Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅപ്പർകുട്ടനാട്ടിൽ...

അപ്പർകുട്ടനാട്ടിൽ വീണ്ടും വെള്ളമുയർന്നു

text_fields
bookmark_border
തിരുവല്ല: ജില്ലയുടെ കിഴക്കൻ മേഖലയിൽ മഴ കനത്തതോടെ താലൂക്കിൻെറ പടിഞ്ഞാറൻ മേഖല വീണ്ടും വെള്ളത്തിനടിയിൽ. കഴിഞ്ഞ നാലുദിവസമായി തുടരെ പെയ്ത മഴ മാറി അന്തരീക്ഷം തെളിഞ്ഞതോടെ വെള്ളപ്പൊക്ക ഭീതിയൊഴിഞ്ഞ് ആശ്വാസത്തിലായിരുന്ന ജനം വീണ്ടും ആശങ്കയിലായി. കഴിഞ്ഞ വർഷം ഇതേ കാലയളവിലാണ് സമാനമായ തരത്തിലുണ്ടായ ചെറുവെള്ളപ്പൊക്കത്തിനുശേഷം ആഗസ്റ്റ് 16ന് താലൂക്ക് മഹാപ്രളയത്തിൽ മുങ്ങിയത്. ഈ വർഷവും അടിക്കടിയുണ്ടാവുന്ന വെള്ളപ്പൊക്കവും നദികളിൽ വെള്ളം കുതിച്ചുയരുന്നതുമാണ് മേഖലയിലെ ജനങ്ങളുടെ ചങ്കിടിപ്പ് കൂട്ടുന്നത്. പമ്പ, മണിമല നദികളിൽ ക്രമാതീതമായ തരത്തിൽ ജലനിരപ്പ് ഉയർന്നതോടെ വെള്ളം വലിഞ്ഞുതുടങ്ങിയ അനുബന്ധ തോടുകൾ കരകവിഞ്ഞു. നിരണം, കടപ്ര, പെരിങ്ങര, നെടുമ്പ്രം, തിരുവല്ല വില്ലേജ് പരിധിയിലെ താഴ്ന്ന പ്രദേശങ്ങളാണ് ചൊവ്വാഴ്ച രാത്രി പെയ്ത കനത്ത മഴയോടെ വീണ്ടും വെള്ളത്തിനടിയിലായിരിക്കുന്നത്. വീടുകൾക്കുള്ളിൽനിന്ന് വെള്ളമിറങ്ങിയതോടെ ശുചീകരണം ആരംഭിച്ചവർക്കാണ് വീണ്ടുമുണ്ടായ വെള്ളപ്പൊക്കം ഇരട്ടി ദുരിതം വിതച്ചിരിക്കുന്നത്. വീണ്ടും വെള്ളം കയറിയതോടെ ശുചീകരണം പാതിവഴി ഉപേക്ഷിച്ച് പലരും ക്യാമ്പുകളിലേക്ക് മടങ്ങി. പ്രളയത്തെ തുടർന്ന് രണ്ടു വീട് പൂർണമായും 20 എണ്ണം ഭാഗികമായും തകർന്നിട്ടുണ്ട്. താലൂക്കിലാകമാനം തുറന്ന 66 ദുരിതാശ്വാസ ക്യാമ്പുകളിൽ 1807 കുടുംബങ്ങളിൽനിന്നുള്ള 6248 പേരാണ് അഭയം തേടിയിരിക്കുന്നത്. ഗ്രാമീണ റോഡുകളിൽ ചൊവ്വാഴ്ചയോടെ ഭാഗികമായി പുനരാരംഭിച്ച ഗതാഗതം ചിലയിടങ്ങളിൽ വീണ്ടും അവതാളത്തിലായിട്ടുണ്ട്. അപ്പർകുട്ടനാടൻ മേഖലയിലെ നിരണം, ചാത്തങ്കരി, അമിച്ചകരി, മേപ്രാൽ, വളവനാരി, തിരുമൂലപുരത്തിൻെറ കിഴക്ക് ഭാഗം, ആലംതുരുത്തി കഴുപ്പിൽ, പെരിങ്ങര എലിമുള്ളിൽ കോളനി എന്നിവിടങ്ങൾ ഇപ്പോഴും ഒറ്റപ്പെട്ട നിലയിലാണ്. വള്ളവനാരിയിലെ നൂറിലേറെ വീടുകൾ ഇപ്പോഴും വെള്ളം കയറിയ നിലയിലാണ്. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നതിനായി കിണഞ്ഞു പരിശ്രമിക്കുന്ന കെ.എസ്.ഇ.ബി ജീവനക്കാർക്ക് വെള്ളം ഉയരുന്നത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. നദീതീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ ജനങ്ങൾ തയാറാകണമെന്നും റവന്യൂ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാണാതായെന്ന് കരുതിയ കുട്ടിയെ കണ്ടെത്തി തിരുവല്ല: വെള്ളത്താൽ ചുറ്റപ്പെട്ട വീട്ടിൽനിന്ന് ആറു വയസ്സുകാരനെ കാണാതായ സംഭവം വീട്ടുകാരെയും നാട്ടുകാരെയും പരിഭ്രാന്തരാക്കി. ഒരു മണിക്കൂർ നടത്തിയ തിരച്ചിലിനൊടുവിൽ വെള്ളപ്പൊക്കത്തെ തുടർന്ന് മുറിയുടെ മൂലയിൽ മാറ്റിവെച്ച ഫ്രിഡ്ജിനോട് ചേർന്ന് ഉറങ്ങിയ നിലയിൽ കുട്ടിയെ കണ്ടെത്തി. കല്ലുങ്കൽ മൂന്നാം കുരിശിനു സമീപം വാക്കയിൽ പള്ളത്ത് വി.ജി. വർഗീസിൻെറ മകൻ റമിൽ വി. റോമിയെയാണ് കാണാതായത്. ബുധനാഴ്ച രാവിലെ 11 നായിരുന്നു സംഭവം. ഫ്രിഡ്ജിൽ ചാരിയിരുന്നു ഉറങ്ങുകയായിരുന്ന കുട്ടിയെ വീട്ടുകാർ ആദ്യം കണ്ടില്ല. വീടിനു ചുറ്റും വെള്ളക്കെട്ട് ഉണ്ടായിരുന്നതിനാൽ പരിഭ്രാന്തരായ വീട്ടുകാർ ഫയർഫോഴ്സിൽ വിവരം അറിയിച്ചു. ഫയർഫോഴ്സ് എത്തും മുമ്പ് നാട്ടുകാർ നടത്തിയ തിരച്ചിലിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story