Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപത്തനംതിട്ട ലൈവ്​-3

പത്തനംതിട്ട ലൈവ്​-3

text_fields
bookmark_border
'കാട്ടാത്തിപ്പാറ' കാട്ടിത്തരും പുതുകാഴ്ചകൾ മലയോര മേഖലയായ കോന്നിയുടെ വശ്യസൗന്ദര്യം വാനോളമുയർത്തുന്നതാണ് കൊക്കാത്തോട് കാട്ടാത്തിപ്പാറ. അരുവാപ്പുലം പഞ്ചായത്തിലെ കൊക്കാത്തോട്ടിൽ സ്ഥിതിചെയ്യുന്ന കാട്ടാത്തിപ്പാറ എന്നും സഞ്ചാരികൾക്ക് അത്ഭുതം പകരുന്നു. ശക്തമായ കാറ്റും വിദൂര കാഴ്ചകളുമാണ് ഇവിടത്തെ പ്രത്യേകത. ജില്ലയിൽ ഏറ്റവും ശക്തമായ കാറ്റ് വീശുന്ന ഇടമാണിത്. ഇവിടെ കാറ്റിൽനിന്ന് വൈദ്യുതി ഉണ്ടാക്കുന്ന പദ്ധതിക്ക് ജില്ല പഞ്ചായത്ത് രൂപം നൽകിയിരുന്നുവെങ്കിലും നടപ്പായില്ല. സഹ്യപർവത നിരയുടെ ഭാഗമായ മേടപ്പാറ, പാപ്പിനിപ്പാറ, കുടപ്പാറ എന്നിവ ചുറ്റും സ്ഥിതി ചെയ്യുന്ന കാട്ടാത്തിപ്പാറയിൽ നിന്നാൽ തലയുയർത്തി നിൽക്കുന്ന മലനിരകളുടെ അപൂർവ ദൃശ്യമാണ് കാണാനാവുക. അപൂർവയിനം ഔഷധ സസ്യങ്ങളുടേയും വൃക്ഷങ്ങളുടേയും കലവറ കൂടിയാണ്. കൊക്കാത്തോട്ടിൽ എത്തിച്ചേരുന്നവരെ ആദ്യം സ്വാഗതം ചെയ്യുന്നതും മാനംമുട്ടെ തല ഉയർത്തിപ്പിടിച്ചുനിൽക്കുന്ന കാട്ടാത്തിപ്പാറ തന്നെ. കരിപ്പാംതോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ സ്ഥിതിചെയ്യുന്ന കാട്ടാത്തിപ്പാറയിൽ എത്തിച്ചേരണമെങ്കിൽ കോന്നിയിൽനിന്ന് 16 കിലോമീറ്റർ സഞ്ചരിക്കണം. കൊക്കാത്തോട്ടിലെ പ്രധാന ജങ്ഷനിൽനിന്ന് കുത്തനെയുള്ള കയറ്റം കയറി വനത്തിലൂടെ സഞ്ചരിച്ചുവേണം കാട്ടാത്തിപ്പാറയിലെത്താൻ. വനമേഖലയായതിനാൽ വനംവകുപ്പിൻെറ അനുമതിയുണ്ടെങ്കിൽ മാത്രമേ ഇവിടേക്ക് പ്രവേശനമുള്ളൂ. വൻ മരങ്ങളും പച്ച വിരിച്ച പുൽമേടുകളും കല്ലിൽതട്ടി ചിന്നിച്ചിതറിയൊഴുകുന്ന അരുവികളുമെല്ലാം കാട്ടാത്തിപ്പാറയുടെ മനോഹാരിത വർധിപ്പിക്കുന്നു. കാട്ടാത്തിപ്പാറയെയും അതിൻെറ ഐതിഹ്യത്തേയും ചുറ്റിപ്പറ്റിയുള്ള പ്രണയകഥയും കാട്ടാത്തിപ്പാറക്ക് മാറ്റ് കൂട്ടുന്നു. ചരിത്രപ്രസിദ്ധമായ കല്ലേലി ഊരാളി അപ്പൂപ്പൻകാവും കാട്ടാത്തിപ്പാറയിലേക്കുള്ള യാത്രയിൽ നമ്മെ സ്വീകരിക്കുന്നു. ലോക ടൂറിസം ഭൂപടത്തിൽ ഇടംപിടിക്കാൻ സാധ്യതയുള്ള കൊക്കാത്തോട് കാട്ടാത്തിപ്പാറയുടെ മനോഹാരിത ഇനിയും പ്രചാരം നേടേണ്ടതുണ്ട്. തയാറാക്കിയത്: മനോജ് പുളിവേലിൽ
Show Full Article
TAGS:LOCAL NEWS 
Next Story