Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവനിതാ ഉദ്യോഗസ്ഥരെ...

വനിതാ ഉദ്യോഗസ്ഥരെ അപകീര്‍ത്തിപ്പെടുത്തിയാൽ കര്‍ശന നടപടി -വനിതാ കമീഷന്‍

text_fields
bookmark_border
തിരുവല്ല: സര്‍ക്കാര്‍ ഓഫിസുകളുള്‍പ്പെടെ വിവിധ തൊഴില്‍ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന വനിതാ ജീവനക്കാരെ അപകീര്‍ത്തിപ്പെടുത്തുകയും അപമാനകരമായ ആരോപണങ്ങള്‍ ഉന്നയിച്ച് മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വനിതാ കമീഷന്‍ അംഗം ഡോ. ഷാഹിദ കമാല്‍. തിരുവല്ല വൈ.എം.സി.എ ഹാളില്‍ നടന്ന വനിതാ കമീഷന്‍ മെഗാ അദാലത്തില്‍ പരാതികള്‍ പരിഗണിക്കുകയായിരുന്നു കമീഷൻ അംഗം. സ്ത്രീകള്‍ക്ക് നിര്‍ഭയമായും സുരക്ഷിതമായും ജോലിചെയ്യുന്നതിനുള്ള സാഹചര്യമൊരുക്കേണ്ടത് വകുപ്പ് മേധാവിയുടെ ഉത്തരവാദിത്തമാണ്. ഇതിനായി സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമുള്ള ആഭ്യന്തര പരാതി പരിഹാര സെല്‍ എല്ലാ സ്ഥാപനങ്ങളിലും അടിയന്തരമായി രൂപവത്കരിക്കണം. മിക്ക സ്ഥാപനങ്ങളിലും ഇതുവരെ ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപവത്കരിച്ചിട്ടില്ലായെന്നത് വളരെ ഖേദകരമാണെന്നും കമീഷൻ അംഗം പറഞ്ഞു. ആകെ 90 പരാതികളാണ് പരിഗണനക്കെത്തിയത്. ഇതില്‍ 22 പരാതികള്‍ തീര്‍പ്പാക്കി. 14 എണ്ണം പൊലീസ് ഉള്‍പ്പെടെ വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ടിനായി കൈമാറി. ആറ് പരാതികള്‍ ആർ.ഡി.ഒയുടെ റിപ്പോര്‍ട്ടിനായും കൈമാറി. 44 പരാതികള്‍ അടുത്ത അദാലത്തില്‍ തുടര്‍ പരിഗണന നടത്തും. വനിതാ കമീഷന്‍ ഡയറക്ടര്‍ വി.യു. കുര്യാക്കോസ്, ഇന്‍സ്‌പെക്ടര്‍ എസ്. സുരേഷ്‌കുമാര്‍, ലീഗല്‍ പാനല്‍ ഉദ്യോഗസ്ഥരായ അഡ്വ. എസ്. സീമ, എസ്. സബീന, കെ.ജെ. സിനി, വനിതാ സെല്‍ ഉദ്യോഗസ്ഥ എസ്. സ്മിത, കൗണ്‍സിലര്‍മാരായ രമ്യ കെ.പിള്ള, അഞ്ജു തോമസ് തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story