Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജില്ലയില്‍ സ്കൂള്‍...

ജില്ലയില്‍ സ്കൂള്‍ കായികമേളകള്‍ വഴിപാടാകുന്നു

text_fields
bookmark_border
പത്തനംതിട്ട: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ജില്ല ഇക്കുറിയും ഏറ്റവും പിന്നില്‍ സ്ഥാനം പിടിക്കേണ്ട ഗതികേടിലേക്ക്. അഞ്ചിനാരംഭിക്കുന്ന സംസ്ഥാന കായികമേളയില്‍ ഒരു പരിശീലനങ്ങളും ഇല്ലാതെയണ് മത്സരാര്‍ഥികള്‍ ജില്ലയില്‍നിന്ന് പുറപ്പെടുന്നത്. അഞ്ച് മുതല്‍ എട്ട് വരെ കോഴിക്കോട് മെഡിക്കല്‍ കോളജ് സ്റ്റേഡിയത്തിലാണ് സംസ്ഥാന സ്കൂള്‍ കായികമേള നടക്കുന്നത്. 239 കായിക താരങ്ങളാണ് ഇത്തവണ ജില്ലയില്‍നിന്ന് വിവിധ മത്സരങ്ങളില്‍ പങ്കെടുക്കാനായി പുറപ്പെടുന്നത്. ഇതില്‍ 120പേര്‍ ആണ്‍കുട്ടികളും 119 പേര്‍ പെണ്‍കുട്ടികളുമാണ്. സീനിയര്‍ ബോയ്സ്-47, സീനിയര്‍ ഗേള്‍സ്-46, ജൂനിയര്‍ ബോയ്സ്-25, ജൂനിയര്‍ ഗേള്‍സ് 25, സബ്ജൂനിയര്‍ ബോയ്സ്-48, സബ്ജൂനിയര്‍ ഗേള്‍സ്-48 എന്നിങ്ങനെയാണ് പങ്കെടുക്കുന്നത്. നാലിന് തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് കുട്ടികള്‍ പുറപ്പെടുക. കായിക താരങ്ങള്‍ക്ക് അകമ്പടിയായി 10 ജീവനകാരുണ്ടാകും. കൂടാതെ കുട്ടികളുടെ രക്ഷിതാക്കള്‍ സ്വന്തം ചെലവിലും കുട്ടികളെ അനുഗമിക്കും. ജില്ലാതലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയ കായിക താരങ്ങളായിരിക്കും ഒരോ ഇനത്തിലും സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കുക. ഒരു പരിശീലനവും ലഭിക്കാതെയാണ് കുട്ടികള്‍ സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കുന്നത്. ചില സ്കൂളില്‍നിന്ന് ലഭിക്കുന്ന പ്രാഥമിക പരിശീലനങ്ങള്‍ മാത്രമാണ് ചിലര്‍ക്ക് മുതല്‍ക്കൂട്ടായുള്ളത്. മറ്റിടങ്ങളിലാകട്ടെ ഒരു പരിശീലനങ്ങളും നടന്നിട്ടുമില്ല. ജില്ലയിലെ ഭൂരിഭാഗം സ്കൂളുകളിലും കായിക അധ്യാപക തസ്തികകള്‍ നിലവിലില്ല. എന്നാല്‍, മലയോര മേഖലകളില്‍ ഉള്‍പ്പെടെ ചില എയ്ഡഡ് സ്കൂളുകളില്‍ മാനേജ്മെന്‍റ് താല്‍പര്യമെടുത്ത് കായിക അധ്യാപകരെ നിയമിച്ചിട്ടുണ്ട്. ഇവിടങ്ങളിലെ കുട്ടികള്‍ക്ക് ഇത് കുറേയേറെ ഗുണകരവുമായിട്ടുണ്ട്. ഉപജില്ലാ കായികമേളകളാകട്ടെ വഴിപാടുപോലെയാണ് മിക്കയിടത്തും നടന്നത്. പല സ്കൂളുകളില്‍നിന്ന് കുട്ടികളെ ഉന്തിയും തള്ളിയും പിടിച്ചുവലിച്ചുകൊണ്ടുമൊക്കെയാണ് കായികമേളയില്‍ പങ്കെടുപ്പിച്ചത്. ഉപജില്ലാതലത്തിലിനു ശേഷം നടന്ന ജില്ലാ കായികമേള ഏറെ പരിതാപകരമായ അവസ്ഥയിലായിരുന്നു. ജില്ലാ കായികമേളയില്‍ നടന്ന സംഘാടകരുടെ അഭ്യാസ പ്രകടനങ്ങള്‍ ഓരോന്നും നാണംകെടുത്തുന്ന തരത്തിലായിരുന്നു. സ്റ്റേഡിയത്തില്‍ ആറ് ട്രാക്കുകളുള്ളതില്‍ ഓരോ ട്രാക്കിലുമായി എട്ട് മത്സരാര്‍ഥികളെ വീതം നിര്‍ത്തി ഒരേസമയം 48പേരെ ഓടിച്ച് 200 മീറ്ററില്‍ അദ്ഭുത പ്രകടനം നടത്തിയവരാണ് സംഘാടകര്‍. കൂട്ട ഓട്ടത്തിനിടയില്‍ പാവപ്പെട്ട കുട്ടികളില്‍ അധികംപേരും മുട്ടിയും തട്ടിയുമൊക്കെ വീണ് പരിക്ക് പറ്റിയതുമാത്രം മിച്ചം. അതേസമയം, ഹര്‍ഡില്‍സ് മത്സരത്തിന് കുട്ടികള്‍ക്ക് ഒറ്റക്ക്ഓടേണ്ട വിചിത്ര അനുഭവവുമുണ്ടായി. കുറച്ച് ഹര്‍ഡില്‍സ് മാത്രമാണ് ഉണ്ടായിരുന്നത്. അതിനാല്‍ മത്സരിക്കുന്ന കുട്ടികള്‍ ഒറ്റക്ക് ഓടി. ഇങ്ങനെ ഓടി ഇതിലെ മികച്ച സമയം കണക്കാക്കിയാണ് വിജയികളെ നിശ്ചയിച്ചത്. ഹര്‍ഡില്‍സ് മത്സരം പൂര്‍ത്തിയാക്കാന്‍ നാല് മണിക്കൂറാണ് എടുത്തത്. വിവിധ ഉപജില്ലകളിലായി 150ഓളം ഹര്‍ഡില്‍സ് സൂക്ഷിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. എന്നാല്‍, അവ എത്തിക്കാന്‍ സംഘാടകര്‍ക്ക് താല്‍പര്യമില്ലായിരുന്നു. ഇതേമാതിരിയാണ് ഭൂരിഭാഗം മത്സരങ്ങളും ജില്ലാ സ്റ്റേഡിയത്തില്‍ അരങ്ങേറിയത്. നാഥനില്ലാതെ നടന്ന കായികമേളയായിരുന്നു ഇത്. കാര്യങ്ങള്‍ നിയന്ത്രിക്കേണ്ട ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ഇങ്ങനെയൊരു മേള നടക്കുന്നതായിപോലും ഭാവിച്ചില്ല. കണ്ണൂര്‍ സ്വദേശിയായ ഇദ്ദേഹം ട്രാന്‍സഫര്‍ വാങ്ങി കാസര്‍കോട്ടേക്ക് പോയെന്നും പറയുന്നു. പത്തനംതിട്ട, തിരുവല്ലാ വിദ്യാഭ്യാസ ജില്ലകളുടെ ചുമതലയുള്ള ഡി.ഇ.ഒമാരെയും ഇവിടെങ്ങും കണാനില്ലായിരുന്നു. പരാതികള്‍ കുമിഞ്ഞുകൂടുമ്പോഴും ഇത് തീര്‍പ്പാക്കേണ്ട ജനറല്‍ കണ്‍വീനറെയും കണ്ടില്ല. സര്‍ട്ടിഫിക്കറ്റുകളും മെഡലുകളും പോലും അവസാനനിമിഷം വിതരണം ചെയ്യാന്‍ കഴിഞ്ഞില്ല. ഇവ വിതരണം ചെയ്യേണ്ട ചുമതല സബ്ജില്ലാ സെക്രട്ടറിമാരെ ഏല്‍പിച്ചു. ജില്ലാ കായികമേള നടത്താന്‍ സംഘാടക സമിതി രൂപവത്കരിച്ച് വിവിധ അധ്യാപക സംഘടനാ പ്രതിനിധികളെ കണ്‍വീനര്‍മാരായി നിശ്ചയിക്കുകയും സംഘാടനത്തിന്‍െറ 50 ശതമാനം തുക വിവിധ സബ് കമ്മിറ്റി കണ്‍വീനര്‍മാര്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. മേളയുടെ പേരില്‍ പതിനായിരകണക്കിന് രൂപയാണ് ചെലവഴിച്ചത്. മത്സരിക്കുന്ന പാവപ്പെട്ട കുട്ടികള്‍ക്ക് ഉച്ചഭക്ഷണം പോലും ശരിയായി നല്‍കാതെ പണം അടിച്ചുമാറ്റുന്നതിലായിരുന്നു പലര്‍ക്കും താല്‍പര്യം. തിരുവല്ല-പത്തനംതിട്ട വിദ്യാഭ്യാസ ജില്ലകളിലെ അധ്യാപകര്‍ പരസ്പരം പാര പ്രവര്‍ത്തനം നടത്തുന്നതും ജില്ലയുടെ സ്കൂള്‍ കായിക മേഖലയുടെ തകര്‍ച്ചക്ക് മറ്റൊരു കാരണമാകുന്നതായി ആരോപണമുണ്ട്. ജില്ലാ കായികമേള നടത്തുമ്പോള്‍ ഏതെങ്കിലും ഒരു മേഖലയിലെ മാത്രം അധ്യാപക സംഘടനാ നേതാക്കള്‍ കണ്‍വീനര്‍മാര്‍ ആകുന്നതാണ് മറുവിഭാഗത്തെ ചൊടിപ്പിക്കുന്നതും പാര പണിയലിനും ഇടയാക്കുന്നത്. ജനപ്രതിനിധികളുടെ കാര്യവും പറയേണ്ടതില്ല. മാധ്യമങ്ങളിലും ചാനലുകളിലും പടം വരുന്നതില്‍ മാത്രമാണ് അവരുടെ താല്‍പര്യം. സ്കൂള്‍ കായികമേളയുടെ വിജയത്തിനോ, കുട്ടികള്‍ക്ക് കായിക പരിശീലനങ്ങള്‍ നല്‍കുന്ന കാര്യത്തിലോ ജില്ലാപഞ്ചായത്ത് ഒരു താല്‍പര്യവും എടുത്ത് കണ്ടിട്ടില്ല. ജില്ലാ പഞ്ചായത്ത് താല്‍പര്യമെടുത്തിരുന്നെങ്കില്‍ ജില്ലയിലെ സ്കൂള്‍കായികരംഗം ഇത്രയേറെ തകര്‍ച്ചയിലേക്ക് എത്തുമായിരുന്നില്ല. വാര്‍ത്താസമ്മേളനം നടത്തി എല്ലാം ‘ഇപ്പം ശരിയാക്കി തരാം’ എന്ന് പറഞ്ഞുപോയ ജില്ലാ പഞ്ചായത്ത് അധികൃതരെയും പിന്നീട് കണ്ടില്ല. കഴിഞ്ഞ തവണത്തെ സംസ്ഥാന കായികമേളക്ക് കായിക താരങ്ങള്‍ക്ക് യാത്രപോകാനായി ജില്ലാ പഞ്ചായത്ത് ടൂറിസ്റ്റ്ബസ് അനുവദിച്ചുകൊടുത്തിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story