പിരിച്ചുവിടപ്പെട്ട ശാന്തിക്കാരനും കുടുംബവും ക്ഷേത്രത്തിനുമുന്നില്‍ നാമജപപ്രതിഷേധം തുടങ്ങി

05:01 AM
18/05/2019
വടശേരിക്കര: പിരിച്ചുവിടപ്പെട്ട ശാന്തിക്കാരനും കുടുംബവും ക്ഷേത്രത്തിന് മുന്നില്‍ നാമജപ പ്രതിഷേധം തുടങ്ങി. അത്തിക്കയം ഇടമുറി മഹാക്ഷേത്ര സമുച്ചയത്തിലെ ശാന്തിക്കാരനാണ് തന്നെ ശാന്തി ജോലിയില്‍നിന്ന് അകാരണമായി പിരിച്ചുവിട്ടതിനെതിരെ കുടുംബാംഗങ്ങളുമായി ചേര്‍ന്ന് സമരം തുടങ്ങിയിരിക്കുന്നത്. കോട്ടയം പാമ്പാടി എസ്.എന്‍.പുരം കള്ളിയാട്ട് കെ.ജി. രതീഷ് ശാന്തിയെയാണ് പിരിച്ചുവിട്ടത്. ഇടമുറി ശിവ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന കാണിക്കവഞ്ചിയുടെ സമീപമാണ് വെള്ളിയാഴ്ച രാവിലെ സമരം തുടങ്ങിയത്. കാലങ്ങളായി ആദ്യം ശിവശാസ്ത ക്ഷേത്രത്തിലും പിന്നീട് ഇതിന് സമീപമുള്ള ദേവീക്ഷേത്രത്തിലും ശാന്തിജോലികള്‍ ചെയ്തുവരുകയായിരുന്നു. ഇടമുറി ഹിന്ദു സേവസമിതിയുടെ ഉടമസ്ഥതയിലുള്ള ക്ഷേത്രത്തിലെ നിലവിലെ ഭരണസമിതിയാണ് ഇദ്ദേഹത്തെ പിരിച്ചുവിട്ടത്. ഈ മാസം ഏഴിന് ശാന്തിക്കാരനെതിരെ ഒരു വിശ്വാസി നല്‍കിയ പരാതിപ്രകാരം എടുത്ത തുടര്‍നടപടിയാണെന്നാണ് ഭരണസമിതി വിശദീകരിക്കുന്നത്. പിരിച്ചുവിടപ്പെട്ട ശാന്തിക്കാരന് പകരം പുതിയ ശാന്തി വെള്ളിയാഴ്ച ചുമതലയേറ്റു. എന്നാൽ, അമ്പല കമ്മിറ്റിക്കാരുടെ മദ്യസേവക്കെതിരെ പരാതിപ്പെട്ടതിനുള്ള ശിക്ഷയാണ് പിരിച്ചുവിടലിന് കാരണമെന്നും ഇതിനെതിരെയാണ് തൻെറ നാമജപം എന്നുമാണ് രതീഷ് ശാന്തി പറയുന്നത്. ക്ഷേത്രത്തിലെ ശക്തൻവേലൻ ഉപദേവാലയത്തിലെ പ്രധാന വഴിപാടാണ് മദ്യം. ദിവസവും നിരവധി ഭക്തർ ഇവിടെ മദ്യം വഴിപാടായി സമർപ്പിക്കുന്നു. ഈ മദ്യം ക്ഷേത്രകമ്മിറ്റിക്കാർ കഴിച്ചശേഷം ക്ഷേത്ര പരിസരത്തുതന്നെ കിടക്കുമെന്ന് രതീഷ് ശാന്തി പറയുന്നു. കമ്മിറ്റിയിൽ ഇതിനെതിരെ പരാതിപ്പെട്ടതിനാണ് തന്നെ കമ്മിറ്റിക്കാര്‍ ശാന്തിജോലിയിൽ പുറത്താക്കിയത്. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് കഴിഞ്ഞ 15ന് ഇയാളെ പുറത്താക്കിയതായി നോട്ടീസ് നൽകിയത്. വൈദികസംഘടനകളുടെയും നാട്ടുകാരുടെയും പിന്തുണയോടെ പ്രതിഷേധ നാമജപവും ഒപ്പം നിയമപരമായും നേരിടാനാണ് രതീഷ് ശാന്തിയുടെ തീരുമാനം. എന്നാല്‍, ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുടെ നിർദേശങ്ങള്‍ ഒന്നും നടപ്പാക്കാതെ സ്വയം കാര്യങ്ങള്‍ തീരുമാനിക്കുന്നതിനെതിരെ വളരെ മുേമ്പ ഇദ്ദേഹത്തെ താക്കീത് ചെയ്തിരുന്നതായി കമ്മിറ്റി ഭാരവാഹികൾ പറയുന്നു. ക്ഷേത്രത്തില്‍ വിശേഷാവസരങ്ങളില്‍ കൂടുതല്‍ ശാന്തിക്കാരെ ആവശ്യമുള്ളപ്പോള്‍ രതീഷ് ശാന്തി വഴിയാണ് ആളുകളെ എത്തിച്ചിരുന്നത്. മാറിപ്പോകുന്ന ശാന്തിക്കാര്‍ക്ക് പകരക്കാരെ എത്തിക്കുന്നതുമെല്ലാം ഇദ്ദേഹം ആയിരുന്നു. കഴിഞ്ഞ ഉത്സവകാലത്ത് കമ്മിറ്റി ഭാരവാഹികള്‍ നേരിട്ട് ശാന്തിക്കാരനെ നിയമിച്ചത് ഇഷ്ടപ്പെടാത്തതുമൂലമാണ് ഭാരവാഹികള്‍ക്കെതിരെ മോശം ആരോപണം ഉന്നയിക്കുന്നതെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
Loading...
COMMENTS