പി.ജെ. ജോസഫ്​ നിലപാട്​ വ്യക്തമാക്ക​െട്ട, അപ്പോൾ നോക്കാം -എ. വിജയരാഘവൻ

05:02 AM
13/03/2019
പത്തനംതിട്ട: എൽ.ഡി.എഫ് വിപുലീകരിച്ചതേയുള്ളൂവെന്നും പി.ജെ. ജോസഫ് നിലപാട് വ്യക്തമാക്കിയാൽ അപ്പോൾ നോക്കാമെന്നും എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ. പത്തനംതിട്ട പ്രസ്ക്ലബ് സംഘടിപ്പിച്ച 'ജനവിധി 2019' സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ പ്രതിസന്ധിയിലാണ് യു.ഡി.എഫും ബി.ജെ.പിയും. യു.ഡി.എഫിന് വലിയ തോൽവി ഉണ്ടാകാൻ പോകുന്ന തെരഞ്ഞെടുപ്പാണിത്. അവസരവാദ രാഷ്ട്രീയമാണ് അവർ കളിക്കുന്നത്. ശുദ്ധമായ രാഷ്ട്രീയ അജണ്ട അവർക്കില്ല. ബി.ജെ.പിയുടെ നിലപാടിന് ഒപ്പമാണ് അവർ. ശബരിമല വിഷയത്തിൽ ബി.ജെ.പി സ്വീകരിച്ച തീവ്ര ഹിന്ദുത്വ നിലപാടിനോട് യു.ഡി.എഫ് സഹകരിക്കുകയായിരുന്നു. ബി.ജെ.പി കേരളത്തിൽ ഒരു സീറ്റിലും വിജയിക്കില്ല. കുമ്മനത്തിന് ഉണ്ടായിരുന്ന തൊഴിലും നഷ്ടപ്പെട്ടു എന്നു മാത്രം. യു.ഡി.എഫിന് മികച്ച സ്ഥാനാർഥികളെ കിട്ടാൻ പ്രയാസമാണ്. വീണാ ജോർജ് ഉമ്മൻ ചാണ്ടിയേക്കാളും മുകളിൽ നിൽക്കുന്ന സ്ഥാനാർഥിയാണ്. എം.എൽ.എമാർ വിജയിക്കുന്നതോടെ ഉപതെരഞ്ഞെടുപ്പ് വന്നാൽ അതി​െൻറ സാമ്പത്തിക ഭാരം വലുതായി കാണുന്നില്ല. വലിയ ദുരന്തമാണ് കേന്ദ്രത്തിൽനിന്ന് ഒഴിയാൻ പോകുന്നതെന്ന് ഒാർക്കുേമ്പാൾ ഇത് അത്ര വലിയ ഭാരമല്ലെന്നും അദ്ദേഹം പറഞ്ഞു. സി.പി.െഎ-സി.പി.എം എന്ന നിലയിലല്ല ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ 20 സ്ഥാനാർഥികളായാണ് സംസ്ഥാനത്ത് മത്സരിക്കുന്നത്. കൂടുതൽ തീവ്രമായ ഹിന്ദുത്വ ചിഹ്നങ്ങളെ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കാനാണ് മോദി ശ്രമിക്കുന്നത്. കർട്ടന് മറവിൽനിന്ന് സംഘ്പരിവാറാണ് ഭരണം നിയന്ത്രിച്ചത്. ഇത് രാജ്യത്ത് വലിയ ദോഷമുണ്ടാക്കി. മതേതര സർക്കാർ കേന്ദ്രത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. മഹാപ്രളയത്തിനിടയിലും സംസ്ഥാനത്ത് വികസന കാര്യത്തിൽ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞതായും വിജയരാഘവൻ ചൂണ്ടിക്കാട്ടി. പി.വി. അൻവറിനേക്കാൾ വലിയ ആരോപണം നേരിടുന്ന ആളാണ് പൊന്നാനിയിലെ യു.ഡി.എഫ് സ്ഥാനാർഥി എന്നും അദ്ദേഹം പറഞ്ഞു.
Loading...
COMMENTS