പ്രളയദുരിതം: അർഹരായ എല്ലാവർക്കും സഹായം ലഭിക്കും -കലക്​ടർ

06:33 AM
12/09/2018
പന്തളം: പ്രളയദുരിതം നേരിടുന്ന അർഹരായ എല്ലാവർക്കും സർക്കാർ നൽകുന്ന ദുരിതാശ്വാസ സഹായം ലഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് കലക്ടർ പി.ബി. നൂഹ് പറഞ്ഞു. പന്തളത്തെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനിടെ നാട്ടുകാരുടെ പരാതികൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ക്യാമ്പുകളിലും അവിടെയെത്താൻ കഴിയാതെ ഒറ്റപ്പെട്ട സ്ഥലങ്ങളിലും ദുരിതമനുഭവിച്ചവർക്കും സഹായം ഉറപ്പുവരുത്തും. ഞായറാഴ്ച ഒമ്പതുമുതൽ 12 വരെ കലക്ടറും സംഘവും പ്രളയബാധിത പ്രദേശങ്ങളായ മുട്ടാർ, കുരീക്കാവ്, ചേരിക്കൽ, പുതുവന, ഐരാണിക്കുടി, പറന്തൽ, വല്ലാറ്റൂർ എന്നിവിടങ്ങൾ സന്ദർശിച്ചു. മങ്ങാരം കുരീക്കാവിൽ സോമരാജ​െൻറ വീട്ടിൽ കലക്ടർ കിണറ്റിൽനിന്ന് സ്വയം വെള്ളം കോരി പരിശോധിച്ചു. വെള്ളത്തിൽ മുങ്ങിയ കിണറുകൾ ആഴ്ചയിൽ രണ്ടുവട്ടം വീതം എട്ട് ആഴ്ച തുടർച്ചയായി ക്ലോറിനേഷൻ നടത്തി ശുചീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മൂന്നു ദിവസം തുടർച്ചയായി വെള്ളം കെട്ടിനിന്ന വീടുകൾക്കാണ് ധനസഹായം ലഭ്യമാക്കുക. ഐരാണിക്കുടി പാലത്തിലെ ഷട്ടർ സന്ദർശിച്ച കലക്ടർ ചെങ്ങന്നൂർ ചെറുകിട ജലസേചന വകുപ്പ് അധികാരികളോട് ഷട്ടറി​െൻറ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ നിർദേശിച്ചു. പന്തളം പി.എച്ച് സ​െൻററിൽ മരുന്നിനും ചികിത്സക്കും അമിതചാർജ് ഈടാക്കുന്നതായി ലഭിച്ച പരാതിയിൽ അടിയന്തര നടപടിയെടുക്കാൻ ഡി.എം.ഒയോട് ഫോണിൽ നിർദേശിച്ചു. കലക്ടർക്കൊപ്പം ആർ.ഡി.ഒ എം.എ. റഹീം, തഹസിൽദാർ കെ. ഓമനക്കുട്ടൻ, എൻ.വി. സന്തോഷ്കുമാർ, ഷാലികുമാർ, പി.എം. മുംതാസ്, സുരേഷ്കുമാർ, വില്ലേജ് ഓഫിസർമാരായ എ.എൻ. അനിൽകുമാർ, ജെ. സിജു, അൻവർഷാ എന്നിവരും ഉണ്ടായിരുന്നു. പട്ടിക പുതുക്കി; അടിയന്തര സഹായത്തിന് പന്തളത്ത് അർഹർ 2,840 പേർ പന്തളം: പട്ടികയിലെ അപാകത ചൂണ്ടിക്കാട്ടി ചൊവ്വാഴ്ച സി.പി.എം നേതൃത്വത്തിൽ പന്തളം, കുരമ്പാല വില്ലേജ് ഒാഫിസുകളിലേക്ക് മാർച്ച് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ തിങ്കളാഴ്ച കൂടുതൽ പേരെ ഉൾപ്പെടുത്തി റവന്യൂവിഭാഗം പട്ടിക പുറത്തിറക്കി. 2,840 പേരാണ് ഇപ്പോഴത്തെ ലിസ്റ്റിലുള്ളത്് . റവന്യൂവിഭാഗം തിങ്കളാഴ്ച പ്രസിദ്ധീകരിച്ച അന്തിമ ലിസ്റ്റിലാണ് ഇത്രയും പേർ ഉൾപ്പെട്ടത്. പന്തളം വില്ലേജ് പരിധിയിൽ 2225 പേരും കുരമ്പാല വില്ലേജിൽ 625 പേരുമാണ് അർഹരായുള്ളത്. 10,000 രൂപ വീതം അടിയന്തരസഹായമാണ് ഈ പട്ടികയിൽ ഉൾപ്പെട്ടവർക്ക് ലഭിക്കുക. റവന്യൂവിഭാഗം ആദ്യഘട്ടം പ്രസിദ്ധീകരിച്ച ലിസ്റ്റിൽ ന്യൂനതകൾ ഉണ്ടായിരുന്നതായി പരക്കെ ആക്ഷേപമുണ്ടായിരുന്നു. പന്തളം വില്ലേജിൽ പ്രസിദ്ധീകരിച്ച ആദ്യപട്ടികയിൽ 1100 പേർ മാത്രമാണുണ്ടായിരുന്നത്. പ്രസിദ്ധീകരിച്ചിരുന്ന പട്ടികയിൽ ഗുണഭോക്താവി​െൻറ വീട്ടുപേരോ മറ്റ് തിരിച്ചറിയൽ മാർഗങ്ങളോ ഉണ്ടായിരുന്നില്ല. പേരും ബാങ്ക് അക്കൗണ്ട് നമ്പറും മാത്രമാണ് പ്രസിദ്ധീകരിച്ചിരുന്നത്. ന്യൂനതകൾ പരിഹരിച്ച് മേൽവിലാസമുൾെപ്പടെ ചേർത്ത പട്ടികയാണ് പുതുതായി പ്രസിദ്ധീകരിച്ചത്. പട്ടിക അക്ഷരമാല ക്രമത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നതിനാൽ വേഗത്തിൽ ഗുണഭോക്താക്കളെ കണ്ടെത്താനാകുമെന്ന് റവന്യൂ അധികൃതർ പറഞ്ഞു. പന്തളം നഗരസഭ, കുരമ്പാല, പന്തളം വില്ലേജ് ഒാഫിസുകൾ എന്നിവിടങ്ങളിൽ അന്തിമ ലിസ്റ്റ് പരിശോധനക്ക് ലഭിക്കും. ദുരിതാശ്വാസ കിറ്റ് പന്തളം: പ്രളയബാധിതരായ മങ്ങാരം പ്രദേശവാസികൾക്ക് മങ്ങാരം ചൈതന്യ െറസിഡൻറ്സ് അസോസിയേഷ​െൻറ നേതൃത്വത്തിൽ ദുരിതാശ്വാസ കിറ്റ് വിതരണം ചെയ്തു. രക്ഷാധികാരി കെ.എച്ച്. ഷിജു, പ്രസിഡൻറ് എം. വിശ്വനാഥൻ, സെക്രട്ടറി പി.കെ. ഗോപി, ജോയൻറ് സെക്രട്ടറി എസ്.എം. സുലൈമാൻ എന്നിവർ നേതൃത്വം നൽകി. വൈദ്യുതി മുടങ്ങും ചിറ്റാർ: സീതത്തോട് കക്കാട് സബ്സ്റ്റേഷനിൽ വാർഷിക അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ബുധനാഴ്ച രാവിലെ എട്ട് മുതൽ വൈകീട്ട് മൂന്നുവരെ സബ്സ്റ്റേഷൻ പരിധിയിലെ ചിറ്റാർ, സീതത്തോട്, മൂഴിയാർ, അള്ളുങ്കൽ, വയ്യാറ്റുപുഴ എന്നിവിടങ്ങളിൽ പൂർണമായോ ഭാഗികമായോ വൈദ്യുതി തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു.
Loading...
COMMENTS