇറച്ചിക്കടകളില്‍നിന്നും കോഴിക്കടകളില്‍നിന്നുമുള്ള അവശിഷ്ടങ്ങള്‍ ചാക്കില്‍ കെട്ടി റോഡിലും കല്ലടയാറ്റിലും തള്ളുന്നു. ആറു ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച മാലിന്യസംസ്കരണ യൂനിറ്റ് 2008 ഏപ്രില്‍ 29നാണ് പ്രവര്‍ത്തനം തുടങ്ങിയത്. ശേഖരിക്കുന്ന മാലിന്യം സംസ്കരണ യൂനിറ്റില്‍ നിക്ഷേപിച്ച് ജൈവവളവും വൈദ്യുതിയും ഉല്‍പാദിപ്പിക്കുകയാണ് ചെയ്തിരുന്നത്. എന്നാല്‍, പ്രതിദിനം 40 കിലോയിലധികം ഖരമാലിന്യം യൂനിറ്റിന് ആവശ്യമില്ലായിരുന്നു. പച്ചക്കറി മാലിന്യമാണ് ഇതില്‍ ഉപയോഗിച്ചിരുന്നതും. അതിനാല്‍ മറ്റു മാലിന്യം സംസ്കരിക്കാനാകാതെ വഴിവക്കില്‍ കിടക്കും. സംസ്കരണ യൂനിറ്റില്‍ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ചാണ് ചന്തയിലെയും പരിസരത്തെയും വഴിവിളക്കുകള്‍ തെളിച്ചിരുന്നത്. യൂനിറ്റിന്‍െറ പ്രവര്‍ത്തനം നിലച്ചപ്പോള്‍ വിളക്കുകളും തെളിയാതായി. പ്ളാന്‍റ് സ്ഥാപിച്ച ഏജന്‍സി ഒരു വര്‍ഷത്തെ പ്രവര്‍ത്തന കാലാവധിയാണ് കരാറില്‍ പറഞ്ഞിരുന്നതത്രേ. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഏജന്‍സി പ്രവര്‍ത്തന മേല്‍നോട്ടം നിര്‍ത്തിപോയി. പിന്നീട് പ്ളാന്‍റ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞില്ല. പ്ളാന്‍റിന്‍െറ ശേഷി സംബന്ധിച്ച്് കരാര്‍ ഏറ്റെടുക്കുതിനു മുമ്പ്് പറഞ്ഞിരുന്നതുപോലെയല്ല ഏജന്‍സി പ്രവര്‍ത്തിച്ചതെന്ന് ഗ്രാമപഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. മാലിന്യ സംസ്കരണ പ്ളാന്‍റ് എന്ന് പേരില്‍ തട്ടിക്കൂട്ടു പരിപാടി നടത്തി പണം വാങ്ങി സ്ഥലം വിട്ട ഏജന്‍സിക്കെതിരെ നിയമനടപടിക്കുപോലും അധികൃതര്‍ തുനിഞ്ഞില്ല. ഇപ്പോള്‍ ഇവിടെ മത്സ്യ വില്‍പനക്കാര്‍ കൈയടക്കിയിരിക്കുകയാണ്. യൂനിറ്റിന്‍െറ അറ്റകുറ്റപ്പണിക്കായുള്ള സാധനങ്ങള്‍ എറണാകുളത്തുനിന്ന് എത്തിച്ച് ഉടന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് കെ. പ്രസകുമാര്‍ ആറു വര്‍ഷം മുമ്പും പ്ളാന്‍റ് വികസിപ്പിച്ച് പുതിയ പദ്ധതി പ്രാവര്‍ത്തികമാക്കുമെന്ന് കഴിഞ്ഞ ഭരണസമിതി പ്രസിഡന്‍റ് ബെസി ദാനിയേലും തദ്ദേശവാസികള്‍ക്കു നല്‍കിയ ഉറപ്പുപാലിക്കപ്പെട്ടില്ല. ഇപ്പോഴത്തെ പ്രസിഡന്‍റ് വിജു രാധാകൃഷ്ണനും വാഗ്ദാനം ആവര്‍ത്തിച്ചിട്ടുണ്ട്. നൂറുകണക്കിന് ജനങ്ങളാണ് ദിനംപ്രതി ഏനാത്ത് വന്നുപോകുന്നത്. പൊലീസ് സ്റ്റേഷന്‍ പരിസരത്തും ചന്തയുടെ സമീപത്തും കല്ലടയാറിന് തീരവും മാലിന്യംകൊണ്ട് നിറഞ്ഞിരിക്കുകയാണ്. മാലിന്യ പ്ളാന്‍റ് സ്ഥാപിക്കാതെ ഉത്തരവാദിത്തം വ്യാപാരികളുടെ മേല്‍കെട്ടിവെച്ച് തലയൂരാനാണ് പഞ്ചായത്ത് അധികൃതര്‍ ശ്രമിക്കുന്നതെന്നാണ് വ്യാപാരികളുടെ പരാതി. ടൗണ്‍ വൃത്തിയാക്കുന്ന പഞ്ചായത്തിലെ ജീവനക്കാര്‍ ടൗണിലെ മാലിന്യം മുഴുവനും തള്ളുന്നത് ചന്തക്ക് സമീപമാണ്. ഇതും വ്യാപാരികളുടെ മേല്‍ കെട്ടിയേല്‍പിക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമം. ചന്തയില്‍ കുന്നുകൂടുന്ന മാലിന്യം സമീപത്തെ വെള്ളക്കെട്ടിലേക്ക് തള്ളുന്നതിനാല്‍ പാരിസ്ഥിതിക പ്രശ്നവും ഉടലെടുത്തിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story