Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപമ്പയുടെ തീരം കൈയേറി...

പമ്പയുടെ തീരം കൈയേറി നിർമാണം; അധികൃതർ അനങ്ങു​ന്നില്ല

text_fields
bookmark_border
വടശ്ശേരിക്കര: പ്രളയക്കെടുതിയിലും പഠിച്ചില്ല, പമ്പാ നദിയുടെ തീരത്ത് വൻകൈയേറ്റം. പ്രളയത്തിൽ നദി കരകവിഞ്ഞൊഴുകി വൻ നാശനഷ്ടം സംഭവിച്ച പെരുന്നാട് പഞ്ചായത്തിലാണ് സ്വകാര്യവ്യക്തി തീരം കൈയേറി വൻ കെട്ടിട സമുച്ചയം പടുത്തുയർത്തുന്നത്. പ്രളയത്തിൽ ഇരുകരകളിലുമായി ഏക്കറുകണക്കിന് കര ഭൂമിയും കൃഷിയും ഒലിച്ചുപോയ പെരുനാട് മാടമൺ വള്ളക്കടവിന് സമീപമാണ് നദിയുടെ ഗതിതന്നെ മാറ്റിവിടുംവിധം സ്വകാര്യ വ്യക്തി നദീതീരം കൽക്കെട്ടുപയോഗിച്ച് കൈവശപ്പെടുത്തിയിരിക്കുന്നത്. നിർമാണ ചട്ടങ്ങളെല്ലാം കാറ്റിൽപറത്തി പണിതുയർത്തുന്ന കെട്ടിടത്തിന് പഞ്ചായത്തിൻെറതുൾപ്പെടെയുള്ള എല്ലാവിധ ലൈസെൻസുകളും നൽകി സർക്കാർ സംവിധാനങ്ങളും ഒത്താശ ചെയ്തിരിക്കുകയാണെന്ന് ഇത് സംബന്ധിച്ച് പരിസ്ഥിതി പ്രവർത്തകനായ മാടമൺ സ്വദേശി അംബുജാക്ഷൻ നായർ കലക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നു. അതീവ പരിസ്ഥിതി ദുർബല മേഖലയായ പെരുനാട് പഞ്ചായത്തിലെ ഏറ്റവും വലിയ നദീതീര കൈയേറ്റവുമാണിത്. മുൻകാലങ്ങളിൽ നെല്ലും കരിമ്പും ഉൾപ്പെടെ കൃഷിചെയ്തിരുന്ന സ്ഥലമാണ് 10 മീറ്ററിലധികം ഉയരത്തിൽ കരിങ്കൽ കെട്ടിയും കോൺക്രീറ്റ് ഭിത്തി നിർമിച്ചും കൈവശപ്പെടുത്തിയിരിക്കുന്നത്. ബംഗ്ലാംകടവ്-പെരുന്തേനരുവി റോഡിൽനിന്ന് പമ്പാ നദിയിലേക്കുള്ള കുളിക്കടവ് സ്റ്റെപ്പും നടപ്പുവഴിയും ഇതോടെ ഇല്ലാതായി. ഇവിടുത്തെ കൽക്കെട്ട് കാരണം പ്രളയകാലത്ത് നദിയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുംവിധം തള്ളൽ രൂപപ്പെടുകയും മറുകരയിലേക്ക് വെള്ളം ഇരച്ചുകയറി നാശനഷ്ടം ഉണ്ടാകുകയും ചെയ്തിരുന്നു. സമീപത്തുള്ള അടിച്ചിപ്പുഴ, വടശ്ശേരിക്കര കുടിവെള്ള പദ്ധതികൾക്കും നദീതീര കൈയേറ്റം ദോഷംചെയ്യും. കെട്ടിട നിർമാണത്തിൻെറ പ്രാരംഭഘട്ടത്തിൽ യന്ത്രങ്ങൾ കൊണ്ട് നദീതീരം ഇടിക്കുകയും ആറ്റുമണൽ വാരി മാറ്റുകയുമൊക്കെ ചെയ്തപ്പോൾ തന്നെ പ്രദേശവാസികൾ പരാതിയുമായി രംഗെത്തത്തിയിരുന്നു. എന്നാൽ, പ്രവാസിയായ വസ്തു ഉടമ വീടുവെക്കാനായി തറ നിരപ്പാക്കുകയാണെന്നും അതിനാവശ്യമായ പഞ്ചായത്ത് ലൈസൻസ് ഉൾപ്പെടെ എല്ലാം പരിശോധിച്ച് നൽകിയിട്ടുണ്ടെന്നുമാണ് പഞ്ചായത്ത് അധികൃതർ പറഞ്ഞത്. എന്നാൽ, പ്രളയത്തിനുശേഷവും കൈയേറ്റം തുടരുകയും വമ്പൻ കെട്ടിടസമുച്ചയം പണിത് ആറ്റിലോട്ട് ഇറക്കിക്കെട്ടിയ മതിലിൽ വരെ ലൈറ്റുകളും മറ്റും സ്ഥാപിക്കുകയും ചെയ്തതോടെയാണ് പരിസ്ഥിതി പ്രവർത്തകർ കലക്ടറെയും മറ്റും സമീപിച്ചത്. അടിയന്തര പ്രാധാന്യത്തോടെ റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടർ റാന്നി തഹസിൽദാറെ ചുമതലപ്പെടുത്തിയെങ്കിലും നടപടിയൊന്നുമായില്ല. മേൽനടപടി അറിയാൻ തഹസിൽദാറുമായി ബന്ധപ്പെട്ട പരാതിക്കാരനോട് കലക്ടറേറ്റിൽനിന്ന് പരാതിയുടെ ഫയൽ നമ്പർ വാങ്ങിനൽകാൻ ആവശ്യപ്പെട്ടിരിക്കുകയാണ് തഹസിൽദാർ.
Show Full Article
TAGS:LOCAL NEWS 
Next Story