Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകുരുതിക്കളമായി എം.സി...

കുരുതിക്കളമായി എം.സി റോഡ്; ഭീതിയോടെ വാഹനയാത്രക്കാർ

text_fields
bookmark_border
പന്തളം: എം.സി റോഡിൽ പറന്തൽ മുതൽ മുളക്കഴ വരെ ഒരു മാസത്തിനിടെ ഉണ്ടായത് അഞ്ചോളം അപകടമരണങ്ങൾ. ചെറുതും വലുതുമായ മറ്റപകടങ്ങൾ വേറെയും. വ്യാഴാഴ്ച രാവിലെ അധ്യാപക പരിശീലനത്തിനായി തോന്നല്ലൂർ യു.പി.എസ് സ്കൂളിലേക്ക് പിതാവിനോടൊപ്പം പോയ കുരമ്പാല വള്ളപ്പുരയിൽ ദിലീപിൻെറ ഭാര്യ ശ്രീദേവിയുടെ (35) ദാരുണ അന്ത്യമാണ് അവസാനത്തേത്. ബുധനാഴ്ച ഇടയാടി ജങ്ഷനും പുത്തൻകാവിൽ ക്ഷേത്രജങ്ഷനുമിടയിൽ രണ്ട് കാറുകൾ കൂട്ടിയിടിച്ച് ഇരുവാഹനങ്ങളിലെയും യാത്രക്കാർ പരിക്കുകളോടെ ചികിത്സയിലാണ്. എം.സി റോഡിൽ പറന്തൽ മുതൽ മാന്തുക വരെ അതീവ സുരക്ഷ മേഖലയിൽ ഉൾപ്പെടുത്തുമെന്ന പ്രഖ്യാപനവും പാഴ്വാക്കായി. എം.സി റോഡിലൂടെ വാഹനങ്ങൾ തോന്നുംപടിയാണ് പായുന്നത്. വാഹനനിയന്ത്രണത്തിന് ഒരു സംവിധാനവും ഈ മേഖലയിൽ ഇല്ല. നഗരസഭ രൂപവത്കൃതമായി മൂന്നരവർഷം പിന്നിടുമ്പോഴും നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച ഗതാഗതപരിഷ്കരണവും ജലരേഖയായി. നഗരത്തിലെ സൂചന ഫലകങ്ങൾ പുതിയതു സ്ഥാപിക്കുന്നതടക്കം നിരവധി പരിഷ്കാരങ്ങൾക്കാണ് ഗതാഗത ഉപദേശകസമിതി പലതവണയായി തീരുമാനമെടുത്തത്. കഴിഞ്ഞ തീർഥാടനകാലം ആരംഭിക്കുന്നതിനു മുമ്പുചേർന്ന തീരുമാനവും നടപ്പാക്കാനായില്ല. തീർഥാടനകാലം കഴിഞ്ഞ ഉടൻ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഏറെ കൊട്ടിഘോഷിച്ച് യോഗം ചേരുകയും തീരുമാനങ്ങൾ പ്രഖ്യാപിക്കുകയും ചെയ്യുമ്പോഴും അതും നടപ്പായില്ല. നഗരത്തിൽ വിവിധ ഭാഗങ്ങളിലായി പൊലീസിൻെറ സഹായത്തോടെ കുറച്ചു കോണുകൾ ഇറക്കിവെച്ചതൊഴിച്ചാൽ യാതൊന്നും നടന്നില്ല. അന്നത്തെ ഡിവൈ.എസ്.പി, നഗരസഭ അധ്യക്ഷ എന്നിവരുടെ നേതൃത്വത്തിൽ നടപ്പാക്കേണ്ട പരിഷ്കാരങ്ങൾ നഗരകേന്ദ്രത്തിലെത്തി പ്രഖ്യാപിച്ചെങ്കിലും പിന്നീട് എല്ലാം പഴയതുപോലെ എന്നതാണ് സ്ഥിതി. നഗരകേന്ദ്രത്തിലെ സിഗ്നലിൽ മണിക്കൂറുകൾ നീണ്ട കുരുക്കാണ് അനുഭവപ്പെടുന്നത്. എം.സി റോഡിൽ വാഹനങ്ങൾ അലക്ഷ്യമായി തിരിക്കുന്നത് പലപ്പോഴും അപകടത്തിന് കാരണമാകുന്നു. മാന്തുക മുതൽ പറന്തൽ വരെ റോഡിൽ സ്ഥിഥിരമായി ഡിവൈഡറുകൾ സ്ഥാപിച്ചാൽ അലക്ഷ്യമായി വാഹനങ്ങൾ തിരിക്കുന്നതും ഇതുവഴി ഉണ്ടാകുന്ന ഗതാഗതക്കുരുക്കും ഒഴിവാക്കാനാകുമെന്ന് നിർദേശം ഉയരുന്നുണ്ട്. അനധികൃത പാർക്കിങ്ങാണ് നഗരം നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി. അലക്ഷ്യമായ വാഹന പാർക്കിങ്ങാണ് നടക്കുന്നത്. ഇതോടൊപ്പം നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളിൽ ചരക്കുമായെത്തുന്ന വാഹനങ്ങളും തിരക്കേറിയ സമയത്ത് റോഡിൽ വാഹനം പാർക്കുചെയ്ത് ലോഡിറക്കുന്നതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. നഗരത്തിലെ ഫുട്പാത്തുകളിലുള്ള അനധികൃത വ്യാപാരം ഒഴിവാക്കി കാൽനടക്കാർക്ക് സുഗമമായ യാത്രാസൗകര്യം ഒരുക്കുമെന്ന തീരുമാനവും കടലാസിൽ തന്നെ. സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സിയും നഗരത്തിൽ തോന്നുംപോലെയാണ് നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത്. ഇത് പലപ്പോഴും നഗരത്തിലെ ഗതാഗതക്കുരുക്കിന് കാരണമാകുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story