എട്ട് വയസ്സുകാരിയായ മകളെ ക്രൂരപീഡനത്തിനിരയാക്കിയ പിതാവ് അറസ്​റ്റിൽ

05:01 AM
18/05/2019
കൊടുമൺ: മദ്യത്തിൻെറയും കഞ്ചാവിൻെറയും ലഹരിയിൽ എട്ടുവയസ്സുകാരിയായ മകളെ നിരന്തരം പീഡിപ്പിച്ചിരുന്ന കൊടുമൺ ചേരുവ സ്വദേശി അറസ്റ്റിൽ. 2017ൽ കൊടുമൺ ടെലിഫോൺ എക്സ്ചേഞ്ചിന് സമീപം സ്കൂട്ടർ യാത്രക്കാരിയെ തടഞ്ഞുനിർത്തി കടന്നുപിടിച്ച സംഭവത്തിലും മോഷണക്കേസിലും ഉൾെപ്പടെ നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണ്. ഭാര്യ പിണങ്ങി പിരിഞ്ഞ് താമസിക്കുന്നതിനാൽ ഇയാളുടെ മാതാവിൻെറ സംരക്ഷണയിലാണ് മൂന്ന് പെൺകുട്ടികൾ കഴിഞ്ഞിരുന്നത്. ഏപ്രിൽ മാസത്തിലും കഴിഞ്ഞ ചില ദിവസങ്ങളിലും കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ട ഇളയ കുട്ടിയാണ് മുത്തശ്ശിയോട് വിവരം പറഞ്ഞത്. മുത്തശ്ശി കുട്ടിയോട് വിവരമന്വേഷിച്ച് പീഡനം നടന്നതായി ബോധ്യപ്പെട്ടതോടെ കൊടുമൺ സ്റ്റേഷനിലെത്തി വിവരം ധരിപ്പിക്കുകയായിരുന്നു. ഉടൻ കൊടുമൺ സി.ഐ കെ. വിനോദ്കുമാറിൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട്ടിൽനിന്ന് പ്രതിയെ പിടികൂടുകയും ചൈൽഡ് ലൈൻ പ്രവർത്തകരുടെ സഹായത്തോടെ കുട്ടിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനക്ക് വിധേയമാക്കുകയും ചെയ്തു. പരിശോധനയിൽ കുട്ടിയുടെ രഹസ്യഭാഗങ്ങളിൽ ക്രൂരമായ പീഡനത്തെതുടർന്നുണ്ടായ ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തി. നിരന്തരമായി പീഡനം നടന്നതായി കുട്ടി പൊലീസിൽ മൊഴി നൽകുകയും ചെയ്തു. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Loading...
COMMENTS