Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅമ്മയെ കാണാൻ അനുമതി;...

അമ്മയെ കാണാൻ അനുമതി; മാവോയിസ്​റ്റ്​ നേതാവ്​ അനൂപിനെ പൊലീസ്​ വീട്ടിലെത്തിച്ചു

text_fields
bookmark_border
വടശേരിക്കര: ഒരുദിവസത്തെ പരോളിൽ തമിഴ്നാട് പൊലീസിൻെറ സുരക്ഷവലയത്തിൽ മാവോയിസ്റ്റ് നേതാവ് പത്തനംതിട്ട കുമ്പള ാംപൊയ്ക സ്വദേശി അനൂപ് എം. ജോർജ് അമ്മയെ കാണാൻ നാട്ടിലെത്തി. 2015 ഏപ്രിലിൽ കോയമ്പത്തൂരിലെ കറുപ്പ ഗൗണ്ടർ തെരുവിൽവെച്ച് പൊലീസ് പിടിയിലായി കോയമ്പത്തൂർ സെൻട്രൽ ജയിലിൽ കഴിയുകയാണ് അനൂപ്. തമിഴ്നാട് പൊലീസിലെ കമാൻഡോകളാൽ വലയം ചെയ്യപ്പെട്ട് അമ്മയെ കാണാൻ കുമ്പളാംപൊയ്കയിലെ തറവാട്ടുവീട്ടിലും പിന്നീട് മൂത്ത സഹോദരൻെറ വീട്ടിലും അനൂപ് എത്തി. ഞായറാഴ്ച രാവിലെ 11 മുതൽ വൈകീട്ട് ആറു വരെയായിരുന്നു അനുമതി. ശനിയാഴ്ച കോയമ്പത്തൂരിൽനിന്ന് അനൂപുമായി പുറപ്പെട്ട സംഘം രാത്രി തൃശൂരിലെത്തി. അവിടെനിന്ന് രാവിലെ ആറിന് പുറപ്പെട്ട് പതിനൊന്നരയോടെ ആദ്യം കുമ്പളാംപൊയ്ക എടത്രമുക്കിലെ തറവാട്ടുവീട്ടിലും അവിടെനിന്ന് ഉതിമൂട് റോഡിലുള്ള ജ്യേഷ്ഠസഹോദരൻെറ വീട്ടിലും എത്തിക്കുകയായിരുന്നു. അനൂപ് എത്തുന്നതറിഞ്ഞ് ബന്ധുക്കളും കുമ്പളാംപൊയ്കയിലെ സാമൂഹികപ്രവർത്തകരും മുൻകാല സുഹൃത്തുക്കളുമെല്ലാം കാത്തുനിൽപുണ്ടായിരുന്നു. മാവോയിസ്റ്റ് നേതാവ് രൂപേഷിനെ സഹായിച്ചതും കേരളത്തിൽ ടോൾ പ്ലാസക്കുനേരെ ആക്രമണം നടത്തി എന്നതുമുൾപ്പെടെ നിരവധി കുറ്റങ്ങൾ ആരോപിച്ചാണ് രൂപേഷിൻെറ ഭാര്യയും മാവോയിസ്റ്റ് നേതാവുമായ ഷൈനക്കൊപ്പം അനൂപിനെയും അറസ്റ്റ് ചെയ്തത്. നിലവിൽ ഒരു കേസിന് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ടെങ്കിലും മറ്റു കേസുകളിലെ സങ്കീർണത മൂലം ജാമ്യം എടുക്കാൻ കഴിയുന്നില്ലെന്ന് അനൂപ് 'മാധ്യമ'ത്തോട് പറഞ്ഞു. പള്ളിയിലെ യൂത്ത് വിങ് നേതാവായിരുന്ന അനൂപ് വെച്ചൂച്ചിറ പോളിടെക്‌നിക്കിലെ വിദ്യാഭ്യാസ കാലത്ത് എസ്.എഫ്.ഐ പ്രവർത്തകനായിരുന്നു. പോളിടെക്‌നിക്‌ യൂനിയൻ സംസ്ഥാന ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. 23ാം വയസ്സിൽ സി.പി.എം കുമ്പളാംപൊയ്ക ബ്രാഞ്ച് സെക്രട്ടറിയും ആയിരുന്നു. ചെങ്ങറ സമരകാലത്ത് പാർട്ടി നിലപാടിനോട് വിയോജിച്ച അനൂപ്, നിയമപഠനത്തിനായി തിരുവനന്തപുരത്തു എത്തിയതോടെ ചില തീവ്ര ഇടതുപക്ഷ പ്രവർത്തകരുമായി അടുത്തു. കുറച്ചുനാൾ സി.പി.എം-എം.എല്ലിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം പിന്നീടു ചുംബനസമരത്തിൻെറയും മറ്റും തലപ്പത്തു പ്രവർത്തിച്ച ചിലരോടൊപ്പം ചേർന്ന് പ്രോഗ്രസിവ് സ്റ്റുഡൻറ്സ് ഫെഡറേഷൻ (പി.എസ്.ഒ) രൂപവത്കരിച്ച് പ്രവർത്തിച്ചു. ഈ കാലഘട്ടത്തിലാണ് ചില മാവോയിസ്റ്റ് പ്രവർത്തകരുമായി ബന്ധപ്പെടുന്നത്. പൊതുജീവിതത്തിൽനിന്ന് അപ്രത്യക്ഷമായി നാളുകൾക്ക് ശേഷം അറസ്റ്റ് വാർത്ത വന്നപ്പോഴാണ് കുമ്പളാംപൊയ്കക്കാർ അധ്യാപക ദമ്പതികളുടെ മകനും സൗമ്യശീലനുമായ അനൂപിൻെറ തീവ്രരാഷ്ട്രീയ ആഭിമുഖ്യം തിരിച്ചറിയുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story