Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമഴ വന്നാല്‍ അടൂര്‍...

മഴ വന്നാല്‍ അടൂര്‍ നഗരം വെള്ളത്തില്‍

text_fields
bookmark_border
അടൂര്‍: ചെറിയ മഴവന്നാല്‍ തന്നെ അടൂര്‍ നഗരം വെള്ളത്തില്‍ മുങ്ങുന്നത് പതിവാണ്. വെള്ളക്കെട്ട് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് എം.എല്‍.എയും റവന്യൂ, പൊതുമരാമത്ത് അധികൃതരും പറഞ്ഞിരുന്നെങ്കിലും ഇതുവരെ ഉണ്ടായില്ല. ആവശ്യമായ ഇടങ്ങളില്‍ ഓട പുതുക്കാത്തതും നിലവിലേത് അറ്റകുറ്റപ്പണി നടത്താത്തതും കൈയേറ്റം ഒഴിപ്പിക്കാത്തതുമാണ് വെള്ളക്കെട്ടിന് കാരണമാകുന്നത്. 2013 ജൂലൈയില്‍ അടൂര്‍ ക്ഷീരസഹ.സംഘവും കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് പിറകുവശത്ത് വീടിനു ചുറ്റും വെള്ളം കയറിയ സ്ഥലവും സന്ദര്‍ശിച്ച റവന്യൂ ഉദ്യോഗസ്ഥര്‍ സ്വകാര്യവ്യക്തികള്‍ കൈയേറി നികത്തിയ തോട് പുനര്‍നിര്‍മിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. ഇവിടെ ഓട തെളിക്കാന്‍ അന്നത്തെ ആര്‍.ഡി.ഒ നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍നടപടി വിലയിരുത്താന്‍ ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. എന്നാല്‍, തുടര്‍നടപടി ഉണ്ടായില്ല. തഹസില്‍ദാര്‍ എസ്. വിജയകുമാര്‍, ഹെഡ്ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ എം. ഷാജഹാന്‍, നഗരസഭാ ചെയര്‍മാന്‍ ഉമ്മന്‍ തോമസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. കഴിഞ്ഞ ഏപ്രിലിലും മേയിലും ഇത്തരം സന്ദര്‍ശനവും പ്രഖ്യാപനവും എം.എല്‍.എ നേതൃത്വത്തില്‍ അരങ്ങേറി. അടുത്തിടെ നെല്ലിമൂട്ടില്‍പടി മുതല്‍ കരുവാറ്റ ബൈപാസ് കവല വരെ ടാര്‍ ചെയ്തത് നിലവിലെ ഓടകള്‍ മണ്ണിട്ടു നികത്തിയായിരുന്നു. ഈ ഭാഗങ്ങളില്‍ ഓടകളില്‍ വെള്ളമൊഴുക്ക് തടസ്സപ്പെട്ട് മലിനജലം കെട്ടിക്കിടക്കുന്നു. അടൂര്‍ നയനം തിയറ്റര്‍ മുതല്‍ നടപ്പാതകള്‍ക്കടിയിലെ ഓടകളിലൂടെ ഒഴുകുന്ന വെള്ളം കെ.എസ്.ആര്‍.ടി.സി കവലക്ക് സമീപം പഴയ പാലത്തിനു താഴെ തോട്ടില്‍ പതിച്ചിരുന്നു. ഇവിടെ സാമൂഹികവിരുദ്ധര്‍ ഓടയുടെ അവസാനഭാഗം അടച്ചുവെച്ചത് കവിഞ്ഞ് ഒഴുകുന്നതിന് കാരണമായി. ഈ ഭാഗത്ത് സര്‍ക്കാര്‍ പുറമ്പോക്കില്‍ തോടുകള്‍ ഉണ്ടായിരുന്നത് നികത്തി. സെന്‍ട്രല്‍ കവല മുതല്‍ കെ.എസ്.ആര്‍ടി.സി സ്റ്റാന്‍ഡ് വരെയുള്ള വയല്‍ കാലാകാലങ്ങളില്‍ നികത്തി വീടും വ്യാപാരസ്ഥാപനങ്ങളും നിര്‍മിച്ചവര്‍ തോട് നികത്തിയതാണ് പ്രശ്നത്തിന് കാരണം. ഇതുവഴി വലിയ തോട്ടില്‍ പതിക്കുന്ന തോടാണ് സ്വകാര്യവ്യക്തികള്‍ പലപ്പോഴായി നികത്തിയത്. വെള്ളക്കെട്ട് മൂലം ക്ഷീരവ്യവസായ സഹ. സംഘത്തിന്‍െറ പ്രവര്‍ത്തനം തടസ്സപ്പെടുന്നത് പതിവാണ്. മുമ്പ് മഴക്കാലത്ത് വെള്ളക്കെട്ടില്‍നിന്ന് ജീവനക്കാര്‍ പാല്‍ അളക്കുകയും കൊടുക്കുകയും ചെയ്തതുമൂലം അവര്‍ക്ക് ത്വഗ്രോഗമുണ്ടായതിനാല്‍ പാല്‍ അളന്ന് വാങ്ങുന്നത് തുടര്‍ച്ചയായ മഴയത്ത് റോഡരികിലേക്ക് മാറ്റിയിരുന്നു. നല്ല മഴ പെയ്താല്‍ സെന്‍ട്രല്‍ കവലയിലും പാര്‍ഥസാരഥി ക്ഷേത്രകവലക്ക് പടിഞ്ഞാറ് വണ്‍വേ തുടങ്ങുന്ന ഭാഗത്തും വ്യാപാരസ്ഥാപനങ്ങളില്‍ വെള്ളം കയറും. ഓടയില്‍ വെള്ളമൊഴുക്ക് തടസ്സപ്പെടുന്നതാണ് സെന്‍ട്രല്‍കവല വെള്ളത്തില്‍ മുങ്ങാന്‍ കാരണം. സെന്‍ട്രല്‍ മൈതാനത്തിന് ചുറ്റും സദാസമയവും മലിനജലം കെട്ടിക്കിടക്കുകയാണ്. കെ.എസ്.ആര്‍.ടി.സി കവല, റവന്യൂ ടവറിന് മുന്‍വശം, റവന്യൂ ടവര്‍ പരിസരം, കെ.എസ്.ആര്‍ടി.സി ബസ്സ്റ്റാന്‍ഡ്, കെ.എസ്.ആര്‍.ടി.സി ജങ്ഷന്‍-വിനോബാജി റോഡില്‍ ടൗണ്‍ മുസ്ലിംപള്ളിക്ക് മുന്‍വശം എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് യാത്രക്കാര്‍ക്ക് ദുസ്സഹമാണ്. കാല്‍നടക്കാരാണ് ഏറെ കഷ്ടപ്പെടുന്നത്. വ്യാപാരസ്ഥാപനങ്ങളില്‍നിന്നുള്ള മാലിന്യം മേല്‍മൂടിക്കിടയിലൂടെ ഓടയിലേക്ക് തള്ളുന്നവരുമുണ്ട്. ഇതും വെള്ളമൊഴുക്ക് തടസ്സപ്പെടുന്നതിന് കാരണമാകുന്നു.
Show Full Article
TAGS:
Next Story