Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകുളനട പഞ്ചായത്ത് ...

കുളനട പഞ്ചായത്ത് മിനിസ്റ്റേഡിയത്തിന് ശാപമോക്ഷം

text_fields
bookmark_border
പന്തളം: കാടുമൂടിക്കിടന്ന കുളനട പഞ്ചായത്ത് മിനിസ്റ്റേഡിയത്തിന് മോചനമായി.1988-95 കാലത്തെ പഞ്ചായത്ത് ഭരണസമിതി നേതൃത്വത്തില്‍ ഉളനാടിന് സമീപമാണ് പോളച്ചിറ ചിറയുടെ ഭാഗമായിരുന്ന സ്ഥലത്ത് മിനിസ്റ്റേഡിയം ആരംഭിക്കാന്‍ തുടക്കമിട്ടത്. അന്ന് പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന വി.പി. രാജശേഖരന്‍ നായര്‍ മുന്‍കൈയെടുത്താണ് കായികപ്രേമികളുടെ ആഗ്രഹം സഫലമാക്കാന്‍ പദ്ധതി തയാറാക്കിയത്. ചിറയോട് ചേര്‍ന്ന സ്ഥലമായതിനാല്‍ വെള്ളം കയറുന്ന സ്ഥലം മണ്ണിട്ട് ഉയര്‍ത്താന്‍ ബ്ളോക് പഞ്ചായത്ത് രണ്ടുതവണ തുക അനുവദിക്കുകയും സ്റ്റേഡിയത്തിന് മാറ്റിവെച്ച സ്ഥലത്തിന്‍െറ മുക്കാല്‍ ഭാഗത്തോളം മണ്ണിട്ട് ഉയര്‍ത്തി സ്റ്റേഡിയമായി രൂപപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണകാലത്ത് ഏഴു ലക്ഷം രൂപ മിനിസ്റ്റേഡിയത്തിന്‍െറ പുനരുദ്ധാരണത്തിന് അനുവദിച്ചെങ്കിലും പഞ്ചായത്ത് യഥാസമയം പ്രോജക്ട് നല്‍കാത്തതിനാല്‍ തുക പാഴായി. കാലാകാലങ്ങളില്‍ വന്ന പഞ്ചായത്ത് ഭരണസമിതികള്‍ സ്റ്റേഡിയത്തിന് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കിയതുമില്ല. കാടുകയറി ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായിരുന്നു മിനിസ്റ്റേഡിയം. ആവശ്യത്തിന് സ്ഥലമുണ്ടായിട്ടും ഓപണ്‍ എയര്‍ സ്റ്റേജില്ലാത്ത പഞ്ചായത്തും കുളനട തന്നെ. മുമ്പ് വോളിബാളും ബാഡ്മിന്‍റനും അടക്കം പല ടൂര്‍ണമെന്‍റുകളും നടന്ന സ്റ്റേഡിയം പിന്നീട് അധികൃതരുടെ അവഗണനക്ക് വിധേയമാകുകയായിരുന്നു. സ്റ്റേഡിയത്തിന് വകയിരുത്തിയ സ്ഥലം പൂര്‍ണമായും അളന്ന് തിട്ടപ്പെടുത്താനും 22 വര്‍ഷമായിട്ടും പഞ്ചായത്ത് അധികൃതര്‍ക്ക് കഴിഞ്ഞില്ല. പോളച്ചിറ ടൂറിസം പദ്ധതി കൂടി വരുന്നതോടെ ഇതിനു സമീപമുള്ള സ്റ്റേഡിയത്തിനും പ്രാധാന്യമേറുകയാണ്. പുതിയ പഞ്ചായത്ത് ഭരണസമിതി തെരഞ്ഞെടുക്കപ്പെട്ടതോടെ ഗ്രാമപഞ്ചായത്ത് അംഗമായ പോള്‍ രാജ് മുന്‍കൈയെടുത്ത് സ്റ്റേഡിയത്തിലെ കാടുവെട്ടിത്തെളിച്ചു. മിനിസ്റ്റേഡിയത്തിലെ മാലിന്യംതൊഴിലുറപ്പ് തൊഴിലാളികളുടെയും പ്രദേശത്തെ കായികപ്രേമികളുടെയും സഹകരണത്തോടെ നീക്കി. ഇതിനായി തൊഴിലുറപ്പ് പദ്ധതിയില്‍ 371 തൊഴില്‍ദിനങ്ങള്‍ അനുവദിച്ചു. കേരളോത്സവത്തിലെ കായികമത്സരങ്ങള്‍ നടത്താന്‍ പഞ്ചായത്ത് സ്കൂള്‍ മൈതാനമാണ് ഉപയോഗിക്കുന്നത്. കുളനട പഞ്ചായത്തിലെ കായികപ്രേമികള്‍ സ്വകാര്യ സ്ഥലമാണ് ഇപ്പോള്‍ പരിശീലനത്തിന് ഉപയോഗിക്കുന്നത്. മിനിസ്റ്റേഡിയം പുനരുദ്ധാരണം നടത്തി ഉപയോഗ്യമാക്കണമെന്നാണ് ആവശ്യം. ഇതിനായി പുതിയ പഞ്ചായത്ത് ഭരണസമിതിയില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണ് കായികപ്രേമികള്‍.
Show Full Article
TAGS:LOCAL NEWS 
Next Story