Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനവോത്ഥാന...

നവോത്ഥാന പോരാട്ടങ്ങളിലൂടെ നേടിയ അവകാശങ്ങള്‍ അടിയറവെക്കരുത് -മന്ത്രി മാത്യു ടി. തോമസ്

text_fields
bookmark_border
അടൂർ: അനാചാരങ്ങള്‍ക്കെതിരെ നവോത്ഥാന പോരാട്ടങ്ങളിലൂടെ കേരളജനത നേടിയെടുത്ത അവകാശങ്ങള്‍ ആരുടെ മുന്നിലും അടിയറവെക്കരുതെന്ന് മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. ക്ഷേത്രപ്രവേശന വിളംബരത്തി​െൻറ 82ാമത് വാര്‍ഷികാഘോഷങ്ങളുടെ ജില്ലതല ഉദ്ഘാടനം അടൂര്‍ എസ്.എൻ.ഡി.പി യൂനിയന്‍ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സാമൂഹികജീവിതത്തിൽ നിര്‍ണായകമായ വഴിത്തിരിവുകൾ ഉണ്ടാക്കിയ നിരവധി ചരിത്രസംഭവങ്ങളുണ്ട്. അത്തരത്തിലൊന്നായിരുന്നു ക്ഷേത്രപ്രവേശന വിളംബരം. അനാചാരങ്ങൾക്കെതിരെ ശബ്ദമുയര്‍ത്തി രക്തസാക്ഷിയായ ആളായിരുന്നു ആറാട്ടാപുഴ വേലായുധപണിക്കർ. സവര്‍ണ സ്ത്രീകള്‍ ധരിച്ചിരുന്ന അച്ചിപ്പുടവ ധരിക്കാന്‍ അവകാശമില്ലാതിരുന്ന വിഭാഗങ്ങളെ അത് ധരിപ്പിച്ച് പരസ്യമായി അനാചാരത്തിനെതിരെ വെല്ലുവിളി ഉയര്‍ത്തിയ അദ്ദേഹത്തെ അക്കാലത്തെ പ്രമാണിമാര്‍ കൊലപ്പെടുത്തുകയാണുണ്ടായത്. സവര്‍ണര്‍ക്ക് മാത്രം പ്രവേശനമുണ്ടായിരുന്ന ക്ഷേത്രങ്ങളില്‍ അവര്‍ണരെ പ്രവേശിപ്പിക്കണമെന്ന് പറഞ്ഞ ഉള്ളൂര്‍ എസ്. പരമേശ്വര അയ്യര്‍ക്ക് സമുദായം ഭ്രഷ്ട് കൽപിച്ചു. നമ്പൂതിരിമാര്‍ക്ക് നായര്‍ സ്ത്രീകളിലുണ്ടാകുന്ന കുട്ടികള്‍ക്ക് അച്ഛനെ കാണാന്‍ അനുവാദമുണ്ടായിരുന്നില്ല. ഇത്തരത്തില്‍ നിരവധി അനാചാരങ്ങള്‍ നിലനിന്നിരുന്ന സമൂഹത്തില്‍ മാറ്റത്തി​െൻറ കാറ്റുവീശിയത് നവോത്ഥാന പ്രസ്ഥാനങ്ങളാണ്. ലിംഗത്തി​െൻറയോ ജാതിയുടെയോ അടിസ്ഥാനത്തില്‍ ആരാധനസ്വാതന്ത്ര്യം നിഷേധിക്കുന്നത് നവോത്ഥാന മൂല്യങ്ങള്‍ക്ക് എതിരാണ്. നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന വിധിയാണ് അടുത്തകാലത്ത് സുപ്രീംകോടതിയില്‍നിന്ന് ഉണ്ടായതെന്നും മന്ത്രി പറഞ്ഞു. ചിറ്റയം ഗോപകുമാര്‍ എം.എൽ.എ അധ്യക്ഷത വഹിച്ചു. കവി ഏഴാച്ചേരി രാമചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. അയിത്തോച്ചാടനവും ക്ഷേത്രപ്രവേശന വിളംബരവുമായി ബന്ധപ്പെട്ട സമവായ ചര്‍ച്ചകള്‍ക്കായി എത്തിയ മഹാത്മാഗാന്ധിയെ അകത്ത്് പ്രവേശിപ്പിക്കാത്ത ഇണ്ടംതുരുത്തിമന ഇപ്പോള്‍ ചെത്തുതൊഴിലാളി ഓഫിസാണെന്ന് ഏഴാച്ചേരി പറഞ്ഞു. അനാചാരങ്ങള്‍ക്കെതിരെയുള്ള പോരാട്ടങ്ങള്‍ക്കെതിരെ എക്കാലത്തും ആള്‍ക്കൂട്ടങ്ങള്‍ നിരത്തുകളില്‍ ഇറങ്ങിയിട്ടുണ്ട്. ഇത്തരം ആള്‍ക്കൂട്ടങ്ങളെ പേടിച്ച് നവോത്ഥാന ആശയങ്ങളില്‍നിന്ന് പിന്നോട്ടുപോകുന്നത് ചരിത്രത്തെ പിന്നോട്ടടിക്കലാകുമെന്ന് അദ്ദേഹം പറഞ്ഞു. എ.ഡി.എം പി.ടി. എബ്രഹാം, കെ. അനന്തഗോപൻ, കെ.സി. രാജഗോപാലൻ, എ.പി. ജയൻ, ബി. സതികുമാരി, ജി. പ്രസന്നകുമാരി, കുഞ്ഞന്നാമ്മ കുഞ്ഞ്, എ.പി. സന്തോഷ്, സി. മണിലാൽ, പി.ആര്‍. സാബു, കെ.പി. ഉദയഭാനു, ഡി. സജി, അടൂര്‍ നരേന്ദ്രൻ, എൻ. വിശ്രുതന്‍ ആചാരി എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story