Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവിദ്യാര്‍ഥികള്‍ക്ക്...

വിദ്യാര്‍ഥികള്‍ക്ക് ആവേശംപകര്‍ന്ന് കലക്​ടറുടെ ഡാന്‍സ്; പിന്നെ കൂട്ടയോട്ടം

text_fields
bookmark_border
പത്തനംതിട്ട: ജിമിക്കി കമ്മല്‍ ഗാനത്തിൻെറ താളത്തില്‍ തകര്‍പ്പന്‍ ഡാന്‍സുമായി പൊലീസ് നിരീക്ഷക സൊണാല്‍ ചന്ദ്രയും കലക്ടര്‍ പി.ബി. നൂഹും യുവത്വത്തിനൊപ്പം ചുവടുെവച്ചു. ജില്ല പൊലീസ് മേധാവി ജി. ജയദേവും തിരുവല്ല സബ് കലക്ടര്‍ ഡോ. വിനയ് ഗോയലും താളച്ചുവടുകളുമായി കൂടിയതോടെ തിരുവല്ല മുനിസിപ്പല്‍ സ്റ്റേഡിയത്തിലൊരുങ്ങിയത് ഗംഭീര നൃത്തവിരുന്ന്. സ്വീപ് വോട്ടര്‍ ബോധവത്കരണ പരിപാടിയുടെ പ്രചാരണത്തിൻെറ ഭാഗമായി സംഘടിപ്പിച്ച കൂട്ടയോട്ടത്തിനു മുന്നോടിയായാണ് സാമ്പാ നൃത്തം അരങ്ങേറിയത്. ഒരു വോട്ടും ഒഴിവാക്കപ്പെടരുത് എന്ന സന്ദേശം ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് തിരുവല്ലയില്‍ സ്വീപ്പിൻെറ ഭാഗമായി കൂട്ടയോട്ടം സംഘടിപ്പിച്ചത്. പൊലീസ് നിരീക്ഷക സൊണാല്‍ ചന്ദ്ര കൂട്ടയോട്ടം ഫ്ലാഗ്ഓഫ് ചെയ്തു. തിരുവല്ല മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍നിന്ന് ആരംഭിച്ച കൂട്ടയോട്ടം നഗരംചുറ്റി സ്റ്റേഡിയത്തില്‍ തന്നെ അവസാനിച്ചു. 2.8 കിലോമീറ്റര്‍ ദൂരമാണ് കൂട്ടയോട്ടത്തിനുണ്ടായിരുന്നത്. വോട്ടര്‍ ബോധവത്കരണത്തിൻെറ ഭാഗമായി കോളജ് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഫ്ലാഷ് മോബ് ഏറെ ആകര്‍ഷകമായി. പൊലീസ് നിരീക്ഷകക്കും കലക്ടര്‍ക്കും ജില്ല പൊലീസ് മേധാവിക്കും തിരുവല്ല സബ് കലക്ടര്‍ ഡോ. വിനയ് ഗോയല്‍ സ്വീപ് ജഴ്‌സി നല്‍കി ആദരിച്ചു. പൊലീസ് നിരീക്ഷകയും കലക്ടറും ചേര്‍ന്ന് കൂട്ടയോട്ടത്തിനെത്തിയ വിദ്യാര്‍ഥികള്‍ക്ക് ജഴ്‌സി നല്‍കി. സ്വീപ് പ്രചാരണത്തിൻെറ ഭാഗമായി ജില്ലയില്‍ നടത്തിയ ഹാഷ്ടാഗ് മത്സരത്തില്‍ വിജയിയായ ആര്‍ദ്ര ജി.കുമാറിന് പൊലീസ് നിരീക്ഷക സമ്മാനം വിതരണം ചെയ്തു. സ്വീപ് നോഡല്‍ ഓഫിറും എ.ഡി.സിയുമായ കെ.കെ. വിമല്‍രാജ്, തിരുവല്ല ഡെപ്യൂട്ടി തഹസില്‍ദാര്‍ ബിനു ഗോപാലകൃഷ്ണന്‍, നിധിന്‍ ആര്‍.നായര്‍, എന്‍.സി.സി കാഡറ്റുകള്‍, എസ്.പി.സി കാഡറ്റുകള്‍, പൊലീസ് സേന, എന്‍.എസ്.എസ് വളൻറിയേഴ്സ്, സ്പോര്‍ട്സ് കൗണ്‍സില്‍ താരങ്ങള്‍, വൈ.എം.സി.എ അംഗങ്ങള്‍, സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ കൂട്ടയോട്ടത്തില്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story