Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപത്തനംതിട്ട ലൈവ്​-1...

പത്തനംതിട്ട ലൈവ്​-1 മാമലകൾക്ക്​ മുകളിൽ...

text_fields
bookmark_border
പത്തനംതിട്ടയുടെ തിട്ടകളായി നിരന്നുനിൽക്കുന്നത് നിരവധി മലകളാണ്. നഗരമധ്യത്തിലെ ചുട്ടിപ്പാറ മുതൽ ശബരിമല വരെ അത ിൽപെടും. തലയുയർത്തി നിൽക്കുന്ന ഈ പാറക്കൂട്ടങ്ങൾ കാഴ്ചവിരുന്നൊരുക്കുന്നവയാണ്. അൽപം സാഹസികതയും കായികക്ഷമതയും ഉണ്ടെങ്കിൽ പാറപ്പുറത്ത് കയറിനിന്ന് കാഴ്ചകളുടെ ലോകത്തേക്ക് കടക്കാം. പാറക്കൂട്ടങ്ങളുടെ പരുപരുത്ത ചുമലിൽനിന്ന് പച്ചപ്പിൻെറ ആകാശക്കാഴ്ചകളും ചൂളംകുത്തിയെത്തുന്ന കാറ്റിൻെറ തണുപ്പും ആസ്വദിക്കാം. മായിക ചാരുതയോടെ ഉദയവും അസ്തമയവും കാണാം. അങ്ങു താഴെ കെട്ടിടങ്ങളിൽ തെളിയുന്ന ദീപകാഴ്ച, വളഞ്ഞുപുളഞ്ഞ് ഒഴുകുന്ന നദികൾ, നിരത്തിലൂടെ നീങ്ങുന്ന കുഞ്ഞൻ വാഹനങ്ങൾ ഇതൊക്കെ കാഴ്ചയുടെ ഉത്സവംതന്നെ തീർക്കുന്നു. പാറക്കൂട്ടങ്ങൾക്ക് പറയാൻ കെട്ടുപിണഞ്ഞ് കിടക്കുന്ന പഴങ്കഥകളും ഐതിഹ്യങ്ങളുമുണ്ടാകും. ജൈവവൈവിധ്യങ്ങളുടെ അദ്ഭുത കലവറകൾ കൂടിയാണ് പല പാറകളും. പ്രകൃതി കാത്തുസൂക്ഷിച്ചു വന്നിരുന്ന ഈ വിസ്മയങ്ങൾ ആർത്തിപൂണ്ട മനുഷ്യൻ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. ജനവാസ മേഖലയിലുള്ളതും എളുപ്പത്തിൽ എത്താവുന്നതും വിസ്മയക്കാഴ്ചകൾ ഒരുക്കുന്നതുമായ ഇത്തരം പാറകൾ ഇത്തവണത്തെ പത്തനംതിട്ട ലൈവിൽ പരിചയപ്പെടാം. നഗരത്തിന് 'ചുട്ടി' ചാർത്തി ചുട്ടിപ്പാറ പത്തനംതിട്ടയിൽ ആദ്യമെത്തുന്ന ആരും അദ്ഭുതത്തോടെ നോക്കിപ്പോകുന്ന ഒന്നാണ് നഗരമധ്യത്തിൽ തലയുയർത്തി നിൽക്കുന്ന ചുട്ടിപ്പാറ. ഒറ്റനോട്ടത്തിൽ ഈ കരിമ്പാറ കണ്ടാൽ ഗജവീരന്മാർ എഴുന്നള്ളത്തിന് നിൽക്കുകയാണെന്ന് തോന്നിപ്പോകും. പുതിയ ബസ്സ്റ്റാൻഡിൽ നിന്നാൽ ഈ അദ്ഭുത കാഴ്ച നന്നായി കാണാനാകും. നഗരത്തിൻെറ വശ്യസൗന്ദര്യം ആസ്വദിക്കാൻ ഏറ്റവും അനുയോജ്യസ്ഥലവും ചുട്ടിപ്പാറ തന്നെ. കുത്തനെയുള്ള കോൺക്രീറ്റ് നടപ്പാതയിലൂടെ നടന്ന് ചുട്ടിപ്പാറയുടെ മുകളിലെത്താം. പകുതി ദൂരം പിന്നിട്ടാൽ പിന്നീട് പടിക്കെട്ടുകൾ കയറിവേണം പാറയുടെ മുകളിെലത്താൻ. വനവാസക്കാലത്ത് ശ്രീരാമൻ പ്രതിഷ്ഠിച്ചതാണ് മലമുകളിൽ ഉള്ള ശിവവിഗ്രഹവും ക്ഷേത്രവുമെന്നാണ് ഐതിഹ്യം. ക്ഷേത്ര ട്രസ്റ്റിൻെറ കീഴിലാണ് പാറയും ക്ഷേത്രത്തിൻെറ പരിപാലനവും. ചുട്ടിപ്പാറയുടെ ഭാഗമായ ചേലവിരിച്ചപാറ, കാറ്റാടിപ്പാറ, പുലിപ്പാറ എന്നീ മൂന്നു പ്രധാന പാറകളിലും നിറയുന്നത് രാമചരിതം തന്നെ. കാറ്റാടിപ്പാറയിൽ നിന്നു നോക്കിയാൽ മാത്രമേ ചേലവിരിച്ചപാറയുടെ സൗന്ദര്യം അറിയാൻ സാധിക്കൂ. വനവാസകാലത്ത് സീത ചേല ഉണക്കാൻ വിരിച്ചിരുന്നത് ഈ പാറയിലായിരുന്നത്രേ. ചേലവിരിച്ചപാറ എന്ന പേരു കിട്ടാൻ കാരണം ഇതുതന്നെ. ഇപ്പോഴും ചേലവിരിച്ചിട്ടിരിക്കുന്നതുപോലെ തോന്നിക്കുന്ന പാടുകൾ ഇവിടെ കാണാം. ചുട്ടിപ്പാറയിൽ എത്തുന്ന സഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് കാറ്റാടിപ്പാറയാണ്. പേരിലും നിറയുന്ന കാറ്റുതന്നെ കാരണം. എപ്പോഴും പാറയിൽ ശക്തമായ കാറ്റാണ്. ഹനുമാൻപാറ എന്നും ഇതിനു പേരുണ്ട്. ഹനുമാൻ വിശ്രമിച്ചിരുന്നത് ഈ പാറയിലായിരുന്നു എന്നാണ് വിശ്വാസം. ഏത് കനത്ത വേനലിലും വറ്റാത്ത കിണറും ഇവിടെയുണ്ട്. പാറയുടെ മുകളിൽ നിന്നാൽ നഗരത്തിൻെറ വിദൂര കാഴ്ചകൾ ആസ്വദിക്കാൻ കഴിയും. തൊട്ടടുത്തുകൂടി വളഞ്ഞുപുളഞ്ഞ് ഒഴുകുന്ന അച്ചൻകോവിലാറും മനോഹര കാഴ്ച ഒരുക്കുന്നു. നഗരമധ്യത്തിൽ വിനോദസഞ്ചാരത്തിൻെറ അനന്തസാധ്യതകളുള്ള സ്ഥലമാണിത്. ഇവിടെയുള്ള ക്ഷേത്രത്തിന് കോട്ടംതട്ടാതെ ടൂറിസം പദ്ധതി തയാറാക്കിയതാണെങ്കിലും പലവിധ കാരണങ്ങളാൽ അത് നടന്നില്ല. നിത്യവും ധാരാളം പേരാണ് ഇവിടം സന്ദർശിക്കുന്നത്. എന്നാൽ, സുരക്ഷ സംവിധാനങ്ങളോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ല. മഴയും വെയിലും ഏൽക്കാതെ നിൽക്കാനുള്ള ഷെൽട്ടറാണ് പ്രധാന ആവശ്യം. ചെങ്കുത്തായ പാറയുടെ വശത്തെ ദൃശ്യങ്ങൾ കാണാനെത്തുന്നവർക്ക് അപകടം സംഭവിക്കാതിരിക്കാൻ ഒരു മുൻകരുതലും സ്വീകരിച്ചിട്ടില്ല. തയാറാക്കിയത്: പി.ടി. തോമസ് ചിത്രങ്ങൾ: ബിപിൻ വിജയൻ
Show Full Article
TAGS:LOCAL NEWS 
Next Story