രാഹുല്‍ ഗാന്ധി 16ന്​ പത്തനംതിട്ടയിൽ

05:02 AM
08/04/2019
പത്തനംതിട്ട: യു.ഡി.എഫ് സ്ഥാനാർഥി ആേൻറാ ആൻറണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം 16ന് രാവിലെ 10ന് ജില്ല സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തില്‍ ഒരുലക്ഷം പേരെ പങ്കെടുപ്പിക്കുന്നതിന് രാജീവ് ഭവനില്‍ ചേര്‍ന്ന യു.ഡി.എഫ് പാര്‍ലമൻെറ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം തീരുമാനിച്ചു. രാഹുല്‍ ഗാന്ധിയുടെ പത്തനംതിട്ടയിലെ പൊതുയോഗം ചരിത്രസംഭവം ആക്കുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം പ്രഫ. പി.ജെ. കുര്യന്‍ പറഞ്ഞു. ജില്ല സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തില്‍ പത്തനംതിട്ട പാര്‍ലമൻെറ് മണ്ഡലത്തിലെ ഓരോ ബൂത്തില്‍നിന്നും കുറഞ്ഞത് 1000 യു.ഡി.എഫ് പ്രവര്‍ത്തകരെ പങ്കെടുപ്പിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ബാബു ജോര്‍ജ് അറിയിച്ചു. സ്ഥാനാർഥി പര്യടനങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന വന്‍ ജനപങ്കാളിത്തം യു.ഡി.എഫ് സ്ഥാനാർഥിയുടെ മികച്ച ഭൂരിപക്ഷത്തോടെയുള്ള വിജയത്തിന് മുന്നോടിയാണെന്ന് യോഗം വിലയിരുത്തി. സ്ഥാനാർഥിയുടെ അഭ്യർഥനയുമായി ബൂത്തുതലത്തില്‍ നടത്തിയ ഭവനസന്ദര്‍ശനം വന്‍ വിജയമായതായി ഘടകകക്ഷി നേതാക്കള്‍ അഭിപ്രായപ്പെട്ടു. ഏപ്രില്‍ ഒമ്പത്, 10, 11, 12 തീയതികളില്‍ രണ്ടാം ഘട്ടവും 17, 18, 19 തീയതികളില്‍ മൂന്നാം ഘട്ടവുമായി ഭവനസന്ദര്‍ശനം നടത്തുന്നതിന് യോഗം തീരുമാനിച്ചു. 20, 21 തീയതികളില്‍ അവസാനഘട്ട ഭവന സന്ദര്‍ശന പരിപാടി നടത്തും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആൻറണി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളും ഘടകകക്ഷി നേതാക്കളും പങ്കെടുക്കുന്നു. പൊതുസമ്മേളനങ്ങളും സംസ്ഥാന യു.ഡി.എഫ് നേതാക്കള്‍ പങ്കെടുക്കുന്ന കുടുംബസംഗമങ്ങളും മണ്ഡലത്തിലുടനീളം സംഘടിപ്പിക്കുന്നതിന് യോഗം തീരുമാനിച്ചു.
Loading...