Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപുതിയ...

പുതിയ പന്നിക്കുഴിപ്പാലത്തിലൂടെ ഒക്ടോബര്‍ 30നകം ഒറ്റവരി ഗതാഗതം

text_fields
bookmark_border
തിരുവല്ല: എം.സി റോഡില്‍ തിരുവല്ലയിലെ പുതിയ പന്നിക്കുഴിപ്പാലത്തിലൂടെ ഒക്ടോബര്‍ 30നകം ഒറ്റവരി ഗതാഗതം ആരംഭിക്കുമെന്ന് മാത്യു ടി. തോമസ് എം.എല്‍.എയുടെയും കലക്ടര്‍ എസ്. ഹരികിഷോറിന്‍െറയും സാന്നിധ്യത്തില്‍ തിരുവല്ല ആര്‍.ഡി.ഒ ഓഫിസില്‍ നടന്ന അവലോകന യോഗത്തില്‍ കെ.എസ്.ടി.പി അധികൃതര്‍ ഉറപ്പുനല്‍കി. പുതിയ പാലത്തിന്‍െറ കോണ്‍ക്രീറ്റിങ് ചൊവ്വാഴ്ച നടന്നതായി കെ.എസ്.ടി.പി അറിയിച്ചു. എം.സി റോഡില്‍ തിരുവല്ല മേഖലയിലെ കെ.എസ്.ടി.പിയുടെ റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനും തീരുമാനമായി. പുതിയ പന്നിക്കുഴി പാലത്തിലേക്കുള്ള സമീപന റോഡിന്‍െറ നിര്‍മാണം ഉടന്‍ ആരംഭിക്കും. 15 അടുക്കായി മണ്ണിട്ടാണ് സമീപന റോഡ് നിര്‍മിക്കുക. ഓരോ അടുക്കും മണ്ണിട്ട് ഉറപ്പിച്ച ശേഷമാകും വീണ്ടും മണ്ണ് നിക്ഷേപിക്കുക. നിശ്ചിത സമയത്തുതന്നെ പുതിയ പാലം വാഹന ഗതാഗതത്തിന് സജ്ജമാക്കണമെന്ന് കെ.എസ്.ടി.പി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി മാത്യു ടി. തോമസ് എം.എല്‍.എ പറഞ്ഞു. രാമഞ്ചിറയിലെ കലുങ്കിന്‍െറ നിര്‍മാണം ഒരുമാസം കൊണ്ട് പൂര്‍ത്തിയാക്കും. ഇതിന്‍െറ പകുതി പൂര്‍ത്തിയായിട്ടുണ്ട്. ഇവിടെയുള്ള ട്രാന്‍സ്ഫോര്‍മര്‍ മാറ്റിസ്ഥാപിച്ച് കലുങ്കിന്‍െറ പകുതി നിര്‍മിച്ച ഭാഗത്തുകൂടി വാഹനങ്ങള്‍ കടത്തി വിട്ടാകും ബാക്കി ഭാഗം പൂര്‍ത്തീകരിക്കുക. ജലം ഒലിച്ചുപോകാന്‍ സംവിധാനമില്ലാത്തതാണ് എം.സി റോഡിലെ വെള്ളക്കെട്ടിന് കാരണം. ഇരുവശത്തെയും സ്ഥലം റോഡിനെക്കാള്‍ ഉയര്‍ന്നുനില്‍ക്കുകയാണ്. കെ.എസ്.ടി.പിയുടെ റോഡ് നവീകരണത്തിന്‍െറ ഭാഗമായി ഓടകളുടെ നിര്‍മാണം കൂടി പൂര്‍ത്തിയായെങ്കിലേ വെള്ളക്കെട്ടിന് പരിഹാരമാകൂ. തിരുവല്ല ബൈപാസിന്‍െറ നിര്‍മാണം വളരെവേഗം നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടി നെഗോഷ്യേറ്റഡ് പര്‍ച്ചേയ്സിലൂടെ പരിഹരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇതിനായി കലക്ടര്‍ നടപടി തുടങ്ങിയിട്ടുണ്ട്. കെ.എസ്.ടി.പി രണ്ടാംഘട്ടത്തില്‍ മഴുവങ്ങാട് ചിറ മുതല്‍ രാമഞ്ചിറ വരെ തിരുവല്ല ടൗണിലൂടെയുള്ള റോഡില്ല. ഈ ഭാഗത്തിന്‍െറ അറ്റകുറ്റപ്പണിയും നവീകരണവും പൊതുമരാമത്ത് നിരത്തുവിഭാഗമായിരിക്കും നിര്‍വഹിക്കുക. ഇതിനായി അഞ്ചുകോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. കെ.എസ്.ടി.പി പദ്ധതിയില്‍ മഴുവങ്ങാടുനിന്ന് രാമഞ്ചിറ വരെയുള്ള ബൈപാസാണുള്ളത്. തിരുവല്ല-കുമ്പഴ റോഡ് ബി.എം ആന്‍ഡ് ബി.സി ടാറിങ്ങിനുള്ള നടപടി തുടങ്ങിയിട്ടുണ്ടെന്നും എം.എല്‍.എ പറഞ്ഞു. കിഴക്കന്‍മുത്തൂര്‍-നാട്ടുകടവ് റോഡിന്‍െറ അറ്റകുറ്റപ്പണി നടത്തണമെന്നും എം.എല്‍.എ നിര്‍ദേശിച്ചു. പുതിയ പന്നിക്കുഴിപ്പാലം നിശ്ചിത സമയത്തിനുള്ളില്‍ ഗതാഗത സജ്ജമാക്കുമെന്ന് കെ.എസ്.ടി.പി അധികൃതരില്‍നിന്ന് ഉറപ്പു ലഭിച്ചിട്ടുണ്ടെന്ന് കലക്ടര്‍ എസ്. ഹരികിഷോര്‍ പറഞ്ഞു. കലക്ടറേറ്റില്‍ കഴിഞ്ഞ മാസം ചേര്‍ന്ന യോഗത്തിന്‍െറ അടിസ്ഥാനത്തില്‍ പൈപ്പുകളുടെ അറ്റകുറ്റപ്പണി ജലഅതോറിറ്റി പൂര്‍ത്തിയാക്കി. എം.സി റോഡില്‍ ഒരുതവണ അടച്ച കുഴികള്‍ മഴയത്തെുടര്‍ന്നു വീണ്ടും രൂപപ്പെട്ടിട്ടുണ്ട്. ഇത് വീണ്ടും അടയ്ക്കുന്നതിന് കെ.എസ്.ടി.പി നടപടി സ്വീകരിക്കും. മുത്തൂര്‍-കാവുംഭാഗം റോഡ്, മുത്തൂര്‍-ബഥേല്‍പ്പടി റോഡ് എന്നിവയുടെ അറ്റകുറ്റപ്പണി പൊതുമരാമത്ത് നിരത്തുവിഭാഗം ഉടന്‍ നടത്തും. തിരുവല്ല ആര്‍.ഡി.ഒ എ. ഗോപകുമാര്‍, തിരുവല്ല തഹസീല്‍ദാര്‍ തുളസീധരന്‍ നായര്‍, കെ.എസ്.ടി.പി ഡെപ്യൂട്ടി റെസിഡന്‍റ് എന്‍ജിനീയര്‍ സാംസണ്‍ ലോറന്‍സ്, അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ സി.എം. സതീഷ്, വി.കെ. ശ്രുതി, കെ. ഹക്കീം, പി. സാമുവല്‍കുട്ടി, എന്‍.ജി. ശ്രീകുമാര്‍, റോയി തോമസ്, സി.പി. മധു, ജെ. അനില്‍കുമാര്‍, പി.എസ്. റോയ്, കെ.ആര്‍. രാജന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Show Full Article
TAGS:
Next Story