Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപൊടിയാടി ജങ്ഷനിലെ...

പൊടിയാടി ജങ്ഷനിലെ കൊടുംവളവില്‍ അപകടങ്ങള്‍ തുടര്‍ക്കഥ

text_fields
bookmark_border
തിരുവല്ല: കായംകുളം-തിരുവല്ല സംസ്ഥാന പാതയില്‍ പൊടിയാടി ജങ്ഷന് സമീപത്തെ കൊടുംവളവിലെയും സമീപത്തെ കൈവരി തകര്‍ന്ന കലുങ്കിനോട് ചേര്‍ന്നുള്ള ഭാഗത്തെയും കുഴികള്‍ വാഹനയാത്രികര്‍ക്ക് മരണക്കുഴിയാകുന്നു. ഒന്നരമണിക്കൂറിന്‍െറ വ്യത്യാസത്തില്‍ വ്യാഴാഴ്ച രാത്രി നിയന്ത്രണം നഷ്ടപ്പെട്ട് 20 അടി മാത്രം ദൂരപരിധിയുള്ള ഇരു കുഴിയിലും വീണ് അപകടത്തില്‍പെട്ടത് രണ്ടു വാഹനങ്ങള്‍. മാന്നാര്‍ ഭാഗത്തുനിന്നുവന്ന പാലാ ഭരണങ്ങാനം സ്വദേശിയുടെ ആള്‍ട്ടോ കാര്‍ രാത്രി 8.30ഓടെ കൊടുംവളവിലെ കുഴിയിലേക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു. പിന്നാലെ പത്തരയോടെ ഇതേ ദിശയില്‍നിന്നു വന്ന ലോട്ടറി വില്‍പനക്കാരനായ കൊല്ലം സ്വദേശിയുടെ നാനോ കാറും കൈവരി തകര്‍ന്ന കലുങ്കിന് സമീപത്തെ കുഴിയിലേക്ക് മറിഞ്ഞു. എട്ടടിയോളം താഴ്ചയുള്ള കുഴിയിലേക്കുവീണ വാഹനങ്ങളില്‍നിന്ന് നിസ്സാര പരിക്കുകളേറ്റ യാത്രക്കാരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. മുന്‍ എം.എല്‍.എ എലിസബത്ത് മാമ്മന്‍ മത്തായിയുടേത് ഉള്‍പ്പെടെ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പതിനഞ്ചോളം വാഹനങ്ങളാണ് ഈ ഭാഗത്ത് ഇത്തരത്തില്‍ അപകടത്തില്‍പെട്ടത്. രാത്രിയിലാണ് അപകടങ്ങളില്‍ ഏറെയും ഉണ്ടാകുന്നത്. കൊടുംവളവുള്ള ഈ ഭാഗത്ത് രാത്രി വാഹനം ഓടിക്കുന്നവര്‍ക്ക് റോഡിന്‍െറ ദിശ മനസ്സിലാക്കാന്‍ സാധിക്കാതെ പോകുന്നതാണ് വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തില്‍പെടാന്‍ ഇടയാക്കുന്നത്. കൈവരി തകര്‍ന്നു കിടക്കുന്ന ഭാഗത്തെ റോഡിന്‍െറ വീതിക്കുറവും കാടു വളര്‍ന്നുനില്‍ക്കുന്നതുമാണ് അപകടത്തിന് കാരണം. തെരുവുവിളക്കുകള്‍ തെളിയാത്തതും അപകടങ്ങള്‍ക്ക് ആക്കം കൂട്ടുന്നുണ്ട്. കൊടുംവളവ് ആരംഭിക്കുന്നയിടം മുതല്‍ കൈവരി തകര്‍ന്ന കലുങ്കുവരെയുള്ള ഭാഗംവരെ റോഡരികില്‍ റിഫ്ളക്ടറുകള്‍ പതിച്ച കൈവരി സ്ഥാപിക്കുകയും തെരുവു വിളക്കുകള്‍ പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
TAGS:LOCAL NEWS 
Next Story