പത്തനംതിട്ടയില്‍ കാര്‍ഡിയോളജിസ്​റ്റും കാത്ത് ലാബും സജ്ജം -വീണാ ജോര്‍ജ് എം.എല്‍.എ

05:01 AM
03/11/2019
പത്തനംതിട്ട: ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ഥാടന കാലത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കാര്‍ഡിയോളജി വിഭാഗത്തെ പൂര്‍ണ സജ്ജീകരിച്ചിട്ടുണ്ടെന്ന് വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു. തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പന്തളം വലിയകോയിക്കല്‍ ശാസ്താ ക്ഷേത്ര ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം.എൽ.എ. ഒരു കാര്‍ഡിയോളജിസ്റ്റിൻെറ സേവനം ലഭിക്കും. എല്ലാ സൗകര്യവും അടങ്ങിയ കാത്ത് ലാബും സജ്ജമാണ്. പത്തനംതിട്ട ഇടത്താവളത്തിലെ സൗകര്യങ്ങള്‍ വിപുലമാക്കാന്‍ ദേവസ്വം ബോര്‍ഡുമായി ചേര്‍ന്ന് കൂട്ടായ പരിശ്രമം നടത്തും. പത്തനംതിട്ട ബസ് സ്റ്റാന്‍ഡിലെ ദുരിതാവസ്ഥ പരിഹരിക്കുന്നതിന് താൽക്കാലിക പരിഹാര നടപടി നഗരസഭ സ്വീകരിച്ചിട്ടുണ്ട്. ബസ്സ്റ്റാന്‍ഡിൻെറ നവീകരണത്തിനായി 35 ലക്ഷം രൂപ സര്‍ക്കാറില്‍നിന്ന് ലഭിക്കുന്നതിനുള്ള നടപടി പുനരാരംഭിക്കുമെന്നും എം.എല്‍.എ പറഞ്ഞു. കുടുംബശ്രീ വാർഷിക ആഘോഷം അടുർ: നഗരസഭ കുടുംബശ്രീ 21ാമത് വാർഷിക ആഘോഷം നടത്തി. നഗരസഭ ചെയർപേഴ്സൻ ഷൈനി ബോബി ഉദ്ഘാടനം ചെയ്തു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.ഡി. രാധാകൃഷ്ണൻ അധ്യക്ഷതവഹിച്ചു. കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ കെ. വിധു മുഖ്യ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സൂസി ജോസഫ്, കൗൺസിലർമാരായ ആർ. സനൽകുമാർ, ജി. ബിന്ദു കുമാരി, എസ്. ബിനു, അയ്യബ് എം.അലാവുദ്ദീൻ, സുനിത, ടി. ബിന്ദു, രജനി, ബിന്ദു ഹരി എന്നിവർ സംസാരിച്ചു. സി.ഡി.എസ് ചെയർപേഴ്സൻ അനു വസന്തൻ സ്വാഗതവും സി.ഡി.എസ് വൈസ് ചെയർപേഴ്സൻ മാജിത നന്ദിയും പറഞ്ഞു. അടൂർ ഗാന്ധി സ്മൃതി മൈതാനയിൽനിന്ന് ആരംഭിച്ച മതസൗഹാർദ സന്ദേശറാലിയിൽ നൂറുകണക്കിനു വനിതകൾ പങ്കെടുത്തു. അടൂർ നഗരസഭയിലെ 28 വാർഡുകളിലുമായി 180 അയൽക്കൂട്ടങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
Loading...