Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതര്‍ക്കങ്ങള്‍ക്ക്...

തര്‍ക്കങ്ങള്‍ക്ക് വിരാമം; പന്തളം 33 കെ.വി സബ്സ്റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നു

text_fields
bookmark_border
പന്തളം: പന്തളത്തെ 33 കെ.വി സബ്സ്റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നു. പൂഴിക്കാട് ചിറമുടിയില്‍ പഞ്ചായത്തില്‍നിന്ന് റവന്യൂവകുപ്പ് ഏറ്റെടുത്ത് കെ.എസ്.ഇ.ബിക്ക് നല്‍കിയ 75 സെന്‍റ് സ്ഥലത്താണ് സബ്സ്റ്റഷന്‍ നിര്‍മാണം ആരംഭിക്കുന്നത്. ഏറെ നാളത്തെ തര്‍ക്കത്തിനു ശേഷമാണ് പണി തുടങ്ങിയത്. സബ്സ്റ്റേഷനായി ഏറ്റെടുത്ത സ്ഥലത്ത് നിര്‍മാണം ആരംഭിക്കുന്നതിനായി കഴിഞ്ഞ ദിവസങ്ങളില്‍ കാടു തെളിച്ചുതുടങ്ങി. കെ.എസ്.ഇ.ബിയുടെ കോഴഞ്ചേരിയിലുള്ള കണ്‍സ്ട്രക്ഷന്‍ സബ് ഡിവിഷനാണ് നിര്‍മാണച്ചുമതല. പദ്ധതി പ്രദേശത്തെ കാട് പൂര്‍ണമായും തെളിച്ചുകഴിഞ്ഞാല്‍ സ്ഥലം മണ്ണിട്ടുനികത്തുന്നതാണ് അടുത്ത നടപടി. ബുധനാഴ്ച മണ്ണിട്ടുനികത്തുന്നതിനായി ജിയോളജി വകുപ്പിന്‍െറ അനുമതി ലഭിച്ചതായി പത്തനംതിട്ട ട്രാന്‍സ്മിഷന്‍ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ സുരേഷ് പറഞ്ഞു. മഴ കാരണം മണ്ണിടാന്‍ കഴിയുന്നില്ല. അടൂര്‍ സബ്സ്റ്റഷനില്‍ കൂട്ടിയിട്ടിരിക്കുന്ന മണ്ണാണ് പദ്ധതി പ്രദേശത്ത് ഇടുന്നത്. ആറുകോടി നിര്‍മാണച്ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ സ്കീമായ ഐ.പി.ഡി.എഫില്‍ ( ഇന്‍റഗ്രേറ്റഡ് പവര്‍ ഡെവലപ്മെന്‍റ് സ്കീം ) ഉള്‍പ്പെടുത്തി അംഗീകാരം ലഭിച്ചതോടെ പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള നടപടി ആകുന്നു. ഈ പദ്ധതിപ്രകാരം നിര്‍മാണച്ചെലവിന്‍െറ 75 ശതമാനം കേന്ദ്രസര്‍ക്കാര്‍ ധനസഹായമായി ലഭിക്കും. ബാക്കി തുക മാത്രമാണ് കെ.എസ്.ഇ.ബി മുടക്കേണ്ടി വരിക. പദ്ധതിയുടെ നിര്‍മാണച്ചുമതല നേരത്തേ പന്തളം ട്രാന്‍സ്മിഷന്‍ കണ്‍സ്ട്രക്ഷന്‍ വിഭാഗത്തിനായിരുന്നു. എന്നാല്‍, പദ്ധതി ആരംഭിക്കാന്‍ വൈകിയതോടെ ഈ ഓഫിസിന്‍െറ പ്രവര്‍ത്തനം റാന്നിയിലേക്ക് മാറ്റി. പെരുന്തേനരുവിയില്‍ നടപ്പാക്കുന്ന പദ്ധതിയുടെ നിര്‍മാണച്ചുമതലയാണ് ഇപ്പോള്‍ ഈ ഓഫിസിന്. പന്തളത്തെ നിര്‍മാണപ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ചുമതല വീണ്ടും ഈ ഓഫിസിന് തിരികെ നല്‍കുമെന്നറിയുന്നു. മണ്ണിട്ട് തറ നിരപ്പാക്കിയതിനുശേഷം ട്രാന്‍സ്മിഷന്‍ കണ്‍സ്ട്രക്ഷന്‍ വിഭാഗത്തിലെ ഉന്നതതലസംഘം ഭൂമിയുടെ ഉറപ്പുപരിശോധിച്ച് ബോധ്യപ്പെട്ടതിനുശേഷമേ തുടര്‍നടപടി ആരംഭിക്കൂ. കേന്ദ്രസര്‍ക്കാര്‍ സ്കീം പ്രകാരം രണ്ടുവര്‍ഷത്തിനകം പദ്ധതി പൂര്‍ത്തീകരിക്കണം. നാലു വര്‍ഷം മുമ്പ് കെ.എസ്.ഇ.ബി ഭൂമി അളന്നു തിട്ടപ്പെടുത്തി ഭൂമി പൂജ നടത്തി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ശ്രമിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ പണി മുടങ്ങി. സബ്സ്റ്റഷന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ പന്തളത്തെ വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരമാകും. ഇപ്പോള്‍ ഇടപ്പോണ്‍, അടൂര്‍ സബ്സ്റ്റഷനില്‍നിന്നുമാണ് പന്തളത്തേക്ക് വൈദ്യുതി എത്തിക്കുന്നത്.
Show Full Article
TAGS:
Next Story